ad
Deshabhimani

ആലപ്പുഴയില്‍ ടൂറിസം സീസൺ തുടങ്ങിയിട്ടും ഹോട്ടൽ ബുക്കിങ്‌ കാര്യമായി ലഭിച്ചിട്ടില്ല, പിന്നാലെ പവർകട്ടും

TOUR
വെബ് ഡെസ്ക്

Published on Sep 12, 2026, 09:55 PM | 1 min read

ആലപ്പുഴ: എയർ കണ്ടീഷൻചെയ്‌ത ഏഴ്‌ മുറികൾ, നൂറോളം പേരെ ഉൾക്കൊള്ളാനാവുന്ന ഹാൾ, റസ്‌റ്റോറന്റ്‌. ആലപ്പുഴ പട്ടണത്തിൽ ഇത്രയും സ‍ൗകര്യമുള്ള ഭേദപ്പെട്ട ഹോട്ടലിന്‌ പവർകട്ട്‌ ഏർപ്പെടുത്തിയതോടെ പ്രതിമാസം വന്നുചേരുന്ന അധികച്ചെലവ്‌ 30,000 രൂപ. വലിയൊരു തൊഴിൽ മേഖലയെ പവർകട്ട്‌ കാർന്നുതിന്നുന്നതിന്റെ ചിത്രമാണ്‌ വെളിപ്പെടുന്നത്‌.

‘‘ഞങ്ങളുടേത്‌ 64 കെ വി യുടെ ഓട്ടോമാറ്റിക്‌ ജനറേറ്റർ സംവിധാനമാണ്‌. കറന്റ്‌ പോയാൽ ഇത്‌ തനിയെ പ്രവർത്തിച്ചുതുടങ്ങും. ദിവസം ആയിരം രൂപയുടെയെങ്കിലും ഡീസൽ ഇതിനാകും.

ഇങ്ങനെ വരുന്പോൾ നഷ്‌ടം 30,000 രൂപയിലെത്തും’’ ഹോട്ടലിന്റെ ജനറൽ മാനേജർ പറയുന്നു. കൂടുതൽ സ‍ൗകര്യങ്ങളുള്ള ഹോട്ടലുകൾക്ക്‌ ഇതിനനുസരിച്ച്‌ ചെലവുകൾ വർധിക്കും. ‘‘പ്രധാനമായും വിനോദസഞ്ചാര വ്യവസായത്തെ ആശ്രയിച്ചാണ്‌ ആലപ്പുഴയിലെ ഹോട്ടൽ മേഖല പ്രവർത്തിക്കുന്നത്‌. ലോകത്ത്‌ ഉണ്ടാവുന്ന ഏത്‌ പ്രശ്‌നവും വിനോദ സഞ്ചാരത്തെയും ബാധിക്കും. ഇത്‌ ഹോട്ടൽ മേഖലയ്‌ക്കും ക്ഷീണമാകും. ഇത്തവണ ടൂറിസം സീസൺ തുടങ്ങിയിട്ടും ബുക്കിങ്‌ ഒന്നും വലുതായി ലഭിച്ചിട്ടില്ല. ഇതിന്‌ പുറമെയാണ്‌ പവർകട്ട്‌ വഴിയുള്ള നഷ്‌ടവും. എല്ലാവിധ വ്യവസായങ്ങൾക്കും ഇത്‌ പ്രശ്‌നം തന്നെ’’. ആലപ്പുഴയിലെ ഹോട്ടലുടമ പറയുന്നു.

നഷ്‌ടം പരിഹരിക്കാൻ ചെലവുകൾ കുറയ്‌ക്കേണ്ടിവരും. ചിലപ്പോൾ ജീവനക്കാരെ തന്നെ ഒഴിവാക്കേണ്ടി വരാം. അങ്ങനെയാണെങ്കിൽ വലിയ തോതിലുള്ള തൊഴിൽ നഷ്‌ടത്തിനായിരിക്കും ഇടവരുത്തുക. മുറി വാടക, ഭക്ഷണസാധനങ്ങളുടെ വില വർധന തുടങ്ങിയവയും നഷ്‌ടം പരിഹരിക്കാൻ സ്വീകരിക്കേണ്ടിവന്നേക്കാം. ഇത്തരം നടപടികൾ ഹോട്ടൽ വ്യവസായത്തിന്‌ വലിയ തിരിച്ചടിയാവും. പവർകട്ട്‌ നീണ്ടാൽ എന്തുചെയ്യുമെന്ന ആശങ്ക ഹോട്ടൽ വ്യവസായ മേഖലയിലെങ്ങുമുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home