'ഇതിലും മികച്ചൊരു വർക്ക്‌സ്‌പേസ് വ്യൂ സ്വപ്നങ്ങളിൽ മാത്രം'; ഭൂമിയുടെ അതിമനോഹര ദൃശ്യം പങ്കുവച്ച് നാസ

വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന് പകർത്തിയ ഭൂമിയുടെ അതിമനോഹര ദൃശ്യം പങ്കുവച്ച് നാസ. ബഹിരാകാശ നിലയത്തിലെ പ്രത്യേക നിരീക്ഷണ കേന്ദ്രമായ 'കുപോള'യുടെ (Cupola) ജനാലയിലൂടെ പകർത്തിയ ചിത്രങ്ങളാണ് പുറത്തുവന്നത്. നീലനിറത്തിൽ പരന്നുകിടക്കുന്ന ഭൂമിയും വെളുത്ത മേഘക്കൂട്ടങ്ങളും ബഹിരാകാശ നിലയത്തിന്റെ ഭാഗങ്ങളും ചിത്രത്തിൽ കൃത്യമായി കാണാം. "പകരം വെക്കാനില്ലാത്ത വർക്ക്‌സ്‌പേസ് കാഴ്ച" (Workplace view that can't be beat) എന്ന കുറിപ്പോടെയാണ് നാസ ഈ അപൂർവ്വ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
നാസയുടെ ബഹിരാകാശ യാത്രികയായ ജെസിക്ക മെയറും യൂറോപ്യൻ സ്പേസ് ഏജൻസിയുടെ സോഫി അഡെനോട്ടും ചേർന്ന് അടുത്തിടെ ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങി (Spacewalk) അറ്റകുറ്റപ്പണികളും നവീകരണ പ്രവർത്തനങ്ങളും നടത്തിയിരുന്നു. മണിക്കൂറുകൾ നീണ്ട ഈ ദൗത്യത്തിനിടെ നിലയത്തിന്റെ വിൻഡോ ക്യാമറകളിലും സഞ്ചാരികളുടെ ഹെൽമെറ്റ് ക്യാമറകളിലുമാണ് ദൃശ്യങ്ങൾ പതിഞ്ഞത്. ഒരു ചിത്രത്തിൽ സോഫി അഡെനോട്ടിനെയും മറ്റൊരു ദൃശ്യത്തിൽ ബഹിരാകാശ വസ്ത്രത്തിന്റെ കൈയുറയും കാണാം.
ഭൂമിയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ ഉയരത്തിൽ മണിക്കൂറിൽ 28,000 കിലോമീറ്റർ വേഗതയിലാണ് ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ (ഐഎസ്എസ്) സഞ്ചരിക്കുന്നത്. ഒരു ദിവസം 16 തവണ ഭൂമിയെ വലംവെക്കുന്നതിനാൽ നിലയത്തിലുള്ളവർക്ക് 24 മണിക്കൂറിനുള്ളിൽ 16 സൂര്യോദയങ്ങൾക്കും അസ്തമയങ്ങൾക്കും സാക്ഷ്യം വഹിക്കാനാകും. ഭൂമിയിലെ കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിദുരന്തങ്ങളും നിരീക്ഷിക്കാൻ പതിറ്റാണ്ടുകളായി ഇത്തരത്തിൽ ബഹിരാകാശ സഞ്ചാരികൾ ചിത്രങ്ങൾ പകർത്തിവരുന്നുണ്ട്.
ചിത്രങ്ങൾ വൈറലായതോടെ രസകരമായ കമന്റുകളുമായി ആളുകളും രംഗത്തെത്തി. "ഇത് കണ്ടതിന് ശേഷം ഇനി സാധാരണ ഓഫീസ് മുറികളിലെ ഡെസ്ക് വ്യൂ ഒന്നും മനസ്സിന് തൃപ്തി നൽകില്ല" എന്നാണ് ഒരാൾ കുറിച്ചത്.









0 comments