കൈനകരി അനിത കൊലക്കേസ്: ഒന്നാംപ്രതിക്ക് വധശിക്ഷ

പ്രബീഷ്, രജനി
ആലപ്പുഴ: കൈനകരി അനിത കൊലക്കേസിൽ ഒന്നാം പ്രതി നിലമ്പൂർ മുതുകാട് മുറി പൂക്കോടൻവീട്ടിൽ പ്രബീഷിന് (37) വധശിക്ഷ. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി (മൂന്ന്) ആണ് ശിക്ഷ വിധിച്ചത്. കേസിൽ ജാമ്യത്തിലായിരുന്ന രണ്ടാം പ്രതി കൈനകരി തോട്ടുവാത്തല പതിശേരിവീട്ടിൽ രജനി (38) മയക്കുമരുന്ന് കേസിൽ ഒഡീഷ റായഘട്ട് ജയിലിൽ റിമാൻഡിലാണ്. രജനിയെ നാട്ടിലെത്തിച്ച ശേഷം ശിക്ഷ വിധിക്കും.
2021 ജൂലൈ ഒമ്പതിന് രാത്രി 9:30 നാണ് പുന്നപ്ര തെക്കേമഠം വീട്ടിൽ അനിത കൊല്ലപ്പെട്ടത്. പ്രതികളായ പ്രബീഷും രജനിയും ഒന്നിച്ചായിരുന്നു താമസം. ഇതിനിടെ പാലക്കാടുവച്ച് പരിചയപ്പെട്ട അനിതയുമായി പ്രബീഷ് പ്രണയത്തിലായി. ഗർഭിണിയായതോടെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രബീഷ് തയ്യാറായില്ല. ഗർഭം ഒഴിവാക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് പ്രബീഷും രജനിയും ചേർന്ന് അനിതയെ കൊല്ലാൻ തീരുമാനിച്ചത്.
അനിതയെ തോട്ടുവാത്തലയിലെ രജനിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി ആക്രമിച്ചു. ബോധം പോയ അനിതയെ ഫൈബർവള്ളത്തിൽ കയറ്റി പള്ളാത്തുരുത്തി അരയൻതോടിന് സമീപം പൂക്കൈതയാറ്റിൽ തള്ളുകയായിരുന്നു. 112 സാക്ഷികളുണ്ടായിരുന്ന കേസിൽ 82 പേരെ വിസ്തരിച്ചു. 131 രേഖകളും ഫൈബർ വള്ളമടക്കം 53 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി. പ്രതി രജനിയുടെ അമ്മയും പ്രോസിക്യൂഷന് അനുകൂലമായി സാക്ഷി പറഞ്ഞു. പ്രബീഷും രജനിയും കുറ്റക്കാരെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.
നെടുമുടി പൊലീസ് ഇൻസ്പെക്ടറായിരുന്ന എ വി ബിജുവാണ് അന്വേഷണം നടത്തി കുറ്റപത്രം നൽകിയത്. പബ്ലിക് പ്രോസിക്യൂട്ടർ എൻ ബി ശാരി ഹാജരായി.










0 comments