print edition ക്ഷേമപെന്‍ഷന്‍ ഇല്ലാതാക്കൽ: 20ന് പ്രതിഷേധസമരം

തിരുവനന്തപുരം : ക്ഷേമ പെൻഷനുകൾ ഇല്ലാതാക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് സിപിഐ എം നേതൃത്വം നൽകുമെന്ന് എം വി ഗോവന്ദന്‍ പറഞ്ഞു. 20ന് സംസ്ഥാനത്ത് ലോക്കൽ കേന്ദ്രങ്ങളിൽ പ്രതിഷേധസമരം സംഘടിപ്പിക്കും. ക്ഷേമപെന്‍ഷന്‍ അർഹതയുള്ള ജനങ്ങളുടെ അവകാശമാണ്. ഇത് നിഷേധിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സഹകരണ ബാങ്കുകളെ പെൻഷൻ വിതരണത്തിൽനിന്ന് ഒഴിവാക്കുന്നത്.
പ്രളയംപോലുള്ള ദുരന്തങ്ങൾ നേരിടാൻ സർക്കാർ ഉണർന്ന് പ്രവർത്തിക്കണം. ഭാവിയിലെ ദുരന്തങ്ങൾ നേരിടാൻ അടിയന്തര മുന്നൊരുക്കങ്ങൾ നടത്തണം. ഓഖി ദുരന്തശേഷം, കടലിൽ പോയവരുമായി ആശയവിനിമയം നടത്താൻ എൽഡിഎഫ് സർക്കാർ സാറ്റ്‌ലൈറ്റ് ഫോൺ നൽകിയിരുന്നു. ഐഎസ്‌ആർഒയുമായി ചേർന്നായിരുന്നു ഇൗ സംവിധാനം ഏർപ്പെടുത്തിയത്. സർക്കാർ മാറിയതോടെ സാറ്റ്‌ലൈറ്റ് ഫോൺ റീചാർജ് ചെയ്യാതെയായി. ഇത് പുനഃസ്ഥാപിക്കണം.
രക്ഷാപ്രവർത്തനത്തിനായി എൽഡിഎഫ് സർക്കാർ പരിശീലനം നൽകി നിയമിച്ച 200 യുവാക്കളുടെ സന്നദ്ധസേനയെ പിരിച്ചുവിട്ടത് പിൻവലിക്കണം. ഇൗ മഴക്കെടുതിയെ നേരിടാൻ ചരിത്രത്തിലില്ലാത്തവിധം സർക്കാർ ഉണർന്നുപ്രവർത്തിച്ചെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന ശുദ്ധ കളവാണ്. 12 ദിവസമായിട്ടും മൂന്നുപേരെ കണ്ടെത്താനായിട്ടില്ല. ദുരന്തമുണ്ടായാലുള്ള ആദ്യ മണിക്കൂറുകൾ ഗോൾഡൻ അവേർസ് ആണെന്ന് പറഞ്ഞത് നീണ്ടകരയിൽ കാണാതായ ഗൗതം കൃഷ്‌ണയുടെ അമ്മയാണ്. ആ അവസരം സർക്കാർ വിനിയോഗിച്ചില്ല. അവർ പ്രതിഷേധിച്ചപ്പോൾ മാത്രമാണ് നാലാം ദിവസം തിരച്ചിൽ ഉൗർജിതമാക്കിയത്. കണ്ണൂരിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ കടബാധ്യത ഏറ്റെടുക്കുകയും കുടുംബത്തെ സംരക്ഷിക്കാൻ ഭാര്യയ്‌ക്ക് ജോലിനൽകുകയും വേണമെന്ന് എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.










0 comments