ad
Deshabhimani

ആരുടെയും ഔദാര്യമല്ല, അവകാശങ്ങൾ പൊരുതി നേടിയത്; ലേബർ കോഡുകൾക്ക് പിന്നിൽ കോർപറേറ്റ് താൽപര്യം: മുഖ്യമന്ത്രി

cm pinarayi vijayan

പിണറായി വിജയൻ

വെബ് ഡെസ്ക്

Published on Dec 19, 2025, 04:30 PM | 3 min read

തിരുവനന്തപുരം: കോർപറേറ്റ് നിയന്ത്രിത തൊഴിൽ വിപണി സൃഷ്ടിക്കുന്നതിനുള്ള ആസൂത്രിത നീക്കമാണ് കേന്ദ്രസർക്കാർ അടിച്ചേൽപ്പിക്കുന്ന ലേബർ കോഡുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിൽ, ജനാധിപത്യപരമായ ചർച്ചകൾ കൂടാതെയാണ് ഈ കോഡുകൾ പാസാക്കിയെടുത്തത് എന്നതുതന്നെ ഇതിന്റെ പിന്നിലെ ദുരുദ്ദേശ്യം വ്യക്തമാക്കുന്നുണ്ട്. നിലവിലുള്ള 29 തൊഴിൽ നിയമങ്ങളെ ലയിപ്പിക്കുന്ന പ്രക്രിയയിൽ ‘ലഘൂകരിക്കൽ' എന്ന വ്യാജേന തൊഴിലാളികളുടെ നിയമപരമായ പരിരക്ഷകൾ എടുത്തുമാറ്റപ്പെടുകയാണ്. ഇതു ഗൗരവമായി കാണേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ലേബർ കോൺ‌ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


വേജസ്, ഇന്റസ്ട്രിയൽ റിലേഷൻസ്, സോഷ്യൽ സെക്യൂരിറ്റി, ഒക്യുപ്പേഷണൽ സേഫ്റ്റി എന്നിങ്ങനെ 29 തൊഴിൽനിയമങ്ങളെ കൂട്ടിയോജിപ്പിച്ച് ലേബർ കോഡുകളാക്കി മാറ്റിയിരിക്കുകയാണ് കേന്ദ്രസർക്കാർ. അവ നടപ്പാക്കുമ്പോൾ തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കപ്പെടുമെന്ന ആശങ്ക ഇപ്പോൾ തന്നെ പൊതുസമൂഹത്തിലാകെ നിലനിൽക്കുന്നുണ്ട്. തൊഴിൽ സുരക്ഷിതത്വവും സാമൂഹ്യക്ഷേമവും ഉറപ്പുവരുത്താത്ത വികസന മാതൃകകൾ സുസ്ഥിരമല്ലെന്ന ഉറച്ച ബോധ്യമാണ് സംസ്ഥാന സർക്കാരിനുള്ളത്. ‘വികസനം' എന്ന പദത്തെ കേവലം മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെയോ കോർപ്പറേറ്റ് ലാഭത്തിന്റെയോ കണക്കുകളിൽ ഒതുക്കാതെ, മനുഷ്യന്റെ ജീവിതനിലവാരത്തിലുള്ള ഗുണപരമായ മാറ്റമായും സാമൂഹ്യ നീതിയിലൂന്നിയ സമ്പദ് വ്യവസ്ഥയായും നിർവചിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


ഇന്ന് നാം അനുഭവിക്കുന്ന തൊഴിൽ നിയമങ്ങളും അവകാശങ്ങളും ഭരണകൂടങ്ങളുടെ ഔദാര്യമല്ല. അത് തളികയിൽ വെച്ച് ആരും നമുക്ക് നീട്ടിത്തന്നതുമല്ല. മറിച്ച് സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെയും തുടർന്നുള്ള കാർഷിക-വ്യവസായ പ്രക്ഷോഭങ്ങളുടെയും ഫലമായി, ചോരയും നീരും നൽകി, പൊരുതി നേടിയെടുത്തതാണ് എന്ന ചരിത്ര സത്യം നാം ഒരിക്കലും വിസ്മരിക്കാൻ പാടില്ല.


ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ വിഭാവനം ചെയ്തിട്ടുള്ള ‘സോഷ്യലിസ്റ്റ്' എന്ന ആശയത്തോടും, നിർദ്ദേശക തത്വങ്ങളിൽ പ്രതിപാദിച്ചിട്ടുള്ള ക്ഷേമരാഷ്ട്ര സങ്കൽപ്പത്തോടും നീതി പുലർത്തുന്നവയായിരുന്നു സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ രൂപപ്പെട്ട തൊഴിൽ നിയമങ്ങൾ. എട്ടു മണിക്കൂർ ജോലി, മിനിമം വേതനം, ബോണസ്, ഇ എസ് ഐ, പി എഫ് തുടങ്ങിയ ആനുകൂല്യങ്ങൾ കൂട്ടായ വിലപേശലിലൂടെയും നിയമപോരാട്ടങ്ങളിലൂടെയും നേടിയെടുത്തവയാണ്.


