ad
Deshabhimani

ജഡ്‌ജി ചമഞ്ഞ് തട്ടിപ്പ്: വീട്ടമ്മയിൽ നിന്നും 6 ലക്ഷം രൂപ തട്ടിയെടുത്തവർ അറസ്റ്റിൽ

cheat case
വെബ് ഡെസ്ക്

Published on Jul 28, 2025, 10:37 PM | 1 min read

വെഞ്ഞാറമൂട്: വായ്‌പാ കുടിശ്ശിക എഴുതിത്തള്ളാൻ സഹായിക്കാമെന്നുപറഞ്ഞ്‌ വീട്ടമ്മയിൽനിന്ന്‌ ആറുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. കണ്ണൂർ ചിറയ്ക്കൽ കവിതാലയത്തിൽ കെ എം ജിഗേഷ് (40), മാന്നാർ ഇരുമന്തൂർ, അച്ചത്തറ വടക്കതിൽ വീട്ടിൽ സുമേഷ് (36)എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന്‌ ഒരു കാർ, 91,000 രൂപ, ലാപ്‌ടോപ്, പ്രിന്റർ ഏഴ് മൊബൈൽഫോൺ, കേന്ദ്രസർക്കാർ സർവീസിലേക്കുൾപ്പെടെയുള്ള വ്യാജ നിയമന ഉത്തരവുകൾ എന്നിവ പിടിച്ചെടുത്തു.


വെഞ്ഞാറമൂട് സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് നടപടി. മൂന്നുവർഷം മുമ്പ്‌ പരാതിക്കാരി കേരളാ ബാങ്കിൽനിന്ന്‌ 10 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. തിരിച്ചടവ് മുടങ്ങി, ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നു. ഇക്കാര്യം വീട്ടമ്മ ഒമാനിലുള്ള ഭർത്താവിനെ അറിയിച്ചു. അദ്ദേഹം സഹപ്രവർത്തകനായിരുന്ന മൂവാറ്റുപുഴ പൈങ്ങോട്ടുകര സ്വദേശി ഷിജുവിനോട് പറഞ്ഞു. തന്റെ പരിചയത്തിൽ കേരളാ ബാങ്കിന്റെ കാര്യങ്ങൾ നോക്കുന്ന ജഡ്ജിയുണ്ടന്നും ഏർപ്പാടാക്കാമെന്നും ഷിജു പറഞ്ഞു. ഈ വിവരം വീട്ടമ്മയെ ഭർത്താവ് അറിയിച്ചു. 2022ൽ ഒന്നരലക്ഷം രൂപയും അടുത്ത മാസം മൂന്ന് തവണകളിലായി നാലര ലക്ഷം രൂപയും ഇവർക്ക്‌ നൽകേണ്ടിവന്നു.


എന്നിട്ടും ബാങ്ക് നടപടികളുമായി മുന്നോട്ടുപോയതോടെ സംശയം തോന്നിയ വീട്ടമ്മ പ്രതികളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നാണ് വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകിയത്. മണ്ണഞ്ചേരിയിൽനിന്നാണ്‌ ഇവർ പിടിയിലായത്‌. ചോദ്യം ചെയ്യലിൽ വ്യാജ ‘ജഡ്ജി’ പത്താംക്ലാസ്‌ തോറ്റയാളാണെന്ന്‌ കണ്ടെത്തിയതായി പൊലീസ്‌ പറഞ്ഞു. പിടിച്ചെടുത്ത 91,000 രൂപ ദേവസ്വം ബോർഡിൽ വ്യാജ നിയമന ഉത്തരവ് നൽകി ഒരാളിൽനിന്നും തട്ടിയെടുത്തതാണ്. എസ്എച്ച്ഒ ആസാദ് അബ്ദുൽ കലാമിന്റെ നേതൃത്വത്തിൽ എസ്ഐ സജിത്ത്, എം എ ഷാജി, വി ഷാജി,സിപിഒ മാരായ സന്തോഷ്, ഷാനവാസ്, എന്നിവടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home