ആ 'കൊറിയൻ' സുഹൃത്ത് മറ്റാരെങ്കിലുമാണോ? ആദിത്യ കബളിപ്പിക്കപ്പെട്ടോ? ഫോൺ തുറന്നുപരിശോധിക്കാൻ പൊലീസ്

ആദിത്യ (ഇടത്), മൃതദേഹം കണ്ടെത്തിയ സ്ഥലം (വലത്)
കൊച്ചി: കരിങ്കൽ ക്വാറിയിലെ വെള്ളത്തിൽവീണ് മരിച്ച നിലയിൽ കണ്ടെത്തിയ പ്ലസ് വൺ വിദ്യാർഥിയുടെ മരണത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. എറണാകുളം മാമല കക്കാട് കിണറ്റിങ്കൽപറമ്പിൽ വീട്ടിൽ മഹേഷിന്റെയും രമ്യയുടെയും മകൾ ആദിത്യയാണ് (16) മരിച്ചത്. ചൊവ്വാഴ്‌ച രാവിലെ ഒമ്പതോടെ വീടിനുസമീപത്തെ ഉപയോഗശൂന്യമായ ക്വാറിയിലെ വെള്ളത്തിൽ കണ്ട മൃതദേഹം ബന്ധുക്കളാണ് തിരിച്ചറിഞ്ഞത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
എന്നാൽ, ആദിത്യയുടെ ബാഗിൽനിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പാണ് മരണത്തിലെ കൊറിയൻ ബന്ധത്തിലേക്ക് അന്വേഷണം കൊണ്ടുപോകുന്നത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കൊറിയൻ ആൺസുഹൃത്ത് ഒരാഴ്ചമുമ്പ് ആത്മഹത്യ ചെയ്തുവെന്നും ഇതിലുള്ള മനോവിഷമംകൊണ്ട് ആത്മഹത്യ ചെയ്യുകയാണെന്നുമുള്ള കുറിപ്പ് പൊലീസിന് ലഭിച്ചു. ബാഗിൽ ഉണ്ടായിരുന്ന ബുക്കിൽനിന്ന് ഇംഗ്ലീഷിൽ എഴുതിയ രണ്ടരപ്പേജുള്ള കുറിപ്പാണ് ലഭിച്ചത്. എന്നാൽ, കുട്ടി കബളിപ്പിക്കപ്പെട്ടതാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കുട്ടിയുടെ ഫോൺ പാസ്-വേഡ് ഉപയോഗിച്ച് ലോക്ക് ചെയ്തിരിക്കുകയാണ്. ഇത് തുറന്നുപരിശോധിച്ചാലേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്ന് പൊലീസ് പറയുന്നു.
ചോറ്റാനിക്കര ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ 11–ാംക്ലാസ് വിദ്യാർഥിയാണ് ആദിത്യ. രാവിലെ 7.45നാണ് സ്കൂളിലേക്ക് പോകാനായി പെൺകുട്ടി വീട്ടിൽനിന്ന് ഇറങ്ങിയത്. സ്കൂൾബാഗ് ക്വാറിക്ക് സമീപത്തുനിന്ന് കിട്ടി. ചോറ്റാനിക്കര പൊലീസ് മൃതദേഹം പുറത്തെടുത്ത് എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം സംസ്കാരം നടത്തി.










0 comments