ad
Deshabhimani

പൊൽപ്പുള്ളി അപകടം: പൊള്ളലേറ്റവർക്ക് ചികിത്സാ സഹായം ഏർപ്പെടുത്തും; മന്ത്രി നിർദേശം നൽകി

POLPULLI CAR ACCIDENT

പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചതിന് ശേഷം മന്ത്രി കെ കൃഷ്ണൻകുട്ടി അധികൃതരുമായി സംസാരിക്കുന്നു.

വെബ് ഡെസ്ക്

Published on Jul 13, 2025, 04:26 PM | 1 min read

പാലക്കാട്: പാലക്കാട് കാർ സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീ പിടിച്ച് ​ഗുരുതരമായി പൊള്ളലേറ്റ് മരിച്ച രണ്ട് കുട്ടികളുടെ പൊസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. പരേതനായ മാർട്ടിന്റെയും എൽസിയുടെയും മക്കളായ ആൽഫ്രഡ് മാർട്ടിൻ(6), എമിൽ മരിയ (4) എന്നിവരാണ് അപകടത്തിൽ മരിച്ചത്. പാലക്കാട് ജില്ല ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ചത്.


കാർ പൊട്ടിത്തെറിച്ച് പരിക്കേറ്റ കുട്ടികളുടെ അമ്മ എൽസി, മൂത്ത മകൾ അലീന, മുത്തശ്ശി ഡെയ്സി എന്നിവരെ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ആശുപത്രിയിൽ സന്ദർശിച്ചു. ഇവർ പാലക്കാട്‌ പാലന ആശുപത്രിയിലാണ്‌ ചികിത്സയിലുള്ളത്‌. കുട്ടികളുടെ സംസ്കാര ചെലവുകൾ പൂർണമായും സർക്കാർ വഹിക്കുമെന്ന് മന്ത്രി അറിയിച്ചു. പരിക്കേറ്റ് ചികിത്സയിലുള്ളവർക്ക് ചികിത്സാ സഹായം ഏർപ്പെടുത്തുന്നതിന് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.


കുടുംബത്തിന് ധനസഹായം നൽകുന്ന കാര്യം മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മൃതദേഹം പാലന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടികളുടെ അമ്മ എൽസിയുടെ നില ​ഗുരുതരമാണ്. പൊള്ളലേറ്റ മൂത്ത കുട്ടി അലീന, മുത്തശ്ശി ഡെയ്സി എന്നിവർ അപകടാവസ്ഥ തരണം ചെയ്തു.


വെള്ളി വൈകിട്ട് അഞ്ചിനാണ്‌ നാടിനെ നടുക്കിയ സംഭവം. പാലന ആശുപത്രിയിലെ നഴ്സായ എൽസി ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം മക്കളുമായി പുറത്തേക്കുപോകാൻ കാർ സ്റ്റാർട്ടാക്കിയപ്പോഴായിരുന്നു അപകടം. സ്റ്റാർട്ടാക്കിയ ഉടൻ പെട്രോൾ ടാങ്കിന്റെ ഭാഗത്തുനിന്ന്‌ തീ പടരുകയായിരുന്നു. നിമിഷനേരം കൊണ്ട് തീ ആളിക്കത്തി. എൽസി മക്കളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നിലവിളികേട്ട്‌ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയപ്പോഴാണ്‌ മുത്തശ്ശി ഡെയ്സിക്ക്‌ പൊള്ളലേറ്റത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home