print edition മുഖ്യമന്ത്രിയുടെ സ്വന്തം ലഹരിമാഫിയ; അന്വേഷണം അട്ടിമറിക്കാൻ ഉന്നതന്റെ ഇടപെടൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലെ വിശ്വസ്തനടക്കമുള്ള യൂത്ത് കോൺഗ്രസുകാർ എംഡിഎംഎയുമായി പിടിയിലായ കേസിന്റെ അന്വേഷണം അട്ടിമറിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഇടപെടൽ. പ്രതി മുഹമ്മദ് ഹുസൈനും മുഖ്യമന്ത്രി വി ഡി സതീശനും തമ്മിലുള്ള ബന്ധം പുറത്തുപോകാതിരിക്കലാണ് പ്രധാന ലക്ഷ്യം. തലസ്ഥാനത്തെ ഉന്നത പൊലീസ് ഓഫീസർക്കാണ് ഇതിന്റെ ചുമതല.
ഓപ്പറേഷൻ തൂഫാന്റെ ചുമതല ഡാൻസാഫ് ടീമിനാണ്. പ്രതികളെ അറസ്‌റ്റ് ചെയ്‌തതും അവരാണ്. കാസർകോഡ് ചന്തേര സ്‌റ്റേഷനിലാണ് കേസെടുത്തത്. എസ്‌എച്ച്‌ഒ ആയിരുന്ന ഇൻസ്‌പെക്ടർ എം വി ഷിജുവിനായിരുന്നു അന്വേഷണ ചുമതല.
എന്നാൽ, പ്രതി ഹുസൈൻ മുഖ്യമന്ത്രിയുടെ സ്വന്തക്കാരനെന്ന വിവരം അറിഞ്ഞതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ഇടപ്പെട്ട് അന്വേഷണം മരവിപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. തുടർന്നാണ് ഉന്നതൻ അന്വേഷണം നേരിട്ട് ഏറ്റെടുത്തത്. മുഖ്യമന്ത്രിയുമായി പ്രതിക്കുള്ള ബന്ധം അറസ്‌റ്റിലായപ്പോൾത്തന്നെ ഹുസൈൻ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. അതൊന്നും എഫ്‌ഐആറിലില്ല.
രാജ്യാന്തര ബന്ധമുള്ള കേസിന്റെ വിവരം കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറിയിട്ടുമില്ല. മയക്കുമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട എല്ലാ വിവരവും കസ്റ്റംസ്, കോസ്റ്റ് ഗാർഡ്, നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ, റവന്യൂ ഇന്റലിജൻസ്, കോസ്റ്റൽ പൊലീസ്, സംസ്ഥാന ഇന്റലിജൻസ്, കേരള എക്‌സൈസ്, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് , റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ്, നാഷണൽ ടെക്നിക്കൽ റിസർച്ച് ഓർഗനൈസേഷൻ തുടങ്ങിയ വിവിധ ഏജൻസികൾക്ക് കൈമാറുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിരുന്നു. ഇതിനും പൂട്ടിട്ടിരിക്കുകയാണ് സർക്കാർ.










0 comments