print edition ഇന്ത്യ–അമേരിക്ക വ്യാപാര കരാർ പരമാധികാരത്തിന് നേർക്കുള്ള കടന്നാക്രമണം : പ്രകാശ് കാരാട്ട്

കൊച്ചി
രാജ്യത്തിന്റെ പരമാധികാരത്തിന് നേർക്കുള്ള യുഎസ് കടന്നാക്രമണമാണ് ഇന്ത്യ– അമേരിക്ക വ്യാപാര കരാറെന്ന് സിപിഐ എം നേതാവ് പ്രകാശ് കാരാട്ട് പറഞ്ഞു. തീർത്തും അസന്തുലിതമായ കരാറിലൂടെ സാമ്രാജ്യത്വ, കോർപറേറ്റ് താൽപ്പര്യം ഇന്ത്യക്കുമേൽ ട്രംപ് അടിച്ചേൽപ്പിക്കുകയാണ്. ‘ഇന്ത്യ–അമേരിക്ക വ്യാപാര കരാറിന്റെ പ്രത്യാഘാതങ്ങൾ’ വിഷയത്തിൽ കൊച്ചിയിൽ ഇ എം എസ് പഠനഗവേഷണ കേന്ദ്രം സംഘടിപ്പിച്ച സെമിനാറിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അമേരിക്കൻ സമ്മർദത്തിന് പൂർണമായി കീഴടങ്ങി രാജ്യത്തിന്റെ പരമാധികാരത്തിൽ മോദിസർക്കാർ വിട്ടുവീഴ്‌ച ചെയ്‌തു. ആവശ്യങ്ങൾ അംഗീകരിക്കാത്ത രാജ്യങ്ങളുടെ ചുങ്കം അമേരിക്ക ഉയർത്തി. വരുതിയിൽ നിൽക്കാത്ത രാജ്യങ്ങൾക്കെതിരെ സൈനികനീക്കം നടത്തി. അതാണ് വെനസ്വേലയിൽ കണ്ടത്. അമേരിക്കയുടെ സന്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുകയും ദുർബലമായ മേൽക്കോയ്‌മ തിരിച്ചുപിടിക്കുകയുമാണ് ട്രംപിന്റെ ലക്ഷ്യം.
അമേരിക്കൻ ഉൽപ്പന്നങ്ങളുടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതിച്ചുങ്കം 17ശതമാനത്തിൽനിന്ന് പൂജ്യമാക്കുകയും അമേരിക്കയിലേക്കുള്ള കയറ്റുമതിക്ക് മൂന്ന്, നാല് ശതമാനം ചുങ്കമായിരുന്നത് 18 ശതമാനമാക്കി ഉയർത്തുകയും ചെയ്‌തു. ഇതിലൂടെ അമേരിക്കൻ ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിലേക്ക് ഒഴുകും. തദ്ദേശീയ ഉൽപ്പന്നങ്ങൾ പുറന്തള്ളപ്പെടും. അമേരിക്കയിൽനിന്ന് അവർ നിശ്ചയിച്ച തുകയ്‌ക്കും അളവിലും പ്രതിരോധ ഉൽപ്പന്നങ്ങളും വാങ്ങണം. ഇന്ത്യയെ രണ്ടാംതരം പ്രതിരോധ പങ്കാളിയായി തന്ത്രപൂർവം കെട്ടിയിടുകയാണ് ട്രംപ്. ഡിജിറ്റൽ നികുതി നിർത്തുന്നത് വൻകിട വിദേശ ടെക് കന്പനികളുടെ ആധിപത്യത്തിന് വഴിവയ്‌ക്കുന്നതിനൊപ്പം പ്രാദേശിക ഡാറ്റകളുടെ ദുരുപയോഗത്തിനും ഇടയാക്കും. കാരാട്ട് പറഞ്ഞു.
ഇ എം എസ് പഠന ഗവേഷണ കേന്ദ്രം ചെയർമാൻ എസ് സതീഷ് അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി എം ദിനേശ് മണി, എം അനിൽകുമാർ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ജോൺ ഫെർണാണ്ടസ്, ആർ അനിൽകുമാർ, സിഐടിയു അഖിലേന്ത്യാസെക്രട്ടറി ദീപ കെ രാജൻ, കെ വി മനോജ്, ടി വി അനിത, എം ബി ഷൈനി, വി കെ പ്രസാദ് എന്നിവർ പങ്കെടുത്തു. പഠനഗവേഷണ കേന്ദ്രം ഡയറക്ടർ സി ബി ദേവദർശനൻ സ്വാഗതവും സി മണി നന്ദിയും പറഞ്ഞു.








0 comments