പശ്ചിമേഷ്യൻ യുദ്ധ പ്രതിസന്ധി; പാരസീറ്റാമോൾ അടക്കം 384 അവശ്യമരുന്നിനങ്ങൾക്ക് വില ഉയരും

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പശ്ചിമേഷ്യൻ യുദ്ധ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ 384 അവശ്യമരുന്നിനങ്ങൾക്ക് ഉടൻ വില കൂടും. 10 മുതൽ 20 ശതമാനം വരെയാണ് മരുന്നുകൾ താത്കാലികമായി വില കൂടുക. ഔഷധനിർമാണ വസ്തുക്കളായ പ്രോപ്പലീൻ, അമോണിയ, മെത്തനോൾ എന്നിവയുടെ വില കുതിക്കുന്നതാണ് അവശ്യമരുന്നുകളുടെ വിലവർധനയ്ക്ക് കാരണമാകുന്നത്.
പാരസീറ്റമോളിനു പുറമേ, അമോക്‌സിസിലിൻ, അസിത്രോമൈസിൻ, അംലോഡി പിൻ, അറ്റോർവസ്റ്റാറ്റിൻ, ഡെക്‌സമെതസോൺ, അസ്കോർബിക് ആസിഡ് തുടങ്ങിയ ഒട്ടധികം മരുന്നുകൾക്കാണ് വില കൂടുന്നത്. ദേശീയ ഔഷധവില നിയന്ത്രണ സമിതി, ഔഷധ, വാണിജ്യ മന്ത്രാലയങ്ങൾ എന്നിവ തമ്മിലുള്ള ചർച്ച അവസാന ഘട്ടത്തിലാണ്. മരുന്നുവില നിയന്ത്രണ നിയമത്തിൽ താത്കാലിക ആശ്വാസം ലഭിക്കുന്നതിനായി ഇന്ത്യൻ ഡ്രഗ്‌സ് മാനുഫാക്‌ചറിങ് അസോസിയേഷൻ സർക്കാരുമായി ചർച്ച നടത്തിയിരുന്നു.
ഇതിൻ്റെ തുടർച്ചയായാണ് സർക്കാർ തല കൂടിയാലോചന. നിർമാണത്തിനുള്ള ഘടകങ്ങളുടെ വില യുദ്ധസാഹചര്യ ത്തിൽ 200 ശതമാനം വരെ കൂടിയതായാണ് നിർമാതാക്കൾ പറയുന്നത്. ഇതിനു പുറമേയാണ് പായ്ക്കിങ്ങിന്റെയും ഗതാഗതത്തിന്റെയും ചെലവുകളും വരുന്നതെന്നും ഇവർ പറയുന്നു. സാഹചര്യം മാറുമ്പോൾ തിരികെ നടപ്പാക്കാൻ കഴിയുന്ന വിധത്തിൽ ഒറ്റത്തവണ വില വർധനയാണ് നിലിവിൽ ആലോചനയിലുള്ളത്. മഴ കനത്തതോടെ മഴക്കാല രോഗങ്ങളും പടർന്നു പിടിക്കുകയാണ്. ഈ സാഹചര്യത്തിൽ പാരസീറ്റാമോൾ ഉൾപ്പടെയുള്ള മരുന്നുകൾക്ക് വില വർധിക്കുന്നത് സാധാരണക്കാർക്ക് വലിയ തിരിച്ചടിയാണ്.










0 comments