കതക് അടിച്ചുതകർത്ത് പൊലീസ്; ചെലവന്നൂരിൽ മൂന്ന് സെൻ്റിൽ താമസിക്കുന്ന കുടുംബത്തെ കുടിയൊഴിപ്പിച്ചു

ബിന്ദു ഷാജിയെ വീട്ടിൽനിന്നും വലിച്ചിറക്കി അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്
കൊച്ചി: ചെലവന്നൂരിൽ മൂന്ന് സെന്റിൽ താമസിക്കുന്ന കുടുംബത്തെ കുടിയൊഴിപ്പിച്ച് പൊലീസ്. കടവന്ത്ര പൊന്നോത്ത് റോഡിൽ പുറംപോക്കിൽ താമസിക്കുന്ന ആറുകണ്ടത്തിൽ ബിന്ദു ഷാജിയെയും കുടുംബത്തെയുമാണ് പൊലീസ് ബലംപ്രയോഗിച്ച് ഇറക്കിവിട്ടത്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച നാട്ടുകാരെയും വീട്ടുടമയെയും അറസ്റ്റ് ചെയ്തുനീക്കി.
കോടതി ഉത്തരവിനെ തുടർന്ന് മുമ്പ് മൂന്ന് പ്രാവശ്യവും വീട് ഒഴിപ്പിക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഒഴിപ്പിക്കാനാകാതെ തിരിച്ചുപോകുകയായിരുന്നു. ശനിയാഴ്ച വൻസന്നാഹത്തോടെ വീണ്ടും പൊലീസ് എത്തി. കമ്പിപ്പാരകൊണ്ട് കതകിന്റെ പൂട്ട് അടിച്ചുതകർത്താണ് അകത്തുകയറിയത്. തുടർന്ന് കുടുംബത്തെ ബലംപ്രയോഗിച്ച് വീടിന് പുറത്താക്കി.
അറസ്റ്റിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബിന്ദു ഷാജിയെയും അമ്മ വിലാസിനിയെയും പൊലീസ് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടിയൊഴിപ്പിക്കലിൽ പ്രതിഷേധിച്ച സിപിഐ എം കടവന്ത്ര ലോക്കൽ സെക്രട്ടറി കെ പി പ്രതീഷ്‌കുമാർ, കെഎസ്‌കെടിയു ഏരിയാ പ്രസിഡന്റ് ടി കെ വിജയൻ, സെക്രട്ടറി സി ടി വർഗീസ്, കെ ടി വിശ്വനാഥൻ, ജോസഫ് ഷാജി, ടി പി അജികുമാർ, എ ആർ സുനിത തുടങ്ങിയവരെ അറസ്‌റ്റ്‌ചെയ്‌ത് നീക്കിയ ശേഷമായിരുന്നു ഒഴിപ്പക്കൽ.
40 വർഷത്തിലധികമായി ബിന്ദു ഷാജിയും കുടുംബവും പൊന്നോത്ത് റോഡിലെ പുറംപോക്കിലാണ് താമസം. ബിന്ദു ഷാജിയുടെ വീടിരിക്കുന്ന മൂന്ന് സെന്റ് ഉൾപ്പെടെ 62 സെന്റ് പുറംപോക്ക് ഭൂമിക്ക് വളഞ്ഞമ്പലം സ്വദേശിയും എതിർകക്ഷിക്കാരനുമായ രവിന്ദ്രന്റെ അച്ഛൻ 1995-ൽ പട്ടയം സമ്പാദിച്ചിരുന്നു. ബിന്ദു ഷാജിയും കുടുംബവും തന്റെ പറമ്പിൽ അനധികൃതമായി താമസിക്കുകയാണന്നും അവിടെനിന്ന് ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് രവീന്ദ്രൻ 2017ൽ എറണാകുളം മുൻസിഫ് കോടതിയെ സമീപിച്ചു. വിധി ബിന്ദു ഷാജിക്ക് അനുകൂലമായിരുന്നു. തുടർന്ന് രവീന്ദ്രൻ ജില്ലാ കോടതിയിൽ അപ്പീൽ കൊടുത്ത് അനുകൂല വിധി നേടി. വ്യാജരേഖ ചമച്ചാണ് ഭൂമി പോക്ക് വരവ് ചെയ്തതെന്നും പട്ടയം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കെഎസ്‌കെടിയു എറണാകുളം എരിയ കമ്മിറ്റി കലക്ടർക്ക് പരാതി നൽകി. പരാതിയിൽ തുടർ നടപടി സ്വീകരിക്കുന്നതിനിടെയാണ് ശനിയാഴ്‌ച താമസക്കാരെ ഒഴിപ്പിച്ചത്.









0 comments