print edition കോവളത്ത് വീണ്ടും ഉല്ലാസ ബോട്ട് മറിഞ്ഞ് അപകടം

കോവളത്ത് അപകടത്തിൽപ്പെട്ട ബോട്ട് കരയിലേക്ക് കൊണ്ടുവരുന്നു
കോവളം: കോവളത്ത് വീണ്ടും ഉല്ലാസ ബോട്ട് മറിഞ്ഞ് അപകടം. തമിഴ്നാട് സേലം സ്വദേശികളായ സുരേഷ് (46), തമിഴ് സെൽവി (46), മോഹനൻ (30), ശരൺ (7), ധന്യശ്രീ (6) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ബോട്ട് കടലിൽ ഇറക്കുന്പോൾ എൻജിൻഭാഗം മണ്ണിൽ ഇടിച്ച് ചരിയുകയും തിരയിൽപ്പെട്ട് മറിഞ്ഞ് യാത്രക്കാർ കടലിൽ വീഴുകയുമായിരുന്നു. അപകടത്തിൽപ്പെട്ടവരെ ബോട്ടുജീവനക്കാരും ലൈഫ്ഗാർഡുകളും ചേർന്ന് രക്ഷപ്പെടുത്തി. യാത്രക്കാർ ലൈഫ് ജാക്കറ്റുകൾ ധരിച്ചിരുന്നത് സഹായകമായി.
കോവളം ബീച്ചിലെ ഇടക്കല്ല് പാറക്കൂട്ടത്തിന് സമീപം ഞായർ രാവിലെ 10.40 ഓടെയായിരുന്നു അപകടം. എല്ലാവരും കുടുംബാംഗങ്ങളാണ്. ആർക്കും പരിക്കില്ല. ശനി വൈകിട്ടും സമാനമായ രീതിയിൽ അപകടം ഉണ്ടായിരുന്നു. ഇതിൽ ശ്രീകാര്യം സ്വദേശിക്കും മകൾക്കുമാണ് പരിക്കേറ്റത്. അപകടങ്ങളുടെ പശ്ചാത്തലത്തിൽ ഞായറാഴ്ച പൊലീസ് ബോട്ട് ഉടമകളുടെയും ജീവനക്കാരുടെയും യോഗം വിളിച്ചിരുന്നു. സുരക്ഷാ മുൻകരുതലുകൾ, സഞ്ചാരികളുടെ വിവരങ്ങൾ അടങ്ങിയ രജിസ്റ്റർ സൂക്ഷിക്കൽ എന്നിവയെല്ലാം ഉറപ്പാക്കാൻ യോഗത്തിൽ തീരുമാനിച്ചശേഷമാണ് വീണ്ടും അപകടമുണ്ടായത്. തുടർന്ന് താൽക്കാലികമായി ബോട്ട് സവാരി നിർത്തിവയ്ക്കാൻ നിർദേശം നൽകിയതായി കോസ്റ്റൽ പൊലീസ് അധികൃതർ അറിയിച്ചു.











0 comments