തുടർയാത്ര താളംതെറ്റുന്നു, അറ്റകുറ്റപ്പണിക്ക് ആളില്ലാതെ നിലമ്പൂർ റെയിൽവേ സ്റ്റേഷൻ

എം സനോജ്
Published on Sep 07, 2026, 05:34 PM | 2 min read
നിലമ്പൂർ: മണിക്കൂറുകളോളം ട്രെയിനുകൾ നിർത്തിയിടുന്ന സ്റ്റേഷൻ. പക്ഷേ, ആ ട്രെയിനുകളിൽ ചെറിയൊരു തകരാർ സംഭവിച്ചാൽ പോലും അറ്റകുറ്റപ്പണി നടത്താൻ ആവശ്യമായ ജീവനക്കാരില്ല. ലൈറ്റോ ഫാനോ വൈദ്യുതി സംവിധാനമോ സീറ്റോ വാതിലോ തകരാറിലായാൽ ഷൊർണൂരിൽ നിന്ന് ജീവനക്കാരെത്തുംവരെ കാത്തിരിക്കേണ്ട സ്ഥിതി. രാത്രി സമയത്താണ് തകരാർ സംഭവിക്കുന്നതെങ്കിൽ കാത്തിരിപ്പ് നീളുകയും യാത്രക്കാരുടെ തുടർയാത്ര താളംതെറ്റുകയും ചെയ്യും.
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ സജീവമാകുന്നതിനിടെ, നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ ആവശ്യമായ ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ശുചീകരണ ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം ഇതോടെ ശക്തമാകുകയാണ്. നിലമ്പൂരിൽ നിർത്തിയിടുന്ന ട്രെയിനുകളുടെ പരിശോധനയും ചെറിയ അറ്റകുറ്റപ്പണികളും ഇവിടെത്തന്നെ നടത്താൻ ആവശ്യമായ സാങ്കേതിക ജീവനക്കാരുടെ സേവനം നിലവിൽ പര്യാപ്തമല്ല. കോച്ചുകളിലെ വൈദ്യുതി സംവിധാനങ്ങൾ, ലൈറ്റ്, ഫാൻ, സീറ്റുകൾ, വാതിലുകൾ തുടങ്ങിയവയിൽ തകരാർ കണ്ടെത്തിയാൽ ഷൊർണൂരിൽ നിന്ന് ജീവനക്കാരെ എത്തിക്കേണ്ടിവരുന്നു.
ജീവനക്കാർ എത്താൻ വൈകുന്ന ഓരോ സമയവും ട്രെയിനിനുള്ളിൽ കാത്തിരിക്കുന്ന യാത്രക്കാരുടെ ദുരിതം വർധിപ്പിക്കും. പ്രത്യേകിച്ച് രാത്രിയാത്രക്കാരെയാണ് ഇത് കൂടുതൽ ബാധിക്കുക. പുലർച്ചെ എത്തേണ്ട സ്ഥലത്ത് വൈകിയെത്തുന്നത് ജോലി, ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്ക് വലിയ പ്രയാസമാകും. മറ്റ് ട്രെയിനുകളിലേക്ക് മാറേണ്ട യാത്രക്കാർക്ക് കണക്ഷൻ നഷ്ടപ്പെടാനും സാധ്യതയുണ്ട്. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവർക്കും പ്രായമായവർക്കും കുട്ടികൾക്കുമുള്ള ബുദ്ധിമുട്ട് ഇതോടെ വർധിക്കും.
ട്രെയിൻ നിർത്തിയിട്ടിരിക്കുന്ന സമയത്ത് തന്നെ തകരാർ പരിഹരിക്കാൻ ജീവനക്കാരുണ്ടെങ്കിൽ ഇത്തരം പ്രശ്നങ്ങൾ വലിയ തോതിൽ ഒഴിവാക്കാനാകും.കോയമ്പത്തൂരിൽ നിന്ന് രാത്രി 8.30ഓടെ നിലമ്പൂരിലെത്തുന്ന പാസഞ്ചർ ട്രെയിൻ പുലർച്ചെ 5.30 വരെ ഇവിടെ നിർത്തിയിടുന്നുണ്ട്. എറണാകുളത്ത് നിന്ന് രാത്രി 10. 05ഓടെ എത്തുന്ന മെമു പുലർച്ചെ 3.10 വരെയും നിലമ്പൂരിൽ നിർത്തിയിടുന്നു. രാജ്യറാണി എക്സ്പ്രസ്, കോട്ടയം എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളും മണിക്കൂറുകളോളം ഇവിടെ നിർത്തിയിടുന്നുണ്ട്. ഇത്രയും സമയം ട്രെയിനുകൾ സ്റ്റേഷനിൽ ലഭ്യമായിരിക്കുമ്പോഴും ആവശ്യമായ സാങ്കേതിക ജീവനക്കാരില്ലാത്തത് റെയിൽവേയുടെ പ്രവർത്തന സംവിധാനത്തിലെ പോരായ്മയായാണ് യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നത്.
മംഗലാപുരത്തുള്ള ജില്ലക്കാരെ നിലമ്പൂരിലേക്ക് മാറ്റണം
മംഗലാപുരം റെയിൽവേ സ്റ്റേഷനിൽ ജോലി ചെയ്യുന്ന മലപ്പുറം ജില്ലയിൽ നിന്നുള്ള ജീവനക്കാരിൽ ആവശ്യാനുസരണം ചിലരെ നിലമ്പൂരിലേക്ക് മാറ്റി നിയമിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഇലക്ട്രിക്കൽ, മെക്കാനിക്കൽ വിഭാഗങ്ങളിലെ ജീവനക്കാരെ ഉൾപ്പെടെ നിലമ്പൂരിൽ നിയമിച്ചാൽ ഇവിടെ നിർത്തിയിടുന്ന ട്രെയിനുകളുടെ അടിയന്തര അറ്റകുറ്റപ്പണികൾക്ക് സ്ഥിരം സംവിധാനം ഒരുക്കാനാകും.
ശുചീകരണ വിഭാഗത്തിലും ആവശ്യമായ ജീവനക്കാരെ അനുവദിക്കണമെന്നാണ് ആവശ്യം. പാലക്കാട് റെയിൽവേ ഡിവിഷൻ പുനഃസംഘടിപ്പിക്കുന്ന സാഹചര്യത്തി തുടർയാത്ര താളംതെറ്റുൽ നിലമ്പൂരിന്റെ പ്രത്യേക ആവശ്യങ്ങൾ കൂടി പരിഗണിക്കണമെന്നാണ് റെയിൽവേ ഉപയോക്താക്കളുടെ ആവശ്യം. നിലവിലുള്ള സർവീസുകളും മണിക്കൂറുകളോളം നിർത്തിയിടുന്ന ട്രെയിനുകളും ഭാവിയിലെ സർവീസ് വികസന സാധ്യതകളും കണക്കിലെടുത്ത് ആവശ്യമായ തസ്തികകൾ അനുവദിക്കണം. ട്രെയിനുകളുടെ തകരാർ പരിഹരിക്കാൻ ഓരോ തവണയും ഷൊർണൂരിൽ നിന്ന് ജീവനക്കാരെത്തേണ്ട സാഹചര്യം ഒഴിവാക്കി നിലമ്പൂരിൽ തന്നെ സ്ഥിരം സാങ്കേതിക ജീവനക്കാരുടെ സേവനം ഉറപ്പാക്കണമെന്നാണ് ആവശ്യം.









0 comments