print edition മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ്; വഖഫ് ബോർഡിൽ അമുസ്ലിം വേണ്ടെന്ന് പറയുന്നവർ വർഗീയവാദികളോ

പിണറായി വിജയൻ
തിരുവനന്തപുരം : വഖഫ് വിഷയത്തിൽ ബോധപൂർവം തെറ്റിദ്ധരിപ്പിക്കാൻ വസ്‌തുതാവിരുദ്ധമായ കാര്യങ്ങളാണ് മുഖ്യമന്ത്രി വി ഡി സതീശൻ പറയുന്നതെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. വഖഫ് ബോർഡിൽ അമുസ്ലിങ്ങളെ ഉൾപ്പെടുത്തുകയെന്നത് ബിജെപി നിലപാടാണ്. ബിജെപി ഇതര സർക്കാരെന്ന നിലയിൽ, അത് അംഗീകരിക്കുന്ന ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് യുഡിഎഫ് സർക്കാർ. വഖഫ് ബോർഡിൽ മുസ്ലിം ഇതര അംഗങ്ങൾ വേണ്ടെന്ന നിലപാട് സ്വീകരിക്കുന്നവർ വർഗീയവാദികളാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നിയമഭേദഗതി അംഗീകരിക്കുന്നുവെന്ന് ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കിയത് കൃത്യമായ സംഘപരിവാർ സേവയാണ്. ഇത് വെളിപ്പെട്ടപ്പോൾ നിലവിട്ട് സംസാരിക്കുകയാണ് മുഖ്യമന്ത്രി. വഖഫ് ബോർഡിൽ അമുസ്ലിങ്ങളെ തിരുകിക്കയറ്റുന്ന ഭേദഗതിയാണ് കേന്ദ്രസർക്കാർ കൊണ്ടുവന്നത്. കോൺഗ്രസ് മുഖ്യമന്ത്രി അത്തരം നിലപാട് സ്വീകരിക്കാൻ പാടുണ്ടോ. ബോർഡിൽ അമുസ്ലിങ്ങളെ നിയമിക്കണമെന്ന നിയമഭേദഗതി അതേപടി അംഗീകരിച്ച് നടപ്പാക്കുകയല്ല എൽഡിഎഫ് സർക്കാർ ചെയ്‌തത്.
അമുസ്ലിങ്ങളെ ഉൾപ്പെടുത്തിയുള്ള പുനഃസംഘടനയല്ല നടത്തിയത്. രണ്ട് സീറ്റ് ഒഴിച്ചിട്ടു. ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചു. ഇക്കാര്യം മറച്ച് കണ്ണടച്ച് ഇരുട്ടാക്കുകയാണ് മുഖ്യമന്ത്രി. നിയമത്തിലെ 14ാം വകുപ്പ് പൂർണമായി നടപ്പാക്കണമെന്ന് പറയാൻ യുഡിഎഫ് സർക്കാർ നിർബന്ധിതമായതല്ല. എജിയെ നിയോഗിച്ച് അങ്ങോട്ടുകയറി പറയുകയായിരുന്നു. സ്വമേധയായുള്ള നയംമാറ്റം വ്യക്തമായ ചുവടുമാറ്റമാണ്. ഇത് ചൂണ്ടിക്കാട്ടുന്നവരെ വർഗീയത പ്രചരിപ്പിക്കുന്നവരായി ചാപ്പകുത്തുകയാണ് മുഖ്യമന്ത്രി.
