ad
Deshabhimani

കവി കെ ജി ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്കാരം

k g shankarapillai
വെബ് ഡെസ്ക്

Published on Nov 01, 2025, 10:43 AM | 1 min read

തിരുവവന്തപുരം: കവി കെ ജി ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്കാരം. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. എൻ എസ് മാധവൻ ചെയർമാനും, കെ ആർ മീര, ഡോ. കെ എം അനിൽ അംഗങ്ങളും, കേരള സാഹിത്യ അക്കാദമി സെക്രെട്ടറി പ്രൊഫ. സി പി അബൂബക്കർ മെമ്പർ സെക്രട്ടറിയുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. 5 ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.


1947ൽ കൊല്ലം ജില്ലയിലെ ചവറയിലാണ് കെജിഎസിന്റെ ജനനം. 1970-കളിൽ 'ബംഗാൾ' എന്ന കവിതയിലൂടെയാണ് ശ്രദ്ധേയനായത്. വിവിധ സർക്കാർ കോളേജുകളിൽ മലയാളവിഭാഗം അദ്ധ്യാപകനായി പ്രവർത്തിച്ചു. എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പാൾ ആയിരുന്നു.


ആധുനിക കവിതയുടെ പ്രമുഖ പ്രയോക്താക്കളിൽ ഒരാളായാണ് അദ്ദേഹം അറിയപ്പെടുന്നത്. സമകാലികത എന്ന സങ്കല്പനം കെ ജി എസ് കവിതകളുടെ അപഗ്രഥനത്തിൽ സുപ്രധാനസ്ഥാനം വഹിക്കുന്നു. അദ്ദേഹത്തിന്റെ കവിതകളെല്ലാംതന്നെ ഒരർഥത്തിൽ സമകാലികാനുഭവങ്ങളോടുള്ള നേരിടലുകളാണെന്നു പറയാം.


1998ൽ കേരള സാഹിത്യ അക്കാദമി അവാർഡ് പുരസ്കാരത്തിന് അർഹനായി. "കെ ജി ശങ്കരപ്പിള്ളയുടെ ‍കവിതകൾ"ക്ക് 2002-ലെ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു. 2019ൽ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചിരുന്നു.


പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്ത ജൂറിയുടെ വാക്കുകൾ


ആധുനിക മലയാള കവിതയിലെ നവഭാവുകത്വത്തിന്റെ ശീഘ്ര​ഗതയിൽ നിന്ന പ്രതിഭയാണ് കെ ജി ശങ്കരപ്പിള്ള. ഇന്ത്യൻ ജദേശീയതയുടെ സവിശേഷമായ സംക്രമണ ഘട്ടത്തിൽ വ്യത്യസ്തമായ ശൈലിയും ആഖ്യാന ഘടനയുമായി അദ്ദേഹം രം​ഗപ്രവേശനം ചെയ്തു. ആവിഷ്കാരത്തിന്റെ ഭിന്ന വഴികളിലൂടെ അദ്ദേഹത്തിന്റെ കവിത കഴിഞ്ഞ അര നൂറ്റാണ്ടിലൂടെ സഞ്ചരിച്ചുകൊണ്ടുള്ള ശക്തമായ സാന്നിധ്യം ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്ന കാര്യമാണ്. സമകാലിക രാഷ്ട്രീയ സംഭവങ്ങളോട് ശക്തമായി പ്രതികരിക്കുമ്പോൾ തന്നെ ഭാവപരമായ ഔന്നിത്യം പുലർത്തുന്ന കവിതകളാണ് അദ്ദേഹത്തിന്റേത്. മലയാള സാഹിത്യത്തെ സാമാന്യമായും കവിതാ സാഹിത്യത്തെ സവിശേഷമായും സമ്പന്നമാക്കുന്നതിൽ ശ്രദ്ദേയമായ സംഭാവന നൽകിയ പ്രതിഭയാണ് കെ ജി ശങ്കരപ്പിള്ളയെന്ന് ജൂറി അഭിപ്രായപ്പെട്ടു.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home