പോക്സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ

പ്രതീകാത്മക ചിത്രം
കരിങ്കുന്നം: പോക്സോ കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരിങ്കുന്നം കോഡൂർ വീട്ടിൽ തങ്കച്ചൻ (65)നെയാണ് കുറിഞ്ഞിയിലുള്ള വീട്ടിൽ ശനിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്ന കേസിലെ രണ്ടാം പ്രതിയാണ് തങ്കച്ചൻ. വിചാരണ പൂർത്തിയായ കേസിൽ ആഗസ്ത് 31 ന് വിധി പറയാനിരിക്കെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ജോലി വാഗ്ദാനംചെയ്ത് 2017 മുതൽ 2022വരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെസംഘം ചേർന്ന് വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡനത്തിനിരയാക്കിയെന്നാണ് കേസ്. വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച പെൺകുട്ടി ഗർഭിണിയാണെന്ന് പരിശോധനയിൽ വ്യക്തമായതോടെയാണ് ക്രൂരത പുറത്ത് വന്നത്.
കഴിഞ്ഞമാസം 27-ന് വിധിപറയാൻ നിശ്ചയിച്ചിരുന്ന കേസാണിത്. അന്ന് തങ്കച്ചൻ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് കേസ് ഓഗസ്റ്റ് 31-ലേക്ക് മാറ്റുകയായിരുന്നു. തുടർച്ചയായി മൂന്നു തവണ കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് തങ്കച്ചനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കൂട്ടബലാത്സംഗം ഉൾപ്പെടെ തൊടുപുഴ പൊലീസ് രജിസ്റ്റർചെയ്ത 28 പോക്‌സോ കേസുകളിലായി പെൺകുട്ടിയുടെ അമ്മ ഉൾപ്പെടെ 25-ഓളം പ്രതികളാണുള്ളത്. കേസുകളിൽ രണ്ടെണ്ണത്തിൽ കുടയത്തൂർ പുളിമൂട്ടിൽ അനസ് ഷംസുദ്ദീൻ (31), തൊടുപുഴ ബംഗ്ലാംകുന്ന് എടനാട് പുരയിടത്തിൽ വിനീഷ വിജയൻ (42) എന്നിവരെ തൊടുപുഴ ഒന്നാം അഡീഷണൽ സെഷൻസ് പോക്‌സോ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു.










0 comments