print edition പ്ലസ് വൺ സീറ്റ്: വടക്കൻ ജില്ലകളിൽ പ്രതിസന്ധി


സ്വന്തം ലേഖകൻ
Published on Jul 08, 2026, 01:39 AM | 1 min read
തിരുവനന്തപുരം: പ്ലസ് വൺ ക്ലാസുകൾ തുടങ്ങിയിട്ടും വടക്കൻ ജില്ലകളിൽ സീറ്റ് പ്രതിസന്ധിക്ക് ശാശ്വത പരിഹാരമില്ല. മലപ്പുറത്തടക്കം ഒരു ക്ലാസിൽ 50പേർക്കുപകരം 70പേർ ഇരിക്കേണ്ട സ്ഥിതിയാണ്. 120 അധിക ബാച്ച് സർക്കാർ പ്രഖ്യാപിച്ചെങ്കിലും പ്രാവർത്തികമാക്കിയിട്ടില്ല. എസ്‌എസ്‌എൽസിക്ക് മികച്ച വിജയം നേടിയ നിരവധി വിദ്യാർഥികൾ ഇഷ്‌ട വിഷയംകിട്ടാതെ കുഴയുകയാണ്. പാഠപുസ്‌തകവും ലഭിച്ചിട്ടില്ല.
മുൻവർഷങ്ങളിൽ, ആദ്യ അലോട്ട്‌മെന്റിൽത്തന്നെ പരമാവധി വിദ്യാർഥികൾക്ക് പ്രവേശനം ഉറപ്പാക്കാൻ അധിക ബാച്ചും സീറ്റും ഉറപ്പാക്കി എൽഡിഎഫ് സർക്കാർ ക്രമീകരണം ഒരുക്കിയിരുന്നു. മലപ്പുറത്തെ അവഗണിക്കുന്നുവെന്ന ആരോപണം ഉന്നയിച്ച് കെഎസ്‌യുവും എംഎസ്‌എഫും അക്രമംനടത്തി. എന്നാലിപ്പോൾ മലപ്പുറം ജില്ലയിലടക്കം നിരവധി വിദ്യാർഥികൾക്ക് സീറ്റ് ലഭിക്കാഞ്ഞിട്ടും സംഘടനകൾക്ക് പരാതിയുമില്ല സമരവുമില്ല.
വ്യാജ പതിപ്പ്, വില 100 രൂപ
പാഠപുസ്‌തക വിതരണം പാളിയതോടെ വ്യാജ പതിപ്പുകൾ വ്യാപകമാണ്. നൂറ് രൂപയിലധികമാണ് ഇൗടാക്കുന്നത്. പ്ലസ് വണ്ണിൽ പാഠപുസ്‌ത പരിഷ്‌കരണം നടത്തിയതിനാൽ പഴയ പുസ്‌തകം ഉപയോഗിക്കാനാകില്ല. പുസ്‌തക അച്ചടി സമയബന്ധിതമായി പൂർത്തിയാക്കാനുള്ള നടപടികൾ യുഡിഎഫ് സർക്കാർ സ്വീകരിച്ചിട്ടുമില്ല.
എസ്‌സിഇആർടി തയ്യാറാക്കിയ പാഠപുസ്‌തകം അച്ചടിക്കുന്നത് സി ആപ്‌റ്റിലാണ്. 98ശതമാനം പുസ്‌തകവും അച്ചടിച്ചെന്നും വിതരണം ഉടൻ പൂർത്തിയാകുമെന്നുമാണ് സി ആപ്‌റ്റിന്റെ വിശദീകരണം.
പരിഷ്‌കരിച്ച പ്ലസ് വൺ പാഠപുസ്‌തകം പഠിപ്പിക്കാൻ അധ്യാപകർക്ക് ഓൺലൈൻ പരിശീലനം മാത്രമാണ് കിട്ടിയിട്ടുള്ളത്. മുൻവർഷങ്ങളിൽ 10ദിവസമായിരുന്നു ഹയർ സെക്കൻഡറി അധ്യാപകരുടെ പരിശീലന പരിപാടി. ഇൗ വർഷം പൂർത്തിയാകേണ്ട ഹയർ സെക്കൻഡറി രണ്ടാംവർഷ പാഠ്യപദ്ധതി പരിഷ്‌കരണവും ഇഴയുകയാണ്.











0 comments