ഓസീസിനെതിരെ ചരിത്ര സെഞ്ചുറിയുമായി തൻസിദ് ഹസൻ; ഡാർവിൻ ടെസ്റ്റിൽ ബംഗ്ലാദേശിന് ലീഡ്

തൻസിദ് ഹസൻ| Photo:X
ഡാർവിൻ : ഓസ്‌ട്രേലിയക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഓപ്പണർ തൻസിദ് ഹസന്റെ സെഞ്ചുറിയുടെ കരുത്തിൽ ബംഗ്ലാദേശിന് ഒന്നാം ഇന്നിങ്‌സ് ലീഡ്. ഓസ്‌ട്രേലിയൻ മണ്ണിൽ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ ബംഗ്ലാദേശ് താരം എന്ന ചരിത്രനേട്ടവും ഇതോടെ താരം സ്വന്തമാക്കി.
കരിയറിലെ രണ്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന 25കാരനായ തൻസിദ് ഹസൻ 197 പന്തിൽ 8 ഫോറും ഒരു സിക്‌സും സഹിതം 101 റൺസെടുത്തു.
ഓസ്‌ട്രേലിയയെ ഒന്നാം ഇന്നിങ്‌സിൽ 198 റൺസിന് പുറത്താക്കി ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് നിലവിൽ 3 വിക്കറ്റ് നഷ്ടത്തിൽ 286 റൺസെന്ന നിലയിലാണ്. ഇതോടെ ബംഗ്ലാദേശിന് 88 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡായി.
ഓപ്പണർ ഷദ്മാൻ ഇസ്ലാമിനെ (20) തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും തൻസിദ് - മൊമിനുൽ ഹഖ് സഖ്യം രണ്ടാം വിക്കറ്റിൽ 102 റൺസ് കൂട്ടിച്ചേർത്തു. മൊമിനുൽ 49 റൺസെടുത്ത് പുറത്തായി. തുടർന്ന് ക്രീസിലെത്തിയ ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോയും (50) മികച്ച പിന്തുണ നൽകിയതോടെ ബംഗ്ലാദേശ് ലീഡിലേക്ക് മുന്നേറുകയായിരുന്നു.
6 വിക്കറ്റ് വീഴ്ത്തിയ പേസർ ഹസൻ മഹ്മൂദിന്റെ മികച്ച പ്രകടനമാണ് ഓസ്‌ട്രേലിയയെ കുറഞ്ഞ സ്‌കോറിൽ ഒതുക്കിയത്. 71 റൺസെടുത്ത സ്റ്റീവ് സ്മിത്ത് മാത്രമാണ് ഓസീസ് നിരയിൽ പൊരുതിയത്.








0 comments