കഴിഞ്ഞവർഷം കേക്കുമായി പോയവർ ഇപ്പോൾ ക്രിസ്മസ് ആഘോഷങ്ങളെ ആക്രമിക്കുന്നു; ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

പിണറായി വിജയൻ
തിരുവനന്തപുരം: ലോകത്തിനാകെ വെളിച്ചംപകരുന്ന സന്ദേശത്തിന്റെ പ്രഭകെടുത്തും വിധം ക്രിസ്മസ് ആഘോഷങ്ങളെപ്പോലും കടന്നാക്രമിക്കുന്ന അവസ്ഥ അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മധ്യപ്രദേശ്, ഉത്തർപ്രദേശ്, ജാർഖണ്ഡ്, കർണാടക, ചത്തീസ്ഗഢ് മുതലായ സംസ്ഥാനങ്ങളിൽ ഇത്തരം ആക്രമണങ്ങൾ നടക്കുന്നതിന്റെ വാർത്തകൾ പുറത്തുവരികയാണ്. സംഘപരിവാർ ശക്തികളാണ് എല്ലാ ആക്രമങ്ങൾക്കും പിന്നിലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഉത്തർപ്രദേശ് സർക്കാർ ക്രിസ്മസ് അവധി തന്നെ റദ്ദാക്കി. ഈ ദിവസം വിദ്യാർഥികളുടെ ഹാജർ നിർബന്ധമാക്കി. ഇതിൽനിന്നെല്ലാം കേരളം വിട്ടുനിൽക്കും എന്നാണ് എല്ലാവരുടെയും ബോധ്യം. എന്നാൽ ആ ബോധ്യത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. സംസ്ഥാനത്തെ തപാൽ ഓഫീസുകളിൽ ക്രിസ്മസ് ആഘോഷപരിപാടിയിൽ ആർഎസ്എസിന്റെ ഗണഗീതം ആലപിക്കണമെന്ന് ബിഎംഎസ് യൂണിയൻ ആവശ്യപ്പെട്ടു. ഇതിനെതിരെ പ്രതിഷേധം ഉയർന്നതോടെ ജീവനക്കാരുടെ കൂട്ടായ്മകൾ ഓഫീസുകളിൽ നടത്താനിരുന്ന ക്രിസ്മസ് ആഘോഷം തന്നെ റദ്ദാക്കാൻ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ തീരുമാനിച്ചു. പാലക്കാട് പുതുശേരിയിൽ കുട്ടികൾ അടങ്ങുന്ന കരോൾ സംഘത്തിനുനേരെ സംഘപരിവാർ ആക്രമണം ഉണ്ടായി. ഈ അക്രമിസംഘത്തെ ന്യായീകരിച്ചാണ് ബിജെപി നേതാക്കൾ രംഗത്തുവന്നത്. കരോൾസംഘത്തെ അവഹേളിക്കുകയും ചെയ്തു. അക്രമങ്ങൾ നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. ചില സ്വകാര്യ സ്കൂളുകളിൽ ക്രിസ്മസ് ആഘോങ്ങൾ നടത്തുന്നതിനെതിരെ ആർഎസ്എസ് അനുകൂല സംഘടനകൾ ഭീഷണിപ്പെടുത്തുന്നുവെന്നും റിപ്പോർട്ടുളുണ്ട്.
ഇത്തരം സംഭവങ്ങൾക്കെതിരെ അടിയന്തര അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ആഘോഷങ്ങൾ നടത്തുന്നവർക്കെതിരെയും, മതപരമായ വിവേചനംകാട്ടുന്ന സ്കൂളുകൾക്കെതിരെയും കർശന നടപടി ഉണ്ടാകും. കേരളത്തിൽ ഇത്തരം ശക്തികൾ തലപൊക്കുന്നു എന്നത് ഗൗരവതരമാണ്. ഭരണഘടന അനുവദിച്ചു നൽകുന്ന മൗലികാവകാശങ്ങൾക്കെതിരായ ഒരു കടന്നുകയറ്റത്തെയും അംