തൊഴിലുറപ്പ് ഇല്ലാതാകുന്ന കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധമുയരണം: കെഎസ്കെടിയു

തിരുവനന്തപുരം: ദുർബ്ബല ജനവിഭാഗങ്ങൾക്ക് തൊഴിലും കൂലിയും ഉറപ്പുവരുത്തുന്ന തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിച്ച് കൊണ്ടുവന്ന വിബിജി ആർഎഎംജി പദ്ധതി നടപ്പാക്കുന്നതിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെഎസ്കെടിയു). ജൂലൈ ഒന്നുമുതൽ വിബിജി ആർഎഎംജി പദ്ധതി നടപ്പിലാക്കുമ്പോൾ കർഷക തൊഴിലാളികളടക്കമുള്ളവരുടെ ജീവിതം പ്രതിസന്ധിയിലാകും. എംഎൻആർഇജിഎ പദ്ധതിയിലെ പ്രതിവർഷ തൊഴിൽ ദിനങ്ങളുടെ എണ്ണം 200 ആയി വർദ്ധിപ്പിക്കാനും മിനിമം വേതനം 700 ആക്കി നിജപ്പെടുത്താനും കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും കെഎസ്കെടിയു സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പനും ജനറൽ സെക്രട്ടറി എൻ ചന്ദ്രനും പ്രസ്താവനയിൽ പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിയിൽ ചെയ്ത ജോലിയുടെ കൂലി നൽകാതെയാണ് പുതിയ പദ്ധതിയിലേക്ക് കേന്ദ്ര സർക്കാർ പോകുന്നത്. 2026 സാമ്പത്തിക വർഷത്തിൽ തുടങ്ങേണ്ട പദ്ധതി വൈകിപ്പിച്ച് ജൂലൈയിൽ തുടങ്ങുമ്പോൾ ആറു മാസം മാത്രമേ തൊഴിൽ നൽകേണ്ടതുള്ളൂ എന്ന ലാഭതന്ത്രമാണ് കേന്ദ്രസർക്കാരിനുള്ളത്. പദ്ധതിയെ അനിശ്ചതാവസ്ഥയിലേക്ക് തള്ളിവിടുക വഴി കോടി കണക്കിന് രൂപയാണ് കേന്ദ്ര സർക്കാർ വകമാറ്റിയത്. പദ്ധതി പ്രഖ്യാപിച്ചിട്ട് നാളേറെ കഴിഞ്ഞിട്ടും പദ്ധതി നടത്തിപ്പ് സംബന്ധിച്ച ചട്ടങ്ങൾ തയ്യാറാക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല. ഇപ്പോഴും സംസ്ഥാനങ്ങളുമായും കേന്ദ്ര ഭരണ പ്രദേശങ്ങളുമായും ആലോചിച്ച് കരട് ചട്ടം തയ്യാറാക്കാനുള്ള ശ്രമങ്ങൾ തുടരുന്നതേയുള്ളൂ. 2025 ഡിസംബറിൽ പാർലമെന്റ് കടത്തിയ നിയമത്തിന് ഇപ്പോഴും ചട്ടങ്ങൾ ഉണ്ടാവാത്തത് കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാടിന്റെ മകുടോദാഹരണമാണെന്ന് ഭാരവാഹികൾ പറഞ്ഞു.
വിതയുടേയും കൊയ്ത്തിന്റേയും സമയത്ത് വർഷത്തിൽ 60 ദിവസം വരെ പദ്ധതികൾ നിർത്തിവെയ്ക്കാനുള്ള അധികാരമുണ്ടെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. അപ്പോൾ കാർഷിക മേഖലയിൽ തൊഴിലാളികളുടെ ലഭ്യത കൂടുമെന്ന മുടന്തൻ ന്യായമാണ് സർക്കാർ മുന്നോട്ടുവെക്കുന്നത്. ഫലത്തിൽ പാവങ്ങൾക്ക് ആ സമയത്ത് തൊഴിലുറപ്പ് ജോലിയും കൂലിയും ലഭിക്കില്ല എന്നതാണ് യാഥാർത്ഥ്യം.
വിബിജി ആർഎഎംജി പദ്ധതിയുടെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കേണ്ടി വരുമ്പോൾ മിക്ക സംസ്ഥാനങ്ങളും പദ്ധതിയിൽ നിന്ന് പിന്നാക്കം പോകാനാണ് സാധ്യതയുള്ളത്. ആവശ്യാനുസരണം തൊഴിൽ നൽകുന്ന 'ഡിമാൻഡ് ഡ്രൈവൻ' രീതിയിൽ നിന്ന്, നേരത്തെ തീരുമാനിക്കുന്ന 'നോർമേറ്റീവ് അലോക്കേഷൻ' രീതിയിലേക്ക് പദ്ധതി മാറുമ്പോൾ, തൊഴിലാളികളുടെ തൊഴിലവകാശം കൂടുതൽ ദുർബ്ബലമാകുമെന്നത് ഉറപ്പാണ്. ഭരണഘടനാപരമായ തൊഴിലവകാശം നിഷേധിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നുവരണമെന്ന് കെഎസ്കെടിയു ഭാരവാഹികൾ ചൂണ്ടിക്കാട്ടി.










0 comments