ad
Deshabhimani

print edition ആ കത്ത്‌ എങ്ങനെ ആവിയായി?

pm shri
avatar
റഷീദ്‌ ആനപ്പുറം

Published on Jun 19, 2026, 01:02 AM | 1 min read

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കില്ല എന്നറിയിച്ച്‌ മുൻസർക്കാർ കേന്ദ്രത്തിനയച്ച കത്തിന്റെ കാര്യം മുഖ്യമന്ത്രി വി ഡി സതീശൻ ഒളിപ്പിച്ചത്‌ വിവാദമാകുന്നു. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി വിദ്യാഭ്യാസ മന്ത്രിക്ക്‌ കൈമാറിയ റിപ്പോർട്ടിനൊപ്പം കത്തിന്റെ പകർപ്പുമുണ്ടായിരുന്നു.


എസ്‌എസ്‌കെയ്‌ക്ക്‌ കേന്ദ്രം നൽകാനുള്ള കുടിശ്ശികത്തുകയുടെ പട്ടിക, മുൻ സർക്കാർ ഒപ്പിട്ട താൽക്കാലിക കരാറിന്റെ കോപ്പി, പദ്ധതിയിൽനിന്ന്‌ പിൻമാറിയുള്ള കത്തിന്റെ കോപ്പി, സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്‌മൂലത്തിന്റെ കോപ്പി, മറ്റു കത്തിടപാട്‌ തുടങ്ങിയ എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയ ഫയലാണ്‌ മന്ത്രിക്ക്‌ കൈമാറിയത്‌. ഇത്‌ മന്ത്രിസഭാ യോഗത്തിൽ സമർപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ്‌ മുഖ്യമന്ത്രിയുടെ ഓഫീസിന്‌ കൈമാറിയതാണ്‌. മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു. എന്നിട്ടും അങ്ങനെ ഒരു കത്തില്ലെന്ന്‌ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞതുകേട്ട്‌ മന്ത്രിമാർതന്നെ ഞെട്ടി.


മന്ത്രിസഭാ ഉപസമിതിക്ക്‌ ഇ‍ൗ കത്ത്‌ മുഖ്യമന്ത്രിയുടെ ഓഫീസ് കൈമാറേണ്ടതാണ്‌. എല്ലാവർക്കും അറിയാവുന്ന കാര്യത്തിൽ മുഖ്യമന്ത്രി എന്തിന്‌ കള്ളംപറഞ്ഞു എന്നത്‌ ദുരൂഹം. പിഎം ശ്രീ പദ്ധതിയിൽനിന്ന്‌ പിന്മാറിയതായി കാണിച്ച്‌ കഴിഞ്ഞ നവംബർ 12നാണ്‌ വിദ്യാഭ്യാസ സെക്രട്ടറി കെ വാസുകി കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിക്ക്‌ കത്തയച്ചത്‌. ഇത്‌ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തതാണ്‌. എന്നാൽ, പദ്ധതിക്ക്‌ അനുമതി നൽകി ബുധനാഴ്‌ച ചേർന്ന മന്ത്രിസഭാ യോഗശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ അങ്ങനെ ഒരു കത്തില്ലെന്ന്‌ വി ഡി സതീശൻ പറയുകയായിരുന്നു. പി എം ശ്രീയുമായി ബന്ധപ്പെട്ട്‌ മുൻസർക്കാരിന്റെ കാലത്തെ ധനവകുപ്പ്‌ നോട്ടുൾപ്പെടെ എല്ലാ രേഖകളും കൈവശമുണ്ടെന്ന്‌ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞതുമാണ്‌. എന്നിട്ടും സുപ്രധാനമായ ആ കത്ത്‌മാത്രം എങ്ങനെ മുഖ്യമന്ത്രിക്ക്‌ ആവിയായി എന്നതിലാണ്‌ ദുരൂഹത.


യുഡിഎഫ്‌ സർക്കാർ അധികാരത്തിൽവന്ന്‌ തൊട്ടടുത്ത ദിവസമാണ്‌ പിഎം ശ്രീ നടപ്പാക്കുന്നതിന്‌ വിദ്യാഭ്യാസ സെക്രട്ടറിയിൽനിന്ന്‌ റിപ്പോർട്ട്‌ തേടിയത്‌. മുഖ്യമന്ത്രി വി ഡി സതീശന്റെ ഡൽഹി ദ‍ൗത്യത്തിന്റെ ഭാഗമായ ബിജെപി–യുഡിഎഫ്‌ ഡീലിലെ പ്രധാന ഇനമാണ്‌ പിഎം ശ്രീ. പ്രതിപക്ഷത്തായിരിക്കെ എതിർത്ത പദ്ധതി നടപ്പാക്കുന്നതിൽ വിമർശം ഭയന്ന്‌ വിദ്യാഭ്യാസ സെക്രട്ടറിയിൽനിന്ന്‌ തട്ടിക്കൂട്ട്‌ റിപ്പോർട്ട്‌ ഒപ്പിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home