print edition പ്രവാസിക്ഷേമ പെൻഷനും മുടങ്ങി

പ്രതീകാത്മക ചിത്രം
വേണു കെ ആലത്തൂർ
Published on Jun 19, 2026, 12:00 AM | 1 min read
പാലക്കാട്: വീട്ടമ്മമാർക്ക് എല്ലാ മാസവും 1000 രൂപ നൽകുന്ന സ്‌ത്രീ സുരക്ഷാ പദ്ധതി അട്ടിമറിച്ചതിനു പിന്നാലെ പ്രവാസി ക്ഷേമ പെൻഷനും മുടക്കി യുഡിഎഫ് സർക്കാർ. അംശദായം അടയ്‌ക്കുന്ന പ്രവാസികൾക്ക് 60 വയസ്സായാൽ 3000 മുതൽ 7000 രൂപവരെയാണ് പ്രവാസി ക്ഷേമ ബോർഡ് മുഖേന പെൻഷൻ ലഭിക്കുക. എല്ലാ മാസവും പതിനഞ്ചിനകം ഗുണഭോക്താക്കളുടെ അക്കൗണ്ടി ൽ തുക എത്തുകയാണ് പതിവ്. എന്നാൽ, ജൂൺ 15 കഴിഞ്ഞിട്ടും മെയ് മാസത്തെ പെൻഷൻ ലഭിച്ചിട്ടില്ല.
9.48 ലക്ഷംപേരാണ് ക്ഷേമ ബോർഡിൽ അംശദായം അടയ്‌ക്കുന്നത്. അംശദായത്തേക്കാൾ തുക പെൻഷനുവേണ്ടി ചെലവഴിക്കുന്ന ബോർഡിന് ആവശ്യമായ തുക യഥാസമയം സർക്കാരാണ് അനുവദിക്കുന്നത്. ഇതുപ്രകാരം, ഏപ്രിലിലെ പെൻഷനുള്ള തുക മുൻകൂറായി എൽഡിഎഫ് സർക്കാർ അനുവദിച്ചിരുന്നു. 20 കോടി രൂപയും കൈമാറി. മെയ് 15ന് ക്ഷേമ ബോർഡ് ഭാരവാഹികൾ രാജിവച്ചു. അതിനുശേഷം യുഡിഎഫ് പ്രതിനിധികൾ ചുമതലയേറ്റു. എന്നിട്ടും മെയ് മാസത്തെ പെൻഷൻ കാര്യത്തിൽ അനാസ്ഥ തുടരുകയാണ്.
എല്ലാ പ്രവാസികള്‍ക്കും മിനിമം പെന്‍ഷന്‍ 3000 രൂപയാക്കി രാജ്യത്ത് ഏറ്റവും കൂടുതല്‍ തുക ക്ഷേമ പെന്‍ഷനായി നല്‍കുന്ന ബോര്‍ഡാക്കി കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡിനെ എൽഡിഎഫ് സര്‍ക്കാര്‍ മാറ്റിയിരുന്നു. രണ്ടുവർഷം വിദേശത്ത് ജോലി ചെയ്‌ത, പ്രവാസി ക്ഷേമബോർഡിൽ അംശദായം അടച്ചവർക്കാണ് 60 വയസ്സ് തികഞ്ഞാൽ പെൻഷൻ ലഭിക്കുക. അടയ്‌ക്കുന്ന തുകയുടെ കാലാവധി അനുസരിച്ചാണ് പെൻഷനിൽ വർധനയുണ്ടാകുക.









0 comments