print edition പോസ്റ്റൽ ബാലറ്റ് നിഷേധം; തെരഞ്ഞെടുപ്പ് കമീഷൻ ഹെെക്കോടതിയിൽ റിപ്പോർട്ട് നൽകി

കൊച്ചി : നിയമസഭാ തെരഞ്ഞെടുപ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് ലഭിക്കാത്തതിനാൽ വോട്ടുചെയ്യാൻ അവസരം ലഭിച്ചില്ലെന്ന ഹർജിയിൽ തെരഞ്ഞെടുപ്പ് കമീഷൻ ഹെെക്കോടതിയിൽ വിശദീകരണം നൽകി. വിവിധ ജില്ലകളിലെ തെരഞ്ഞെടുപ്പ് ഓഫീസർമാർ നൽകിയ റിപ്പോർട്ടും രേഖകളും ഹാജരാക്കി.
ആലപ്പുഴ, ഇടുക്കി, കണ്ണൂർ, കൊല്ലം, പാലക്കാട്, കോഴിക്കോട്, കോട്ടയം, തൃശൂർ ജില്ലകളിലെ തെരഞ്ഞെടുപ്പ് അധികാരികളുടെ വിശദീകരണങ്ങൾ റിപ്പോർട്ടിനൊപ്പം സമർപ്പിച്ചു. പല ഹർജിക്കാരുടെയും ഫോം 12 അപേക്ഷകൾ സമയബന്ധിതമായി ലഭിച്ചില്ലെന്നും ചില കേസുകളിൽ അപേക്ഷകൾ അപൂർണമായിരുന്നെന്നും റിപ്പോർട്ടിലുണ്ട്. ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. പോസ്റ്റൽ വോട്ട് നിഷേധിച്ചത് ചൂണ്ടിക്കാട്ടി എൻജിഒ യൂണിയനടക്കമാണ് ഹർജി നൽകിയത്.
കൃത്യസമയത്ത് ഫോം 12 സമർപ്പിച്ചിട്ടും ബാലറ്റ് അനുവദിച്ചില്ലെന്നാണ് പരാതി. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും അവസരം നൽകുമെന്ന് കമീഷൻ കോടതിയിൽ ഉറപ്പുനൽകിയിരുന്നെങ്കിലും ഇതുവരെ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.










0 comments