ഒരു റണ്ണിന്റെ ത്രില്ലർ; തൃശൂർ ടൈറ്റൻസിനെ വീഴ്ത്തി കൊച്ചി ബ്ലൂ ടൈഗേഴ്സ്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ ആവേശം അവസാന പന്ത് വരെ നീണ്ട മത്സരത്തിൽ തൃശൂർ ടൈറ്റൻസിനെ ഒരു റണ്ണിന് തോൽപ്പിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 19.1 ഓവറിൽ 171 റൺസിന് ഓൾഔട്ടായപ്പോൾ, മറുപടി ബാറ്റിങ്ങിൽ തൃശൂരിന് 20 ഓവറിൽ 170 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
35 പന്തിൽ മൂന്ന് സിക്സും നാല് ഫോറും സഹിതം ഉണ്ണികൃഷ്ണൻ മനുകൃഷ്ണൻ നേടിയ 50 റൺസും 23 പന്തിൽ നാല് സിക്സും മൂന്ന് ഫോറും സഹിതം 46 റൺസെടുത്ത സുരേഷ് സച്ചിന്റെ വെടിക്കെട്ട് പ്രകടനവുമാണ് കൊച്ചിയെ മികച്ച സ്കോറിലെത്തിച്ചത്.
തൃശൂരിന്റെ ശരത് പ്രസാദ് നാല് വിക്കറ്റും അബ്‌ദുൾ റമീസ് 3 വിക്കറ്റും നേടി മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്തു
171 റൺസ് വിജയലക്ഷ്യം പിന്തുടർന്ന തൃശൂരിനായി ശോൺ റോജർ 41 റൺസും നിഖിൽ തോട്ടത്ത് 31 റൺസും എകെ അർജുൻ 32 റൺസും നേടി. ഷാരോൺ എസ്എസ് 12 പന്തിൽ 24 റൺസെടുത്തെങ്കിലും തൃശൂരിന് ലക്ഷ്യം മറികടക്കാനായില്ല.
കൊച്ചിക്കായി കാർത്തിക് ബി നായർ നാല് ഓവറിൽ 21 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ബേസിൽ തമ്പിയും എൻ മുഹമ്മദ് അഷിഖും രണ്ട് വിക്കറ്റ് വീതം നേടി.
അവസാന ഓവറുകളിൽ കൊച്ചി ബൗളർമാർ സമ്മർദ്ദം നിലനിർത്തിയതോടെയാണ് തൃശൂർ 170 റൺസിൽ പുറത്തായത്. ഒരു റണ്ണിന്റെ ആവേശജയത്തോടെ കൊച്ചി ബ്ലൂ ടൈഗേഴ്സ് മത്സരം സ്വന്തമാക്കി.









0 comments