1990 കളിൽ ആരംഭിച്ച നവ ഉദാരവൽക്കരണ നയങ്ങൾ തൊഴിൽ മേഖലയിൽ ഘടനാപരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കി. കോൺഗ്രസ് സർക്കാരുകൾ തുടക്കമിട്ട ഈ നയങ്ങൾ, പിന്നീടുവന്ന ബി ജെ പി സർക്കാരുകൾ കൂടുതൽ തീവ്രമായി, ആക്രമണോത്സുകമായി നടപ്പിലാക്കി. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലും നാഷണൽ മോണിറൈ്റസേഷൻ പൈപ്പ്ലൈൻ പോലുള്ള പദ്ധതികളും രാജ്യത്തിന്റെ പൊതുസ്വത്ത് സ്വകാര്യവൽക്കരിക്കുന്നതിലേക്ക് നയിക്കുന്നു. ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പോലും വിറ്റഴിക്കുകയാണ്.


സ്ഥിരം നിയമനങ്ങൾക്കു പകരം കരാർ അടിസ്ഥാനത്തിലുള്ള നിയമനങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് തൊഴിൽ വിപണിയിൽ അനിശ്ചിതത്വം സൃഷ്ടിക്കുകയാണ്. തുല്യ ജോലിക്ക് തുല്യ വേതനം എന്ന തത്വം കാറ്റിൽപ്പറത്തി ഒരേ ജോലി ചെയ്യുന്ന സ്ഥിരം തൊഴിലാളിക്കും കരാർ തൊഴിലാളിക്കും വ്യത്യസ്ത വേതനം നൽകുന്ന രീതി വ്യാപകമാകുന്നു.


ഈ നയങ്ങളുടെ തുടർച്ചയെന്നോണമാണ് കേന്ദ്ര സർക്കാർ അവതരിപ്പിച്ച നാല് ലേബർ കോഡുകൾ. ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് എന്ന പേരിലുള്ള പുതിയ നിയമസംഹിതയിലെ വ്യവസ്ഥകൾ തൊഴിൽ സുരക്ഷിതത്വത്തെ ഗുരുതരമായി ബാധിക്കുന്നവയാണ്. പിരിച്ചുവിടലിനുള്ള, ലേ-ഓഫിനുള്ള, അല്ലെങ്കിൽ സ്ഥാപനം അടച്ചുപൂട്ടുന്നതിനുള്ള മുൻകൂർ അനുമതി ആവശ്യമായ തൊഴിലാളികളുടെ പരിധി 100ൽ നിന്ന് 300 ആയി ഉയർത്തി. ഇതിനർത്ഥം, രാജ്യത്തെ 90 ശതമാനത്തിലധികം വരുന്ന ഫാക്ടറികളിലും വ്യവസായ സ്ഥാപനങ്ങളിലും ഇനി മുതൽ തൊഴിലുടമകൾക്ക് സർക്കാർ അനുമതിയില്ലാതെ തന്നെ തൊഴിലാളികളെ പിരിച്ചുവിടാം എന്നാണ്.


തൊഴിലുടമയുടെ ഇംഗിതത്തിനനുസരിച്ച് എപ്പോൾ വേണമെങ്കിലും തൊഴിലാളിയെ പറഞ്ഞുവിടാം. ഇത് ‘ഹയർ ആൻഡ് ഫയർ' നയം നിയമവിധേയമാക്കുന്നതിന് തുല്യമാണ്. തൊഴിൽ സുരക്ഷ എന്നത് പഴങ്കഥയാകും. കൂടാതെ, ‘ഫിക്സഡ് ടേം എംപ്ലോയ്മെന്റ്' അഥവാ നിശ്ചിതകാല തൊഴിൽ കരാർ നിയമവിധേയമാക്കുന്നു. ഇത് സ്ഥിരം തൊഴിൽ എന്ന ആശയത്തെ തന്നെ ഇല്ലാതാക്കും. കരാർ കാലാവധി കഴിയുമ്പോൾ യാതൊരുവിധ ആനുകൂല്യങ്ങളുമില്ലാതെ പിരിച്ചുവിടാം. കരാർ പുതുക്കിയില്ലെങ്കിൽ ജോലി നഷ്ടപ്പെടും എന്ന ഭീതിയിൽ തൊഴിലാളികൾക്ക് ചൂഷണത്തിനെതിരെ ശബ്ദിക്കാൻ കഴിയാതെ വരും.


പണിമുടക്കാനുള്ള അവകാശത്തെയും ഈ കോഡ് കർശനമായി നിയന്ത്രിക്കുന്നു. പണിമുടക്കുന്നതിന് 14 ദിവസം മുൻപ് നോട്ടീസ് നൽകണമെന്നത് നിർബന്ധമാക്കി. മാത്രമല്ല, അനുരഞ്ജന ചർച്ചകൾ നടക്കുമ്പോഴും ട്രൈബ്യൂണലിൽ കേസ് നിലനിൽക്കുമ്പോഴും പണിമുടക്ക് നിരോധിച്ചിരിക്കുന്നു. 50 ശതമാനത്തിലധികം തൊഴിലാളികൾ ഒരേസമയം അവധിയെടുക്കുന്നത് പോലും പണിമുടക്കായി കണക്കാക്കും. ഫലത്തിൽ, നിയമപരമായ പണിമുടക്ക് എന്നത് അസാധ്യമാക്കി മാറ്റുകയാണ്. തൊഴിലാളികളുടെ ഏക ആയുധമായ പണിമുടക്കിനെ ഇത്തരത്തിൽ വരിഞ്ഞുമുറുക്കുന്നത് ജനാധിപത്യപരമായ അവകാശങ്ങളുടെ ലംഘനമാണ്.


