ഫോണിൽ കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ; മദ്യം നൽകി പീഡിപ്പിച്ച അധ്യാപകനെതിരെ കൂടുതൽ പരാതികൾ

പാലക്കാട്: പാലക്കാട് മലമ്പുഴയിൽ വിദ്യാർഥിയെ മദ്യംനൽകി പീഡിപ്പിച്ച അധ്യാപകനെതിരെ കൂടുതൽ പരാതികൾ. യുപി ക്ലാസുകളിൽപ്പെട്ട അഞ്ച് ആൺകുട്ടികൾ അധ്യാപകനിൽനിന്നും നേരിട്ട ദുരനുഭവം ശിശുക്ഷേമസമിതിയുടെ കൗൺസിലിങിൽ വെളിപ്പെടുത്തി. വിദ്യാർഥികളുടെ പരാതികളിൽ മലമ്പുഴ പൊലീസ് കേസെടുത്തു. സംസ്കൃത അധ്യാപകനായ അനിൽ കൂടുതൽ വിദ്യാർഥികളെ പീഡിനത്തിനിരയാക്കിയെന്നും കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ സൂക്ഷിച്ചുവെന്നും പൊലീസ് കണ്ടെത്തി.
ആദ്യ കേസിൽ റിമാൻഡിലാണ് അനിൽ. ഇയാളുടെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. വരുംദിവസങ്ങളിലും ശിശുക്ഷേമസമിതി കൗൺസിലിങ് തുടരും.
നവംബർ 29നാണ് ആറാംക്ലാസ് വിദ്യാർഥിയായ 11 വയസുകാരൻ അധ്യാപകന്റെ ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാകുന്നത്. കുട്ടിയെ തന്റെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം ബിയർ നൽകി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനിരയായ വിദ്യാർഥി സുഹൃത്തായ ഒരു കുട്ടിയോടാണ് പീഡനവിവരം വെളിപ്പെടുത്തിയത്. ഈ സുഹൃത്ത് തന്റെ അമ്മയോട് ഇക്കാര്യം പറഞ്ഞു. തുടർന്ന് ഇവർ സ്കൂൾ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഇതിനുപിന്നാലെ അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു.









0 comments