ad
Deshabhimani

പിഎം ശ്രീ: ഉറഞ്ഞുതുള്ളിയവർ 
മലക്കംമറിഞ്ഞു

PM Shri Fund
വെബ് ഡെസ്ക്

Published on May 23, 2026, 01:00 AM | 1 min read

തിരുവനന്തപുരം : പിഎം ശ്രീയുടെ പേരിൽ ഉറഞ്ഞുതുള്ളിയ ലീഗ്‌, കോൺഗ്രസ്‌ നേതാക്കൾ അധികാരത്തിലത്തിയപ്പോൾ മലക്കംമറിഞ്ഞു. കേന്ദ്ര വിദ്യാഭ്യാസനയം സംസ്ഥാനത്ത്‌ നടപ്പിലാക്കില്ലെന്നും പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിന്‌ വേണ്ടിയുള്ള ഫണ്ട്‌ നേടിയെടുക്കുകയാണ്‌ ലക്ഷ്യമെന്നും എൽഡിഎഫ്‌ സർക്കാർ വ്യക്തമാക്കിയിട്ടും വലിയ പ്രതിഷേധമാണ്‌ അന്ന്‌ യുഡിഎഫ്‌ ഉയർത്തിയത്‌.


വി ഡി സതീശനടക്കം പദ്ധതി തള്ളുകയും അന്നത്തെ മുഖ്യമന്ത്രിയെയും വിദ്യാഭ്യാസമന്ത്രിയെയും ആക്ഷേപിക്കുകയും ചെയ്തു. എന്നാൽ അധികാരത്തിലത്തിയതോടെ പിഎം ശ്രീ നടപ്പിലാക്കുന്നതിനുള്ള സാധ്യതകൾ തേടുകയാണ്‌ യുഡിഎഫ്‌. പദ്ധതിയുടെ നിലവിലത്തെ സ്ഥിതി സംബന്ധിച്ച്‌ റിപ്പോർട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആലോചിച്ച്‌ മറ്റ് നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി എൻ ഷംസുദ്ദീൻ ദേശാഭിമാനിയോട്‌ പറഞ്ഞു.


ആർഎസ്‌എസ്‌ അജൻഡ നടപ്പാക്കുന്ന പി എം ശ്രീ നടപ്പിലാക്കാനാകില്ലെന്നും ഫണ്ടിന്റെ കാര്യം പറയുന്നത്‌ വിശ്വസനീയമല്ലെന്നുമായിരുന്നു പ്രതിപക്ഷത്തായിരുന്നപ്പോൾ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്‌. യുഡിഎഫ്‌ അധികാരത്തിലെത്തിയാൽ പി എം ശ്രീ നടപ്പിലാക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.


പദ്ധതി സിപിഐ എം– ബിജെപി ഡീലിന്റെ ഭാഗമാണെന്നായിരുന്നു കെ സി വേണുഗോപാലിന്റെ ആരോപണം. പദ്ധതി ചവറ്റുകൊട്ടയിലെറിയുമെന്നാണ്‌ കെ എം ഷാജി പ്രസംഗിച്ചത്‌. കെഎസ്‌യുവും എംഎസ്‌എഫും വലിയ ആക്രമണമാണ്‌ സംസ്ഥാനത്ത്‌ അഴിച്ചുവിട്ടത്‌. പിഎം ശ്രീ നടപ്പാക്കാത്തതിന്റെ പേരിൽ 1,065.59 കോടി രൂപയാണ്‌ കേന്ദ്രം തടഞ്ഞുവച്ചിരിക്കുന്നത്‌. കേന്ദ്രം അനുവദിക്കേണ്ട തുക എൽഡിഎഫ്‌ സർക്കാർ മുൻകൂറായി അനുവദിച്ചാണ്‌ പ്രതിസന്ധി മറികടന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home