print edition പൊലീസ് മർദനത്തിൽ വൃക്കരോഗിക്ക് ഗുരുതര പരിക്ക്; തല്ലിച്ചതച്ചു, ശരീരമാകെ മുറിവും നീരും

അനിൽകുമാർ കോന്നി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ
ചിറ്റാർ (പത്തനംതിട്ട): കാലുകൾ പൊലീസ് തല്ലിച്ചതച്ചു. താഴെയിട്ട് വലിച്ചിഴച്ചതിനാൽ ശരീരമാകെ മുറിവും നീരും. നെഞ്ചുവേദനയും ശ്വാസംമുട്ടലുമുള്ളതിനാൽ ചിലപ്പോൾ ഓക്‌സിജന്റെ സഹായവും വേണം. മൂത്രമൊഴിക്കാൻ ട്യൂബിട്ടിരിക്കുകയാണ്– സർക്കാരിനെ വിമർശിച്ചെന്ന് ആരോപിച്ച് പൊലീസിന്റെ ക്രൂരമർദനത്തിനിരയായ സീതത്തോട് ആങ്ങമൂഴി കുന്നുംപുറത്ത് അനിൽകുമാറി (46) ന്റെ പരിക്കുകൾ ഗുരുതരം.
കോന്നി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്‌ധ ചികിത്സയിലാണ്. വൃക്കകൾ തകരാറിലായ യുവാവിന്റെ നീരുകൊണ്ട കാലുകൾക്കേറ്റ പരിക്ക് സാരമാണ്. സ്‌കാനിങ്, എക്‌സ്‌റേ പരിശോധനയും തുടരുന്നു. നീണ്ടനാളത്തെ ചികിത്സയും വിശ്രമവും വേണ്ടിവരുമെന്നാണ് ഡോക്‌ടർമാർ അറിയിച്ചതെന്ന് അനിൽകുമാർ പറഞ്ഞു.
ചൊവ്വ പകൽ 11നാണ് മൂഴിയാർ പൊലീസ് അനിൽകുമാറിനെ വീട്ടിൽനിന്ന് കസ്‌റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ചത്. മരുന്നുകഴിച്ച് കിടക്കുകയായിരുന്ന യുവാവിനെ ഗ്രേഡ് എസ്ഐ നെപ്പോളിയനും സംഘവും കട്ടിലിൽനിന്ന് വലിച്ചു താഴെയിട്ടശേഷം 126 പടികളിലൂടെ വലിച്ചിഴച്ചാണ് കൊണ്ടുപോയത്.
പൊലീസ് ജീപ്പിലിട്ടും സ്‌റ്റേഷനിൽ എത്തിച്ചും മർദിച്ചു. പൊതിച്ചോർ വിതരണം തടയൽ, സ്‌ത്രീസുരക്ഷാ പെൻഷൻ നിഷേധിക്കൽ, പവർകട്ട് എന്നിവയ്‌ക്കെതിരെ അനിൽകുമാർ സമൂഹമാധ്യമത്തിൽ വീഡിയോ പോസ്‌റ്റുചെയ്‌തെന്ന കോൺഗ്രസ് പ്രാദേശിക നേതാവിന്റെ പരാതിയിലായിരുന്നു പൊലീസിന്റെ ക്രൂരത.
സംഭവത്തിൽ അനിൽകുമാറിന്റെ കുടുംബം മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, പ്രതിപക്ഷ നേതാവ്, ഡിജിപി, മനുഷ്യാവകാശ കമീഷൻ, കെ യു ജനീഷ്‌കുമാർ എംഎൽഎ എന്നിവർക്ക് പരാതി നൽകി. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് വ്യാഴാഴ്‌ച സിപിഐ എം മൂഴിയാർ പൊലീസ് സ്‌റ്റേഷനിലേക്ക് നടത്തുന്ന മാർച്ച് ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ഉദ്‌ഘാടനംചെയ്യും.










0 comments