ഓടിക്കാത്ത ബൈക്കിന് പിഴയിട്ട് പൊലീസ്

വണ്ടൂർ: ഓടിച്ചിട്ടില്ലാത്ത ബൈക്കിന്റെ പേരിൽ പിഴ അടയ്ക്കാനാവശ്യപ്പെട്ട് വാണിയമ്പലം സ്വദേശിക്ക് പൂക്കോട്ടുംപാടം പൊലീസിന്റെ നോട്ടീസ്. വാണിയമ്പലം കെകെഎസ് നഴ്സറി ഉടമ പി കെ മുഹമ്മദ് ജമാലിനാണ് ചെയ്യാത്ത കുറ്റത്തിന് പിഴയടക്കണമെന്ന് കാണിച്ച് നോട്ടീസ് എത്തിയത്. ഹെൽമെറ്റ് ധരിക്കാതെ സ്കൂട്ടറിൽ യാത്രചെയ്തതിന് 500 രൂപ പിഴ അടയ്‌ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. താൻ ഉപയോഗിക്കാത്ത വാഹനത്തിന് എങ്ങനെ പിഴ ചലാൻ ലഭിച്ചുവെന്ന ആശയക്കുഴപ്പത്തിലാണ് ജമാൽ.
ഫോട്ടോ സഹിതം ലഭിച്ച നോട്ടീസിൽ സ്കൂട്ടറിന്റെ ചിത്രവും ഹെൽമെറ്റില്ലാതെ യാത്രചെയ്യുന്നയാളുടെ ദൃശ്യവും വ്യക്തമാണ്. സ്കൂട്ടറിന്റെ നമ്പറും തന്റെ ബൈക്കിന്റെ നമ്പറും വ്യത്യസ്തമാണ്. ഫോട്ടോയിൽ കാണുന്ന ആളോ വാഹനമോ ഏതാണെന്നുപോലും ജമാലിനറിയില്ല. എന്നാൽ നോട്ടീസിൽ രേഖപ്പെടുത്തിയത് മുഹമ്മദിന്റെ ഹോണ്ട ഷൈൻ ബൈക്കിന്റെ നമ്പറാണ്. നിലമ്പൂർ ആർടിഒ ഓഫീസിൽ അന്വേഷിച്ചപ്പോൾ സംഭവം അമരമ്പലത്ത് നടന്നതാണെന്നും പൂക്കോട്ടുംപാടം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്നുമായിരുന്നു നിർദേശം. തെറ്റുപറ്റിയ പൊലീസ് കൈമലർത്തുന്നതാണ് ജമാലിനെ കുഴക്കുന്നത്.









0 comments