മായാത്ത ചോരപ്പാട്

ചുവന്ന മഷിയല്ല, യുഡിഎഫ് കാലത്ത് അഴിച്ചുവിട്ട പൊലീസ് ഭീകരത തെരുവിൽ ഒഴുക്കിയത് മനുഷ്യരക്തമായിരുന്നു. തലയോട്ടി തകർന്ന വന്ദ്യവയോധികനായ ശിവദാസമേനോൻ, പൊലീസ് തല്ലിച്ചതച്ച് കൈയൊടിച്ച പി കരുണാകരൻ, പൊലീസ് കല്ലുകൊണ്ട് മുഖത്ത് ഇടിച്ച എം എ ബേബി.... ഇതൊന്നും അടിയന്തരാവസ്ഥാ കാലത്തെ പൊലീസ് അതിക്രമങ്ങളല്ല. അടിച്ചു പൊട്ടിച്ച തലയിൽ നിന്ന് ചോരയിറ്റു വീഴുമ്പോഴും ഒടിഞ്ഞു തൂങ്ങിയ കൈയാൽ മുദ്രാവാക്യം വിളിച്ചു കൊടുത്ത ഭിന്ന ശേഷിക്കാരനായ പി ബിജുവും ഒരു സോഷ്യൽ മീഡിയ ഷോ, ഷാഫി ടീമിന്റെ പിൻബലത്തിൽ ഉദിച്ചവരല്ല. ചോര പുരണ്ട കുപ്പായവുമായി നിയമസഭ കയറിയ പിണറായി വിജയൻ മുതൽ പി രാജീവും എൻ എൻ കൃഷ്‌ണദാസും സി എസ് സുജാതയും ഗീനാകുമാരിയും തുടങ്ങി ആയിരങ്ങൾ ഇടതുപക്ഷത്തുണ്ട്. വെടിയേറ്റ് വീണ് മരണം വരെ എഴുന്നേറ്റിരിക്കാതെ മൺമറഞ്ഞ പുഷ്പനും യുഡിഎഫ് കാലത്തെ നരനായാട്ടിന്റെ സാക്ഷ്യമാണ്.
മറക്കില്ല ആ കിരാതകാലം
പ്രകോപനമൊന്നുമില്ലെങ്കിലും അവകാശ സമരങ്ങളെ തല്ലിയൊതുക്കാൻ ശ്രമിച്ച കാലമുണ്ടായിരുന്നു. വിദ്യാർഥി നേതാക്കളെ തെരുവിലിട്ട് തല്ലിച്ചതച്ചതും അവർക്കുനേരെ ആദ്യമായും അവസാനമായും ഇലക്‌ട്രിക്കൽ ലാത്തി പ്രയോഗിച്ചതും യുഡിഎഫ് ഭരണകാലത്താണ്. തലസ്ഥാനത്ത് യൂണിവേഴ്‌സിറ്റി കോളേജിലേക്ക് ഗ്രനേഡുകൾ വർഷിച്ച പൊലീസും ആ കാലത്തേതുതന്നെ.

എ കെ ജി സെന്റർ ആക്രമണത്തിൽ പ്രതിഷേധിച്ചെത്തിയ അന്നത്തെ രാജ്യസഭാംഗം
എം എ ബേബിയുടെ വായിൽ കല്ല് തിരുകുന്ന പൊലീസ്
മുത്തങ്ങയിൽ ആദിവാസികൾക്കുനേരെയുണ്ടായ പൊലീസിന്റെ നരനായാട്ടിൽ പ്രതിഷേധിച്ച മുൻ മന്ത്രിയും വന്ദ്യവയോധികനുമായ ടി ശിവദാസമേനോനെ നടുറേഡിൽ പൊലീസ് തലയടിച്ചുപൊട്ടിച്ചത് കേരളം മറക്കില്ല. തിരുവനന്തപുരത്ത് എ കെ ജി സെന്റിനുനേരെയുണ്ടായ പൊലീസ് അതിക്രമവും അതിൽ പ്രതിഷേധിച്ച ഇന്നത്തെ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയെ ആക്രമിച്ചതും ആ ഭീകരകാലത്താണ്. എറണാകുളത്ത് പിടികൂടി മർദിച്ച് കീറിപ്പറിഞ്ഞ വസ്‌ത്രവുമായി പൊലീസുകാർ കൊണ്ടുവരുന്ന ഇന്നത്തെ വ്യവസായ മന്ത്രിയായ അന്നത്തെ എസ്‌എഫ്‌ഐ നേതാവ് പി രാജീവിന്റെ ചിത്രം മാഞ്ഞുപോകില്ല. തിരുവനന്തപുരത്ത് നിരാഹാരസമരം നടത്തുകയായിരുന്ന വിദ്യാർഥി നേതാക്കളെ ആക്രമിച്ചു. ഇങ്ങനെ പറയാൻ ഏറെ.









0 comments