സൂപ്പർവൈസറി കപ്പാസിറ്റിയിൽ ജോലി ചെയ്യുന്ന, 18,000 രൂപയ്ക്കു മുകളിൽ ശമ്പളം വാങ്ങുന്നവരെ ‘തൊഴിലാളി' എന്ന നിർവചനത്തിൽ നിന്ന് ഒഴിവാക്കുന്നത് അവർക്ക് ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡിന്റെ പരിരക്ഷ നിഷേധിക്കുന്നതിനു കാരണമാകും.

അതുപോലെ തന്നെ ആശങ്കാജനകമാണ് വേതന കോഡ് മുന്നോട്ടു വെക്കുന്ന നിർദ്ദേശങ്ങൾ. ഈ കോഡ് നിർദ്ദേശിക്കുന്ന ‘ഫ്ലോർ വേജ്' സമ്പ്രദായം ശാസ്ത്രീയമായ മിനിമം വേജ് നിർണ്ണയത്തെ അട്ടിമറിക്കാൻ സാധ്യതയുണ്ട്. 15-ാം ഇന്ത്യൻ ലേബർ കോൺഫറൻസ് അംഗീകരിച്ചതും, സുപ്രീം കോടതിയുടെ റാപ്റ്റാക്കോസ് ബ്രെറ്റ് കേസിൽ ശരിവെച്ചതുമായ മാനദണ്ഡങ്ങൾ - അതായത് തൊഴിലാളിയുടെയും കുടുംബത്തിന്റെയും ഭക്ഷണത്തിനും, വസ്ത്രത്തിനും, പാർപ്പിടത്തിനും, വിദ്യാഭ്യാസത്തിനും, ആരോഗ്യത്തിനുമുള്ള മിനിമം ചെലവുകൾ - പരിഗണിക്കാതെയാണ് വേതനം നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രം ഏറ്റെടുക്കുന്നത്.


ജീവിതച്ചെലവ് ഓരോ സംസ്ഥാനത്തും വ്യത്യസ്തമാണ്. എന്നാൽ ജീവിതച്ചെലവ് സൂചികകളും മറ്റ് പ്രാദേശിക ഘടകങ്ങളും പരിഗണിക്കാതെ ഏകപക്ഷീയമായി ‘ഫ്ലോർ വേജ്' നിശ്ചയിക്കുന്നത് തൊഴിലാളികളുടെ ക്രയശേഷിയെയും ജീവിതനിലവാരത്തെയും ബാധിച്ചേക്കാം. എട്ട് മണിക്കൂർ ജോലി എന്നത് ഒമ്പത് മണിക്കൂർ വരെയാക്കാൻ വ്യവസ്ഥയുണ്ട്. എന്നാൽ അതിനിടയിലുള്ള വിശ്രമവേളകൾ ജോലിസമയമായി കണക്കാക്കില്ല എന്നത് തൊഴിലാളികളെ കൂടുതൽ സമയം തൊഴിലിടങ്ങളിൽ തളച്ചിടാൻ കാരണമാകും.


സാമൂഹ്യ സുരക്ഷാ കോഡിന്റെ കാര്യമെടുത്താൽ, ‘എല്ലാവർക്കും സാമൂഹ്യ സുരക്ഷ' എന്ന് കോഡ് അവകാശപ്പെടുന്നുണ്ടെങ്കിലും, പ്രായോഗിക തലത്തിൽ ഇത് നിലവിലുള്ള സംവിധാനങ്ങളെ ദുർബലപ്പെടുത്തുകയാണ് ചെയ്യുന്നത്. അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും ഗിഗ് വർക്കർമാർക്കും സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്നതിൽ വ്യക്തതയില്ല.


ചുരുക്കത്തില്‍ എല്ലാതരത്തിലും തൊഴിലാളി ദ്രോഹപരമായ നടപടികളിലേക്കാണ് കേന്ദ്രസർക്കാർ നീങ്ങിയിട്ടുള്ളത്. രാജ്യത്തെ തൊഴിലാളി സൗഹൃദ അന്തരീക്ഷം നഷ്ടപ്പെടാന്‍ ഇടയാക്കുകയാണ്. ഇതിനെ നല്ലരീതിയില്‍ ചെറുത്തു പോകേണ്ടതുണ്ടെന്നും, ഭരണഘടനാ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടുച്ചുകൊണ്ട് തൊഴിലാളി കര്‍ഷക ഐക്യത്തോടെയുള്ള ഒരു ജനാധിപത്യ പ്രതിരോധം അനിവാര്യമായിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home