നോര്‍ക്ക് കെയര്‍ എൻറോൾമെന്റ് തീയതി നീട്ടി: പരിരക്ഷയെടുത്ത് 25000 ത്തിലധികം പേർ

തിരുവനന്തപുരം: പ്രവാസികേരളീയർക്കായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ ഏറ്റെടുത്ത് പ്രവാസികുടുംബങ്ങൾ. രാജ്യത്തെയും വിദേശത്തെയും പ്രവാസി കേരളീയരിൽ നിന്നും മികച്ച പ്രതികരണമാണ് പദ്ധതിക്ക് ലഭിച്ചത്. ഇതുവരെ 25000 ത്തിലധികം പ്രവാസികുടുംബങ്ങളാണ് നോർക്ക കെയർ പരിരക്ഷയിൽ ചേർന്നത്. പദ്ധതിയിൽ ചേരാനുള്ള അവസാന തീയതി ഒക്ടോബർ 30 വരെ നീട്ടി.
മികച്ച പ്രതികരണമാണ് നോർക്ക കെയറിന് പ്രവാസികേരളീയരിൽ നിന്നും ലഭിക്കുന്നതെന്നും പ്രവാസികളുടേയും പ്രവാസി സംഘടനകളുടേയും അഭ്യർത്ഥന മാനിച്ചാണ് ഒക്ടോബർ 30 വരെ സമയം നീട്ടിയതെന്നും നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. പദ്ധതിയുടെ പ്രചരണാർത്ഥം ഡൽഹി, മുംബൈ, ബംഗളൂരു, ചെന്നൈ നോർക്ക റൂട്ട്സ് എൻ ആർ ഡവലപ്മെന്റ് ഓഫീസുകളുടെ നേതൃത്വത്തിലും ആഗോളതലത്തിൽ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലും പ്രത്യേകം രജിസ്ട്രേഷൻ ക്യാമ്പുകളും നടത്തുന്നുണ്ട്.
നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്ബ്സൈറ്റായ www.norkaroots.kerala.gov.in സന്ദർശിച്ചോ നോർക്ക കെയർ മൊബൈൽ ആപ്പുകൾ മുഖേനയോ സാധുവായ നോർക്ക പ്രവാസി ഐഡി, സ്റ്റുഡന്റ് ഐഡി എൻആർകെ ഐഡി കാർഡുളള പ്രവാസികേരളീയർക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. നോർക്ക കെയർ മൊബൈൽ ആപ്പ് ആപ്പ് ഗൂഗിൽ പ്ലേസ്റ്റേറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഒരു കുടുംബത്തിന് (ഭർത്താവ്, ഭാര്യ, 25 വയസിൽ താഴെയുളള രണ്ടു കുട്ടികൾ) 13,411 രൂപ പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണൽ അപകട ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കുന്നതാണ് നോർക്ക കെയർ പദ്ധതി. നവംബർ ഒന്നു മുതൽ നോർക്ക കെയർ പരിരക്ഷ പ്രവാസികേരളീയർക്ക് ലഭ്യമാകും. നോർക്ക അംഗീകരിച്ച പ്രവാസി സംഘടനകളിലൂടെ മാസ്സ് എൻറോൾമെന്റിനും, വിദേശത്ത് പ്രവാസികേരളീയർ ജോലിചെയ്യുന്ന കമ്പനികൾക്കായി പ്രത്യേക രജിസ്ട്രേഷൻ സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ കേരളത്തിലെ 500 ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 16000 ത്തോളം ആശുപത്രികൾ വഴി പ്രവാസികേരളീയർക്ക് ക്യാഷ്ലെസ്സ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി.










0 comments