ആ ഘോരശബ്‌ദം ഇന്നും കാതുകളിൽ... ; പൊന്മുടി വിമാനാപകടത്തിന് ഇന്ന് 35 വർഷം

എഎൻ 32 ഫയൽചിത്രം
ബിമൽ പേരയം
Published on Jul 15, 2025, 02:00 AM | 1 min read
തിരുവനന്തപുരം
35 വർഷംമുമ്പ്, 1990 ജൂലൈ 15. താണുപറന്ന വ്യോമസേനാ വിമാനം പൊന്മുടിയിൽ മരത്തിലിടിച്ച് വൻശബ്‌ദത്തോടെ തകർന്നുവീണു. ശബ്‌ദംകേട്ട് നടുങ്ങിയവർ അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല. അപകടം നടന്ന് രണ്ടാം ദിനം നാട്ടുകാരാണ് വിമാനം തകർന്ന് വീണത് കണ്ടെത്തിയത്. ദുരന്തകഥ പുതിയ തലമുറയ്ക്ക് അറിയില്ല.
ദൃക്‌സാക്ഷികളിൽ ജീവിച്ചിരിക്കുന്നവരും വിരളം. എന്നാൽ, വിമാനാപകടത്തിന്റെ ഓർമചിത്രങ്ങൾ ഇന്നും പൊന്മുടിയിലെ മണിയന്റെ മനസ്സിലുണ്ട്. അന്ന് 20 വയസ്സാണ് മണിയന്. കുളച്ചിക്കര, പൊന്മുടി എസ്റ്റേറ്റുകളിലെ തൊഴിലാളികളോടൊപ്പം ഉൾക്കാട്ടിൽ അപകടം നടന്ന സ്ഥലത്ത് മണിയനുമെത്തി. വൻശബ്‌ദം ഇന്നും കാതുകളിൽ മുഴങ്ങുന്നുണ്ടെന്ന് പൊന്മുടി ടൂറിസം ഗസ്റ്റ് ഹൗസിലെ തൊഴിലാളിയായ മണിയൻ പറയുമ്പോഴും അപകടദൃശ്യം നേരിൽ കണ്ട പരിഭ്രമം കണ്ണുകളിൽ.
കാലവർഷവും കോടമഞ്ഞുമാണ് അപകടകാരണമായത്. സമുദ്രനിരപ്പിൽനിന്ന് 1100 മീറ്റർ -ഉയരമുള്ള മലമുകളിലെ കോടമഞ്ഞിൽ മരക്കൂട്ടങ്ങളെ കാണാൻ പൈലറ്റിനായില്ല. ദുരന്തത്തിൽ മലയാളിയടക്കം 5 പേരാണ് മരിച്ചത്. പാലക്കാട് സ്വദേശി മാസ്റ്റർ വാറന്റ് ഓഫീസർ കെ എ വൈദ്യനാഥനാണ് മരിച്ച മലയാളി. പുണെ സ്വദേശികളായ ഫ്ലൈയിങ് ഓഫീസർ എസ് മിത്ര, ടെക്‌നീഷ്യൻ എസ് വി വസന്ത്, മുംബൈ സ്വദേശി ക്യാപ്‌റ്റൻ എസ് ഇ ബാരിയ, ആഗ്ര സ്വദേശി നാവിഗേറ്റർ എസ് കെ ശർമ എന്നിവരാണ് മരിച്ച മറ്റുള്ളവർ.
ചെന്നൈയിൽനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട റഷ്യൻ നിർമിത എഎൻ 32 വിമാനമാണ് തകർന്നുവീണത്. പൊന്മുടിയിൽനിന്ന് 7 കിലോമീറ്റർ അകലെയുള്ള ഉൾവനത്തിൽ പാറക്കൂട്ടങ്ങൾക്കിടയിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്തവിധം ചിതറിയനിലയിലായിരുന്നു. ലോകത്തിന്റെ ഏതുകോണിൽ വിമാനാപകടം നടന്നാലും ഇന്നും നാട്ടുകാരുടെ ഓർമകളിലേക്ക് പൊന്മുടിയും കടന്നുവരും. 5 വർഷത്തിനിടെ രാജ്യം കണ്ട ഏറ്റവും വലിയ വിമാനാപകടം ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്നപ്പോഴും പൊന്മുടി ദുരന്തത്തിന്റെ ഓർമകൾ ഇവിടെയുളളവർ ഓർത്തുപോയി.









0 comments