ad
Deshabhimani

യുജിസി-നെറ്റ്; ജൂണിലെ പുനഃപരീക്ഷ സെപ്തംബർ 9 മുതൽ

UGC-NET
വെബ് ഡെസ്ക്

Published on Aug 29, 2026, 07:37 PM | 2 min read


ന്യൂഡൽഹി : ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി എന്നീ മൂന്ന് വിഷയങ്ങൾക്കായുള്ള യു‌ജി‌സി-നെറ്റ് പരീക്ഷ സെപ്റ്റംബർ 9 മുതൽ 10 വരെ വീണ്ടും നടത്തുമെന്ന് എൻടിഎ. ജൂണിൽ നടക്കേണ്ടിയിരുന്ന നെറ്റ് പരീക്ഷയാണ് അടുത്തമാസം നടത്താനിരിക്കുന്നത്. കഴിഞ്ഞ ജൂണിൽ നടന്ന യുജിസി-നെറ്റ് പരീക്ഷയിലെ ചോദ്യപ്പേപ്പറുകളിൽ ഗുരുതരമായ തെറ്റുകൾ കണ്ടെത്തിയതിനെത്തുടർന്ന് ഈ മൂന്ന് വിഷയങ്ങളുടെ പരീക്ഷകൾ റദ്ദാക്കി.


പരീക്ഷ കഴിഞ്ഞ് ഏകദേശം രണ്ട് മാസത്തിന് ശേഷം ഓഗസ്റ്റ് 16ന് മൂന്ന് വിഷയങ്ങളുടെയും ഉത്തരസൂചിക പുറത്തിറക്കിയിരുന്നു. അതേദിവസം തന്നെ പിശകുകൾ ചൂണ്ടിക്കാണിച്ച് മൂന്ന് പരീക്ഷകളും സെപ്തംബറിൽ പുതുതായി നടത്തുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. പരീക്ഷ നടത്തിപ്പിലെ നിരന്തരമായ വീഴ്ചകളും ചോദ്യപ്പേപ്പറുകളിലെ പിഴവുകളും വഴി രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളെ ദുരിതത്തിലാക്കുന്ന എൻടിഎയുടെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും പിടിപ്പുകേടാണെന്ന വിമർശനം ഉയർന്നു വന്നിരുന്നു.


പുതിയ അറിയിപ്പ് പ്രകാരം ഇംഗ്ലീഷ് പരീക്ഷ സെപ്റ്റംബർ 9ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയാണ്. കൊമേഴ്‌സ് ഇതേപുതിയ അറിയിപ്പ് പ്രകാരം ഇംഗ്ലീഷ് പരീക്ഷ സെപ്റ്റംബർ 9ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയാണ്. കൊമേഴ്‌സ് ഇതേ ദിവസം ഉച്ചകഴിഞ്ഞ് 3 മുതൽ വൈകുന്നേരം 6 വരെയും. സോഷ്യോളജി സെപ്റ്റംബർ 10ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണി വരെ നടക്കും. പുനഃപരീക്ഷക്ക് അധിക ഫീസ് നൽകേണ്ടതില്ല.


പുനഃപരീക്ഷ എഴുതുന്നവർ ഈ ഘട്ടത്തിൽ സ്കോർകാർഡ് ആക്‌സസ് ചെയ്യാൻ ശ്രമിച്ചാൽ "Invalid Application Number/Password" എന്ന സന്ദേശം ലഭിച്ചേക്കാമെന്ന് അറിയിപ്പിൽ പറയുന്നുണ്ട്. അതായത് പുനഃപരീക്ഷയ്ക്ക് ശേഷം മാത്രമേ ഈ മൂന്ന് വിഷയങ്ങളുടെയും ഫലങ്ങളും സ്കോർകാർഡുകളും പുറത്തുവിടുകയുള്ളൂ. ജെആർഎഫ് ലഭിക്കുന്നതിനും അസിസ്റ്റന്റ് പ്രൊഫസർ യോഗ്യത ഉറപ്പാക്കുന്നതിനും പിഎച്ച്ഡി പ്രവേശനത്തിനും 87 വിഷയങ്ങളിലായി ജൂൺ 22 മുതൽ 30 വരെ എൻടിഎ യു‌ജി‌സി-നെറ്റ് പരീക്ഷ നടത്തിയിരുന്നു.


അതേസമയം 84 വിഷയങ്ങളിലേക്കുള്ള ജൂൺ 2026ലെ യുജിസി-നെറ്റ് ഫലം വെള്ളിയാഴ്ച എൻടിഎ പുറത്തുവിട്ടിരുന്നു. ഉദ്യോഗാർഥികൾക്ക് ഫലവും സ്കോർകാർഡുകളും ഔദ്യോഗിക യുജിസി-നെറ്റ് വെബ്സൈറ്റിൽ ലഭിക്കും. സ്കോർകാർഡുകൾ കാണുവാനും ഡൗൺലോഡ് ചെയ്യാനും പ്രിന്റ് ചെയ്യാനും സാധിക്കും. പരീക്ഷ എഴുതിയ 6.07 ലക്ഷം പേരിൽ 97,000 ത്തിലധികം പേർ പിഎച്ച്ഡി പ്രവേശനത്തിനും 4,000 ത്തിലധികം പേർ ജെആർഎഫിനും യോഗ്യത നേടിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home