തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ റദ്ദാക്കാൻ കേന്ദ്ര സർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തും

തിരുവനന്തപുരം: തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ റദ്ദാക്കാൻ ആവശ്യമായ എല്ലാ സമ്മർദ്ദങ്ങളും കേന്ദ്ര സർക്കാരിന് മേൽ ചെലുത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. പി നന്ദകുമാർ എംഎൽഎ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കൽ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
ഇന്ത്യയിലെ തൊഴിലാളികളുടെ എല്ലാ അവകാശങ്ങളും ഹനിക്കുന്ന ലേബർ കോഡുകൾക്കെതിരെ ഇന്ത്യയിലെ തൊഴിലാളി വർഗം യോജിച്ച പ്രക്ഷോഭത്തിലാണ്. രാജ്യത്ത് നിലവിലുണ്ടായിരുന്ന ഇരുപത്തിയൊമ്പത് തൊഴിൽ നിയമങ്ങൾ, ക്രോഡീകരിച്ചും കൂട്ടിച്ചേർത്തുമാണ് നാല് ലേബർ കോഡുകൾക്ക് കേന്ദ്രസർക്കാർ രൂപം നൽകിയത്. മുമ്പ് കാലത്ത് തൊഴിലാളികളുടെ താൽപര്യം സംരക്ഷിക്കാനാണ് തൊഴിൽ നിയമങ്ങൾ ഉണ്ടാക്കിയത്. എന്നാൽ കോർപ്പറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കൽ മാത്രമാണ് പുതിയ കോഡുകളുടെ ലക്ഷ്യം.
ഒരു ദിവസം എട്ട് മണിക്കൂർ ജോലി എന്ന തത്വം പോലും പുതിയ ലേബർ കോഡ് നിഷേധിച്ചിരിക്കുകയാണ്. നിലവിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ലേബർ കോഡുകൾ കോർപ്പറേറ്റുകളെ സഹായിക്കുന്ന രീതിയിലുള്ളതാണ്. തൊഴിലാളികൾക്ക് ലഭിച്ചിരുന്ന മിനിമ വേതനം, ബോണസ് പ്രോവിഡന്റ് ഫണ്ട് എന്നിവയെല്ലാം പുതിയ നിയമം വരുന്നതോടെ അനിശ്ചിതത്വത്തിലാകും. തൊഴിലാളികളുടെ ഏറ്റവും വലിയ ആയുധമായ സംഘടിക്കാനും സമരം ചെയ്യാനുമുള്ള അവകാശത്തിൻമേൽ ഈ നിയമം കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. കേരളം മാതൃകാപരമായി നടപ്പിലാക്കുന്ന പല ക്ഷേമനിധി ബോർഡുകളുടെയും പ്രവർത്തനത്തെയും സ്വതന്ത്രമായ നിലനിൽപ്പിനെയും ഈ നിയമം ബാധിക്കാൻ ഇടയുണ്ട്.
കേന്ദ്രസർക്കാർ കൊണ്ടുവന്ന ലേബർ കോഡുകൾക്കെതിരെ ആദ്യം ശബ്ദമുയർത്തിയ സംസ്ഥാനമാണ് കേരളം. രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരായ തൊഴിലാളികളുടെ ജീവിതത്തെ ഇരുട്ടിലാക്കുന്ന ലേബർ കോഡ് ഭേദഗതിക്കെതിരെ കേരള സർക്കാർ ഒരു ലേബർ കോൺക്ലേവ് തന്നെ സംഘടിപ്പിച്ചു. തൊഴിൽ, ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽപ്പെട്ട വിഷയമാണ് സംസ്ഥാനത്തെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഭരണഘടന അനുശാസിക്കുന്ന എല്ലാ നടപടികളും സംസ്ഥാന സർക്കാർ കൈക്കൊള്ളും. തൊഴിലാളികളുടെ വിയർപ്പിന് അർഹമായ കൂലിയും അന്തസും ഉറപ്പാക്കുന്നതിൽ കേരളം രാജ്യത്തിന് തന്നെ മാതൃകയാണെന്നും മന്ത്രി പറഞ്ഞു.










0 comments