print edition കുംഭമേള താരത്തിന് പൊലീസ് സംരക്ഷണം തുടരണം: ഹെെക്കോടതി

കൊച്ചി : കുംഭമേള വൈറൽ താരമായ യുവതിക്ക് ഹർജി തീർപ്പാകുന്നതുവരെ പൊലീസ് സംരക്ഷണം തുടരണമെന്ന് ഹൈക്കോടതി. പ്രായപൂർത്തിയായശേഷമാണ് വിവാഹം നടന്നതെന്ന് ബോധ്യപ്പെടുത്തി യുവതി സമർപ്പിച്ച ജനന സർട്ടിഫിക്കറ്റും അനുബന്ധ രേഖകളുമടക്കം പരിശോധിച്ചാണ് പൊലീസ് സംരക്ഷണം തുടരാൻ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉത്തരവിട്ടത്. തനിക്കെതിരെ വിദ്വേഷ പ്രചാരണമുണ്ടെന്നും ജീവന് ഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടി യുവതി നൽകിയ ഹർജിയാണ് പരിഗണിച്ചത്. മുസ്ലീം യുവാവിനെ വിവാഹം കഴിച്ചതിനാൽ നാട്ടിലെത്തിയാൽ ദുരഭിമാനക്കൊലയ്‌ക്ക് ഇരയാകുമെന്ന് ഭയമുണ്ടെന്നും ഹർജിയിൽ പറയുന്നു.
തദ്ദേശ സ്ഥാപനത്തിൽ നിന്ന് ലഭിച്ച ജനന സർട്ടിഫിക്കറ്റ്, ആധാർ, പാൻ കാർഡുകൾ എന്നിവ യുവതി കോടതിയിൽ ഹാജരാക്കിയിരുന്നു. വിവാഹിതയാകുന്പോൾ യുവതിക്ക് 18 വയസും രണ്ട് മാസവും പൂർത്തിയായിരുന്നുവെന്ന് രേഖകൾ പരിശോധിച്ച് കോടതി വിലയിരുത്തി. 2008 ജനുവരി ഒന്നാണ് രേഖകളിലെ ജനന തീയതി. വിവാഹം നടന്നത് 2026 മാർച്ച് 11നാണ്. ഈ സാഹചര്യം വിലയിരുത്തിയാണ് പൊലീസ് സംരക്ഷണം തുടരാൻ ഉത്തരവിട്ടത്.










0 comments