തപാൽ വോട്ടിങ് കേന്ദ്രങ്ങൾ സജ്ജം; അവശ്യ സർവീസ് ജീവനക്കാരുടെ വോട്ടിങ് തുടങ്ങി

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ അവശ്യ സർവീസ് വിഭാഗത്തിൽപ്പെട്ടവരുടെയും പോളിങ് ഉദ്യോഗസ്ഥരുടെയും തപാൽ വോട്ടിങ് തുടരുന്നു. 14 പോസ്റ്റൽ വോട്ടിങ് സെന്ററുകളും14 വോട്ടേഴ്സ് ഫെസിലിറ്റേഷൻ സെന്ററുകളും തെരഞ്ഞെടുപ്പ് ചുമതലയുള്ള പോളിങ് ഉദ്യോഗസ്ഥരല്ലാത്ത ജീവനക്കാർക്കുവേണ്ടി ഒരു ഡെസിഗ്‌നേറ്റഡ് വോട്ടേഴ്സ് ഫെസിലിറ്റേഷൻ സെന്ററുമാണ് സജ്ജമാക്കിയിട്ടുള്ളത്. ബുധൻ മുതൽ ഏഴുവരെ രാവിലെ ഒമ്പതുമുതൽ വൈകിട്ട് അഞ്ചുവരെ ഈ കേന്ദ്രങ്ങളിൽ വോട്ട് രേഖപ്പെടുത്താം.
അവശ്യ സർവീസ് വിഭാഗത്തിലുള്ളവർക്ക് തപാൽ വോട്ടിങ് കേന്ദ്രങ്ങളും പോളിങ് ഉദ്യോഗസ്ഥർക്ക് വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളുമാണുള്ളത്. നന്തൻകോട് ദേവസ്വം ബോർഡ് ജങ്‌ഷനിലുള്ള നിർമല ഭവൻ ഹയർ സെക്കൻഡറി സ്‌കൂളിന്റെ ഏഞ്ചൽ നെസ്റ്റ് ഓഡിറ്റോറിയത്തിലാണ് ഡെസിഗ്‌നേറ്റഡ് വോട്ടേഴ്സ് ഫെസിലിറ്റേഷൻസെന്റർ. അപേക്ഷ നൽകിയ എല്ലാ വോട്ടർമാർക്കും ഇതുസംബന്ധിച്ച നിർദേശം ഇആർഒമാർ നൽകിയിട്ടുണ്ട്.
കേരള പൊലീസ്, കേരള ബറ്റാലിയൻ, അഗ്നിരക്ഷാസേന, ജയിൽ, എക്സൈസ്, മിൽമ, ഇലക്ട്രിസിറ്റി, വാട്ടർ അതോറിറ്റി, കെഎസ്ആർടിസി, ട്രഷറി, ആരോഗ്യം, ഫോറസ്റ്റ്, ആകാശവാണി, ദൂരദർശൻ, ബിഎസ്എൻഎൽ, റെയിൽവേ, തപാൽ, തെരഞ്ഞെടുപ്പ് ദിന കവറേജിന് നിയുക്തരായ കമീഷൻ അംഗീകരിച്ച മാധ്യമ പ്രവർത്തകർ, കൊച്ചി മെട്രോ റെയിൽ ഉദ്യോഗസ്ഥർ എന്നിവരാണ് അവശ്യ സേവന വിഭാഗത്തിൽ ഉൾപ്പെട്ടവർ.










0 comments