ad
Deshabhimani

print edition 4 മാസമായി ശമ്പളമില്ല; പ്രോജക്ട്‌ അസിസ്‌റ്റന്റുമാർ പെരുവഴിയിൽ

SSK

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Aug 23, 2026, 01:30 AM | 1 min read

തിരുവനന്തപുരം: പഞ്ചായത്തുകളിൽ വിവിധ പദ്ധതികളുടെ ധനവിനിയോഗ കാര്യങ്ങൾ നിരീക്ഷിക്കാൻ നിയമിച്ച പ്രോജക്ട്‌ അസിസ്റ്റന്റുമാരുടെ ജോലി തുടരുന്നതിൽ അനിശ്‌ചിതത്വം. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ സർക്കാർ തയ്യാറായിട്ടില്ല. ഭൂരിപക്ഷത്തിനും നാലുമാസമായി വേതനവുമില്ല. ഓണക്കാലത്തുപോലും മറ്റ്‌ ആനുകൂല്യങ്ങളുമില്ല.


ഗ്രാമ, ബ്ലോക്ക്‌, ജില്ലാ പഞ്ചായത്തുകളുടെ നിർമാണ പ്രവൃത്തികളുടെ ജിയോ ടാഗിങ്ങിനും പഞ്ചായത്തുകളുടെ ബില്ലുകൾ ഇ- ഗ്രാം സ്വരാജ് പോർട്ടലിൽ തയ്യാറാക്കാൻ സെക്രട്ടറിമാരെ സഹായിക്കാനുമായാണ്‌ പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഓരോ പ്രോജക്ട്‌ അസിസ്റ്റന്റിനെ 2017 ആഗസ്‌തിൽ നിയമിച്ചത്‌. അതത്‌ പഞ്ചായത്തുകൾ അപേക്ഷ ക്ഷണിച്ച്‌ അഭിമുഖം നടത്തിയായിരുന്നു നിയമനം.


പഞ്ചായത്തുകളുടെ മറ്റു ജോലികളിലും ഇവർ ഏർപ്പെട്ടിരുന്നു. ഓരോ സാമ്പത്തികവർഷവും തുടങ്ങുമ്പോൾ തദ്ദേശഭരണ വകുപ്പിന്റെ സർക്കുലർ പ്രകാരമാണ്‌ ഇവരുടെ സേവനം തുടർന്നിരുന്നത്‌. പട്ടികജാതി വിഭാഗത്തിൽനിന്നുള്ള 75 പേരും പട്ടികവർഗ വിഭാഗത്തിൽനിന്നുള്ള 19 പേരുമുൾപെടെ 941 പേരാണുള്ളത്‌. പഞ്ചായത്തുകളുടെ പ്ലാൻ ഫണ്ടിൽനിന്നാണ്‌ വേതനം നൽകേണ്ടത്‌.


ഇ‍ൗ വർഷം മാർച്ചുവരെ കൃത്യമായി നൽകി. സർക്കാർ മാറിയതോടെ തദ്ദേശവകുപ്പിന്റെ സർക്കുലർ ഇറങ്ങിയിട്ടില്ല. ചിലയിടങ്ങളിൽ വേതനം നൽകിയെങ്കിലും സർക്കാർ തീരുമാനമില്ലാത്തതിനാൽ ഓഡിറ്റ്‌ പരാമർശം വരുമെന്ന ആശങ്ക ജീവനക്കാർക്കും പഞ്ചായത്ത്‌ സെക്രട്ടറിമാർക്കുമുണ്ട്‌. തിരിച്ചടയ്‌ക്കേണ്ടിവരുമോ എന്നാണ്‌ പലരുടേയും ആശങ്ക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home