ad
Deshabhimani

"സുധാകരനെ ഇല്ലാതാക്കാന്‍ സണ്ണി ജോസഫ് ശ്രമിച്ചു"; ​ഗുരുതര വെളിപ്പെടുത്തൽ

K Sudhakaran Sunny Joseph

കെ സുധാകരൻ, സണ്ണി ജോസഫ്

വെബ് ഡെസ്ക്

Published on Apr 08, 2026, 11:16 AM | 2 min read

കണ്ണൂർ: കണ്ണൂർ കോൺ​ഗ്രസിൽ വീണ്ടും പൊട്ടിത്തെറി. കെപിസിസി പ്രസിഡന്റിനെതിരെ ​ഗുരുതര വെളിപ്പെടുത്തലുമായി കെ സുധാകരന്റെ വിശ്വസ്തനും ന്യൂനപക്ഷ കോൺ​ഗ്​രസിന്റെ മുൻ ജില്ലാ പ്രസിഡന്റുമായ കെ ആർ അബ്ദുൾ ഖാദർ രം​ഗത്തെത്തി. സുധാകരനെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ആസൂത്രിത ​ഗൂഢാലോചന നടത്തിയത് സണ്ണി ജോസഫാണെന്ന് അബ്ദുൾ ഖാദർ ആരോപിച്ചു. ചർച്ചയ്ക്ക് വേണ്ടി ഡൽഹിയിൽ കൊണ്ടുപോയി സുധാകരനെ നാണംകെടുത്തി. കെപിസിസിക്ക് നൽകിയ കത്ത് വ്യാജമാണെങ്കിൽ അത് തെളിയിക്കണമെന്നും അബ്ദുൾ ഖാദർ പറഞ്ഞു.


പാർലമെന്റിലേക്ക് മത്സരിക്കാനില്ല, നിയമസഭ മതിയെന്ന് സുധാകരേട്ടൻ പറഞ്ഞതാണ്. കണ്ണൂരിൽ മത്സരിക്കാൻ എഐസിസി നിരീക്ഷക ദീപാദാസ് മുൻഷിയും കോൺ​ഗ്രസ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനു​ഗോലുവും നൽകിയത് വി പി റഷീദിന്റെ പേരായിരുന്നു. സണ്ണി വക്കീലാണ് സുധാകരേട്ടനെ നിർബന്ധിപ്പിച്ച് മത്സരിപ്പിച്ചത്. അന്ന് സുധാകരേട്ടൻ വളരെ അവശനായിരുന്നു, സുഖമില്ലാത്ത അവസ്ഥയിലായിരുന്നു. റെസ്റ്റ് വേണമെന്ന് പറഞ്ഞ സമയമായിരുന്നു. ആ സുധാകരേട്ടനെ നിർബന്ധിച്ച് കരുതിക്കൂട്ടി അദ്ദേഹത്തെ കൊല്ലണമെന്ന ഉദ്ദേശത്തോടുകൂടിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചത്. സുധാകരേട്ടനെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ​ഗൂഢാലോചന നടന്നിട്ടുണ്ട്. മുസ്ലിം സമുദായത്തിൽനിന്ന് ആരും കണ്ണൂരിലെ കോൺ​ഗ്രസിന്റെ നേതൃനിരയിൽ ഉണ്ടാകരുതെന്ന ​ഗൂഢാലോചന പണ്ടേയുണ്ട്. മുസ്സിം സമുദായത്തിൽനിന്നുള്ളവരെ കേസിൽകുടുക്കുകയോ രക്തസാക്ഷിയാക്കുകയോ ചെയ്യും. ഇതിന് പിന്നിൽനിന്ന് കളിക്കുന്നത് സണ്ണി ജോസഫാണ്. - അബ്ദുൾ ഖാദർ മാധ്യമങ്ങളോട് പറഞ്ഞു.


കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് സണ്ണി ജോസഫിന്റെ പേര് ചിത്രത്തിലേ ഉണ്ടായിരുന്നില്ല. ഒരു സുപ്രഭാതത്തിലാണ് പുതിയ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണെന്ന വാർ‌ത്ത സുധാകരൻ അറിയുന്നതെന്നും അബ്ദുൾ ഖാദർ പറഞ്ഞു.


എഐസിസിക്ക്‌ കത്തയച്ച വിഷയത്തിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും വാദങ്ങൾ തള്ളി കെ സുധാകരൻതന്നെ രം​ഗത്തെത്തിയിരുന്നു. തന്നെ മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ട് സതീശനും സണ്ണി ജോസഫും എഐസിസി പ്രസിഡന്റിന്‌ അയച്ചെന്ന്‌ പ്രചരിക്കുന്ന കത്തുകൾ വ്യാജമല്ലെന്നാണ്‌ സുധാകരൻ പറഞ്ഞത്‌.


ഇവ വ്യാജമെന്നായിരുന്നു സണ്ണി ജോസഫിന്റെയും വി ഡി സതീശന്റെയും വാദം. സുധാകരന്റെ വെളിപ്പെടുത്തലോടെ നേതൃത്വം വെട്ടിലായി. ഔദ്യോഗിക ലെറ്റർ പാഡിലുള്ള രണ്ട് കത്തുകളും തങ്ങൾ എഴുതിയതല്ലെന്നാണ് സണ്ണി ജോസഫും വി ഡി സതീശനും പറഞ്ഞിരുന്നത്. താൻ ചുമതലകൾ ഏൽപ്പിച്ച്‌ കൊണ്ടുവന്ന സണ്ണി ജോസഫാണ്‌ തനിക്ക്‌ പാര പണിഞ്ഞത്‌ എന്നറിഞ്ഞതോടെ സുധാകരനും ഇടഞ്ഞുനിൽക്കുകയാണ്.


യുഡിഎഫ് കേരളം എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് കത്തുകൾ പുറത്തുവന്നത്. കത്ത് വ്യാജമല്ലെന്നും എന്തൊക്കെയോ മൂടിവയ്ക്കാൻ ശ്രമിക്കുന്നുണ്ടെന്നും സുധാകരൻ സ്വകാര്യ ചാനലിലൂടെ വെളിപ്പെടുത്തി. പ്രചരിക്കുന്ന കത്തിലെ വിവരങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും ഹൈക്കമാൻഡിലും പരാതി നൽകുമെന്നും സുധാകരൻ പറഞ്ഞു.


സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന കത്തുകളിൽ സുധാകരന് കണ്ണൂരിൽ വിജയസാധ്യതയില്ലെന്നും ടി ഒ മോഹനനെ പരിഗണിക്കണമെന്നുമാണ് പറയുന്നത്. സുധാകരനെ സ്ഥാനാർഥിയാക്കുന്നതിൽ കോൺഗ്രസ്‌ പ്രവർത്തകരിലും പ്രാദേശിക നേതൃത്വത്തിലും എതിർപ്പുണ്ടെന്നും കത്തിലുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home