print edition ഓർമിപ്പിക്കുന്നത് മുത്തങ്ങയും ജന്തർമന്തറും

വളർമതിയെയും എം ജയകൃഷ്ണനേയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി ശിവൻകുട്ടി സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ എന്നിവർ സന്ദർശിക്കുന്നു
തിരുവനന്തപുരം : രാജ്യ തലസ്ഥാനത്ത് സമരങ്ങളെ അടിച്ചൊതുക്കുന്ന ആർഎസ്‌എസ് ഭരണകൂടത്തിന്റെ അതേ സമീപനവുമായി കേരളത്തിൽ യുഡിഎഫ് സർക്കാരും. ഇത് തെളിയിക്കുന്നതാണ് എൽപിഎസ്‌ടി സമരക്കാർക്കുനേരെ ബുധൻ രാത്രി സെക്രട്ടറിയറ്റിനുമുന്പിൽ നടന്ന പൊലീസ് നായാട്ട്. നിരാഹാരമിരുന്ന വളർമതിയെ വലിച്ചിഴച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മുന്പ്, മുത്തങ്ങയിൽ ഭൂസമരം നടത്തിയ ആദിവാസികളെ എ കെ ആന്റണിയുടെ പൊലീസ് നേരിട്ടതും സമാനരീതിയിൽത്തന്നെ.
ദേശീയ എൻട്രൻസ് പരീക്ഷാ ക്രമക്കേടിനെതിരെയും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ഡൽഹിയിൽ നടത്തിയ സമരത്തിൽ ‘പേരിനാണെങ്കിലും പങ്കെടുത്ത’ ആളാണ് മുഖ്യമന്ത്രി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടക്കമുള്ളവരും സമരത്തിന്റെ ഭാഗമായി. അവർ ഭരിക്കുന്പോഴാണ് തീർത്തും ഗാന്ധിയൻ മാർഗത്തിൽ സമരം നടത്തിയവരെ അടിച്ചൊതുക്കുന്നത്. നിരവധി സമര സ്‌മരണകൾ നിറഞ്ഞുനിൽക്കുന്നയിടമാണ് സെക്രട്ടറിയറ്റ് പരിസരം.
കഴിഞ്ഞ 10 വർഷം ഒട്ടേറെ സമരങ്ങൾ നടന്നു. കോൺഗ്രസ്–യൂത്ത് കോൺഗ്രസ് നേതാക്കൾ അത്തരം സമരങ്ങൾക്ക് എരിവുപകർന്നു. നിരവധിതവണയാണ് റോഡിൽ സമരം നടത്തിയത്. സമരക്കാർക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസുകാർ അനുബന്ധ സമരവും നടത്തി. എന്നാൽ, ഒരു സമരത്തിനുനേരെയും എൽഡിഎഫ് സർക്കാർ പൊലീസിനെ കയറൂരി വിട്ടില്ല. നിരവധി പന്തൽ കെട്ടിയിട്ടും ഒന്നും പൊളിച്ചിട്ടില്ല. അന്നും സുപ്രീംകോടതി വിധിയുണ്ടായിരുന്നു.
സിപിഐ എം വിരുദ്ധരായ ഒരു വിഭാഗം ആശമാരും സെക്രട്ടറിയറ്റിനുമുന്പിൽ പന്തൽകെട്ടിയിരുന്നു. എന്നാൽ, അന്ന് പൊലീസിനെ ഉപയോഗിച്ച് സർക്കാർ ഇവരെ നേരിട്ടില്ല. നാലുതവണയാണ് എൽപിഎസ്‌ടി സമരക്കാർക്കുനേരെ യുഡിഎഫ് സർക്കാരിന്റെ പൊലീസ് കേസെടുത്തത്. വളർമതിയെ രണ്ടുതവണ അറസ്റ്റ് ചെയ്‌തു.
ഐക്യദാർഢ്യവുമായി കെഎസ്‌ടിഎ
സമരപ്പന്തൽ പൊലീസ് അതിക്രമത്തിലൂടെ പൊളിച്ച് നീക്കിയതിൽ പ്രതിഷേധിച്ച് കെഎസ്ടിഎ ജില്ലാ കമ്മിറ്റി പ്രകടനവും ഐക്യദാർഢ്യ യോഗവും നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് പി വി രാജേഷ് ഉദ്‌ഘാടനം ചെയ്തു. സമരം ആരംഭിച്ചതുമുതൽ കെഎസ്ടിഎയുടെ പൂർണ പിന്തുണയുണ്ടെന്ന് പി വി രാജേഷ് പറഞ്ഞു.
സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി സുജു മേരി, ജില്ലാ സെക്രട്ടറി ആർ വിദ്യാവിനോദ് എന്നിവർ സംസാരിച്ചു. ചർച്ചചെയ്‌ത് സമരം ഒത്തുതീർക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ജനറൽ സെക്രട്ടറി ടി കെ എ ഷാഫി ആവശ്യപ്പെട്ടു.
പന്തൽ പൊളിച്ചത് ന്യായീകരിച്ച് ചെന്നിത്തല
പാതയോരത്തെ സമരത്തിനെതിരെ സുപ്രീംകോടതിയുടെ വിധിയുള്ളതിനാലാണ് എൽപിഎസ്‌ടി റാങ്ക് ഹോൾഡർമാരുടെ സമരപ്പന്തൽ പൊളിച്ചതെന്ന ന്യായീകരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിദ്യാർഥി–അധ്യാപക അനുപാതം കുറയ്‌ക്കണമെന്ന സമരക്കാരുടെ ആവശ്യം നടക്കുന്ന കാര്യമല്ല. അഞ്ച് ആവശ്യത്തിൽ നാലും അംഗീകരിച്ചതാണ്. സമരം നടക്കട്ടെ അതിനൊന്നും തങ്ങൾ എതിരല്ലെന്നും മന്ത്രി പറഞ്ഞു.
കോടതി വിധി നടപ്പാക്കാത്തതിനാൽ സിറ്റി പൊലീസ് കമീഷണർക്കെതിരെ മൂന്നുതവണ കോടതിയലക്ഷ്യ നോട്ടീസ് വന്നിരുന്നു. അതിനാലാണ് പന്തൽ പൊളിച്ചത്. വിവരമറിഞ്ഞപ്പോൾത്തന്നെ അതിന്റെ കാര്യമില്ലെന്നും സമരം നടക്കട്ടെ എന്നും പൊലീസിനോട് പറഞ്ഞിരുന്നു.
സമരം അവസാനിപ്പിച്ച് എല്ലാവരും സർക്കാരുമായി സഹകരിക്കണം. യുഡിഎഫിൽ തർക്കങ്ങളുണ്ടെന്നത് മാധ്യമ സൃഷ്‌ടിയാണ്. മന്ത്രിസഭയിലും പാർടിയിലും ഭിന്നതയില്ല. യുഡിഎഫ് യോഗം വിളിക്കുന്ന കാര്യത്തിൽ പരിഹാരമുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.
പൊലീസ് അതിക്രമം വിമർശിച്ച് പ്രിയങ്ക
സെക്രട്ടറിയറ്റിനുമുന്നിൽ സമരം നടത്തുന്ന എൽപിഎസ്‌ടി റാങ്ക് ഹോഡർമാർക്കുനേരെയുള്ള പൊലീസ് അതിക്രമത്തെ വിമർശിച്ച് പ്രിയങ്ക ഗാന്ധി എംപി. സമരം ചെയ്യാൻ എല്ലാവർക്കും ഭരണഘടന അവകാശം നൽകുന്നുണ്ട്.
സമരം സർക്കാരിനെതിരാണെങ്കിലും സമാധാനത്തിന് ഭീഷണിയാകുകയോ ആക്രമണങ്ങൾ ഉണ്ടാകുകയോ ചെയ്‌താലേ പൊലീസ് ഇടപെടേണ്ടതുള്ളൂവെന്നും പ്രിയങ്ക മാനന്തവാടിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
സമരപ്പന്തൽ പൊളിച്ച സാഹചര്യം അറിയില്ലെന്ന് മന്ത്രി
എൽപിഎസ്‌ടി റാങ്ക് ഹോൾഡേഴ്സിന്റെ സമരപ്പന്തൽ പൊളിച്ചുമാറ്റാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അറിയില്ലെന്ന് മന്ത്രി എ പി അനിൽകുമാർ. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഒരാൾ 17 ദിവസമായി നിരാഹാരം കിടക്കുകയാണ്. ജീവന് പ്രശ്നമായി മാറിയാൽ സർക്കാർ ഇടപെടും. സമരപ്പന്തൽ പൊളിച്ചുമാറ്റിയതിനെക്കുറിച്ച് പൊലീസാണ് വിശദീകരിക്കേണ്ടത്. കോടതിയുടെ നിർദേശമുണ്ടെന്നാണ് വിവരം.









0 comments