'തെന്നല സർവ്വാദരണീയനും മാന്യനുമായ നേതാവ്'; അനുശോചിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സർവ്വാദരണീയനും മാന്യനുമായ രാഷ്ട്രീയ നേതാവിനെയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അധികാരവും, അധികാരമില്ലായ്മയും ഒരു പോലെയെന്ന് കണ്ട രാഷ്ട്രീയ ജീവിതത്തിനുടമായാണ്. നിയമസഭയിലും രാജ്യസഭയിലും ഏറെ വർഷങ്ങൾ അംഗമായിരുന്ന അദ്ദേഹം ഓരോ വിഷയത്തിലും സൂക്ഷ്മതയോടെയും അവധാനതയോടെയും ആണ് ഇടപെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിരവധി പതിറ്റാണ്ടുകൾ കേരള രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ സാനിധ്യമായി ഉയർന്ന് നിന്ന വ്യക്തിത്വത്തിൻ്റെ ഉടമയായിരുന്നു അദ്ദേഹം. വാർഡ് പ്രസിഡണ്ട് മുതൽ കെപിസിസി പ്രസിഡണ്ട് വരെയുള്ള ചുമതലകൾ നിർവഹിച്ച അദ്ദേഹം ആ പരിചയസമ്പത്ത് വാക്കിലും പ്രവൃത്തിയിലും കാത്തുസൂക്ഷിച്ചിരുന്നു. സ്വന്തം പാർട്ടിയിലെ തർക്കങ്ങളിൽ എല്ലാ പക്ഷത്തിനും സ്വീകാര്യനായിരുന്ന നേതാവ് എന്നതാണ് തെന്നലയ്ക്ക് നൽകപ്പെട്ടിരുന്ന വിശേഷണം. വിഷയങ്ങളോട് അദ്ദേഹം കാണിച്ച പക്ഷപാതരഹിതവും വസ്തുനിഷ്ഠവുമായ നിലപാടാണ് അത്തരം ഒരു വിശേഷണത്തിന് അർഹനാക്കിയത്.
സഹകാരി എന്ന നിലയിൽ കേരളത്തിൻ്റെ സഹകരണ മേഖല ശക്തിപ്പെടുത്തുന്നതിനും അദ്ദേഹത്തിൻ്റെ സംഭാവന ഗണ്യമാണ്. വ്യക്തി താൽപര്യങ്ങൾക്ക് അതീതമായി പൊതു താൽപര്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന സവിശേഷമായ ഒരു രാഷ്ട്രീയ പൈതൃകമാണ് അദ്ദേഹം ബാക്കി വെയ്ക്കുന്നത്. സൗമ്യവും ശുദ്ധവും തെളിമയുറ്റതുമായ രാഷ്ട്രീയ ജീവിതമാണ് തെന്നല ബാലകൃഷ്ണപിള്ള നയിച്ചതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.










0 comments