print edition രാഷ്‌ട്രീയപ്രേരിത നടപടി; തദ്ദേശവകുപ്പിൽ 410 പേരെ സ്ഥലംമാറ്റി

എഐ പ്രതീകാത്മകചിത്രം

സ്വന്തം ലേഖകൻ
Published on Sep 07, 2026, 01:00 AM | 1 min read
തിരുവനന്തപുരം : തദ്ദേശവകുപ്പിൽ ഒറ്റരാത്രികൊണ്ട് 410 സീനിയർ ക്ലർക്കുമാരെ സ്ഥലംമാറ്റി. തദ്ദേശമന്ത്രി നേരത്തെ സംഘടനാനേതാക്കൾക്ക് നൽകിയ ഉറപ്പുകൾ ലംഘിച്ചാണ് രാഷ്‌ട്രീയപ്രേരിത നടപടി. ശനിയാഴ്‌ച നാല് ഉത്തരവിലൂടെയാണ് മാനദണ്ഡവിരുദ്ധമായി സ്ഥലംമാറ്റിയത്.
എൻജിഒ യൂണിയൻ സംസ്ഥാന ട്രഷറർ ടി എം ഹാജറയെ ഇടുക്കി മണക്കാട് പഞ്ചായത്തിൽനിന്ന് തൃശൂർ മതിലകത്തേക്ക് മാറ്റി. കോട്ടയം ജില്ലാ സെക്രട്ടറി അനിൽകുമാറിനെയും കാസർകോട് ജില്ലാ പ്രസിഡന്റ് പി കെ വിനോദ്കുമാറിനെയും വിദൂര സ്ഥലങ്ങളിലേക്ക് മാറ്റി. ക്ലർക്കുമാരെ ജില്ലയുടെ പുറത്തേക്ക് അപൂർവമായേ മാറ്റാറുള്ളൂ. ഭരണാനുകൂല സംഘടനകൾ തയ്യാറാക്കി നൽകിയ പട്ടികയാണെന്നും ആക്ഷേപമുണ്ട്.
ജെഎസുമാരെ മാനദണ്ഡവിരുദ്ധമായി മാറ്റിയപ്പോൾ എൻജിഒ യൂണിയൻ 16 ദിവസം ഡയറക്ടറേറ്റിനുമുന്നിൽ സത്യഗ്രഹം നടത്തിയിരുന്നു. തിരുത്തൽ വരുത്തുമെന്നും മാനദണ്ഡം പാലിക്കുമെന്നും മന്ത്രി കെ എം ഷാജി ഉറപ്പുനൽകിയാണ് സമരം അവസാനിച്ചത്. അതിനടുത്ത ദിവസം 264 സെക്രട്ടറിമാരെ മാറ്റി. ആഗ്രഹിച്ച ഇടങ്ങളിലേക്ക് പോകാൻ ചിലർ അഞ്ചുമുതൽ 10 ലക്ഷം രൂപവരെ കൈക്കൂലി നൽകിയതായും ആരോപണമുയർന്നു. ഭരണാനുകൂല സംഘടനകളുടെ നേതാക്കൾ മുഖേനയാണ് അപേക്ഷ വാങ്ങിയത്. സ്ഥലംമാറ്റം നടപ്പാക്കാൻ മന്ത്രി കെ എം ഷാജി നൽകിയ കത്ത് പുറത്തായിരുന്നു.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കൃത്യമായ മാനദണ്ഡമനുസരിച്ച് ഓൺലൈൻ വഴിയായിരുന്നു നടപടി. ഒരേ ഓഫീസിൽ മൂന്നുവർഷം പൂർത്തിയാക്കിയ എല്ലാവരെയും രാഷ്‌ട്രീയ പക്ഷപാതിത്വമില്ലാതെ മാറ്റി. ഏത് തദ്ദേശസ്ഥാപനത്തിലേയ്‌ക്കും മാറാൻ അവസരമുണ്ടായിരുന്നു. ഇൗ രീതിയിൽ 2023 ജൂലൈയിലാണ് ഏറ്റവും വലിയ പട്ടിക വന്നത്. പരാതികൾക്കിടയില്ലാതെ 6316 പേരെയാണ് അന്ന് മാറ്റിയത്.










0 comments