കർഷകർ ചോദിക്കുന്നു; ‘‘ഞങ്ങളോട് എന്തിനീ ക്രൂരത’’ : നഷ്‌ടപരിഹാരത്തിന് അപേക്ഷിക്കാനുള്ള പോർട്ടൽ തകരാറിൽ

ആലപ്പുഴ : ‘‘ഞങ്ങളോട് എന്തിനീ ക്രൂരത? 2018ന് സമാനമായ ദുരിതമാണ് ഇത്തവണ കുട്ടനാട്ടിലുണ്ടായത്. 13 ഇടങ്ങളിലാണ് മട വീണത്. വൻതോതിലാണ് നാശം. നഷ്‌ടപരിഹാരത്തിന് അപേക്ഷിക്കാൻ ചെന്നപ്പോൾ പോർട്ടൽ തകരാറും. വെള്ളിയാഴ്‌ചയ്‌ക്കുള്ളിൽ അപേക്ഷിക്കണമെന്നാണ് പറയുന്നത്. അതിന് കഴിഞ്ഞില്ലെങ്കിൽ എന്തുചെയ്യും ? ’’– കുട്ടനാട്ടിലെ കർഷകർ ഒന്നടങ്കം ചോദിക്കുന്നു.
കൃഷിനാശത്തിന്റെ നഷ്ടപരിഹാരത്തിനായി അപേക്ഷിക്കേണ്ട എയിംസ് (അഗ്രികൾച്ചർ മാനേജ്മെന്റ് ആൻഡ് ഇൻഫർമേഷൻ സിസ്റ്റം) പോർട്ടൽ തകരാറിലായതിനാൽ ആയിരക്കണക്കിന് കർഷകരാണ് ബുദ്ധിമുട്ടുന്നത്. നെല്ല്, വാഴ, തെങ്ങ്, കിഴങ്ങ് വിളകൾ, പച്ചക്കറി തുടങ്ങിയവയ്‌ക്കാണ് ഏറെയും നഷ്‌ടമുണ്ടായത്. കാലവർഷം കലിതുള്ളി കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്‌തമായ ജൂലൈ 30ന് ശേഷമാണ് കൃഷി തകർത്തെറിയപ്പെട്ടത്. രണ്ടാംകൃഷിയിറക്കിയ നിലങ്ങൾ മടവീണ് നശിച്ചു. ഓണവിപണി ലക്ഷ്യമിട്ടുള്ള ആയിരക്കണക്കിന് വാഴകളും നശിച്ചു.
ഇതിനൊക്കെ നഷ്‌ടപരിഹാരം തേടിയാണ് കർഷകർ അക്ഷയകേന്ദ്രങ്ങളിൽ എത്തിയതെങ്കിലും പോർട്ടൽ ലഭ്യമല്ലെന്ന മറുപടിയാണ് ലഭിച്ചത്. ദിവസങ്ങളായി ഇതിനായി നടന്നവരിൽ ചിലരുടെ മാത്രം ശരിയായി. ഇതിനിടെ, വെള്ളിയാഴ്‌ചയ്‌ക്കുള്ളിൽ അപേക്ഷിക്കണമെന്ന് ചില കൃഷിഭവനുകളിൽനിന്ന് പറഞ്ഞതും കർഷകർക്ക് ഇടിത്തീയായി. അപേക്ഷിക്കാനുള്ള തീയതി നീട്ടിയില്ലെങ്കിൽ എന്തുചെയ്യുമെന്ന ആശങ്കയിലാണ് നാടിനെ അന്നമൂട്ടുന്നവർ.
ജില്ലയിൽ ഇതുവരെയുള്ള നഷ്‌ടം 29.33 കോടിയുടേതാണ്. 2077.44 ഹെക്‌ടർ സ്ഥലത്താണ് നാശം. ഇതിൽ കൃഷിവകുപ്പ് അന്പലപ്പുഴ അസി. ഡയറക്‌ടറുടെ പരിധിയിലാണ് 44.14 ശതമാനം നഷ്‌ടവും. 12,94,32,550 രൂപയാണ് നഷ്‌ടം. രാമങ്കരിയിൽ 3,89,93,400, ചന്പക്കുളത്ത് 3,02,90,000 , ഹരിപ്പാട് 2,57,40,750 , ചെങ്ങന്നൂർ 2,30,85,100, ആലപ്പുഴ 1,97,71,460, ചേർത്തല 91,49,100, മാവേലിക്കര 79,99,200, ചാരുംമൂട് 52,48,250 കുത്തിയതോട് 5,31,500 രൂപവീതമാണ് നഷ്‌ടം.










0 comments