എൽഡിഎഫ് സർക്കാരും മുസ്ലിംലീഗുമെല്ലാം നൽകിയ ഹർജി സുപ്രീംകോടതി തള്ളിയെന്നാണ് മുഖ്യമന്ത്രി പ്രസ്‌താവിച്ചത്. ഇത് വസ്‌തുതയ്‌ക്ക് നിരക്കാത്തതാണ്. പുതിയ നിയമം വന്നശേഷം ആദ്യമായി വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചത് കേരളമാണെന്നാണ് മറ്റൊരു ആക്ഷേപം. കാലാവധി പൂർത്തിയായതിനാലാണ് ബോർഡ് പുനഃസംഘടിപ്പിക്കാൻ എൽഡിഎഫ് സർക്കാർ നിർബന്ധിതമായത്. തമിഴ്‌നാട്ടിൽ വിജയ്‌യുടെ നേതൃത്വത്തിൽ സർക്കാർ വന്നപ്പോൾ മുൻ സർക്കാർ നടത്തിയ വഖഫ് നിയമനത്തിൽ ഇടപെടേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. അവിടെ ബോർഡ് പുനഃസംഘടിപ്പിച്ചത് അമുസ്ലിങ്ങളെ ഒഴിവാക്കിയാണ്. എൽഡിഎഫ് സർക്കാരും അതേ നിലപാടാണ് സ്വീകരിച്ചത്. തമിഴ്‌നാട്ടിൽ ലീഗ് നേതാവാണ് വഖഫ് ബോർഡ് ചെയർമാൻ. മുഖ്യമന്ത്രിക്ക് ലീഗ് നേതാവിനോടെങ്കിലും അന്വേഷിച്ച് വ്യക്തത വരുത്താമായിരുന്നെന്നും പിണറായി പറഞ്ഞു.
മുസ്ലിംലീഗിന്റെ നിലപാട് വഞ്ചനാപരം
വഖഫ് വിഷയത്തിൽ മുസ്ലിംലീഗ് വഞ്ചനാപരമായ നിലപാടാണ് സ്വീകരിച്ചതെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറഞ്ഞു. മന്ത്രിസ്ഥാനമോ സർക്കാരിലെ സ്ഥാനമോ പ്രധാനമായി കണ്ടുള്ള നിലപാടല്ല ഇത്തരം കാര്യങ്ങളിൽ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘‘കേന്ദ്ര സർക്കാരിന്റെ നിലപാടിനെ ചോദ്യംചെയ്യാൻ എന്താണ് വിഷമം. നേരത്തെ ചോദ്യം ചെയ്‌തിരുന്നു. ആ നിലപാടിൽ ഉറച്ചുനിൽക്കുകയല്ലേ വേണ്ടത്.
എൽഡിഎഫ് സർക്കാരിന്റെ ഹർജിക്കൊപ്പം ലീഗിന്റെ ഹർജിയും സുപ്രീംകോടതിയിലുണ്ട്. അത് ശരിയായ നിലപാടായിരുന്നു. അതിൽനിന്ന് മാറിയാണ് ഇപ്പോൾ നിലപാടെടുക്കുന്നത്. നിയമഭേദഗതി പ്രകാരം ബോർഡിൽ മുസ്ലിം സമുദായാംഗങ്ങൾ ന്യൂനപക്ഷമാകാൻ സാധ്യതയുണ്ട്. ഇതാണ് സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ മുൻ എൽഡിഎഫ് സർക്കാർ വ്യക്തമാക്കിയത്. ഇതേ നിലപാടാണ് ലീഗും സുപ്രീംകോടതിയിൽ ഉന്നയിച്ചത്. അതേ ലീഗിന്റെ പ്രതിനിധി വഖഫ് മന്ത്രിയായിരിക്കെയാണ് അമുസ്ലിങ്ങളെ ഉൾപ്പെടുത്തുന്ന വകുപ്പ് 14 പൂർണമായും നടപ്പാക്കണമെന്ന നിലപാട് യുഡിഎഫ് സർക്കാർ സ്വീകരിച്ചത്.
രണ്ട് സീറ്റ് ഒഴിച്ചിട്ട്, കോടതിയിൽ നിയമപോരാട്ടം നടത്തുകയാണ് എൽഡിഎഫ് സർക്കാർ ചെയ്‌തത്. എന്നാൽ, ആ രണ്ട് സീറ്റും നികത്തിക്കൊള്ളാമെന്നും അമുസ്ലിങ്ങളെക്കൂടി ഉൾപ്പെടുത്താമെന്നും അങ്ങോട്ടുപോയി സമ്മതിക്കുകയാണ് യുഡിഎഫ്. ഇതാണ് എൽഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം. രണ്ടുപേരെ ഉൾപ്പെടുത്താതിരുന്നാലും ബോർഡിന്റെ പ്രവർത്തനം നടക്കും. പിന്നെന്തിനാണ് രണ്ടുപേരെ ഉൾപ്പെടുത്തണമെന്ന വ്യഗ്രത’’–പിണറായി ചോദിച്ചു.










0 comments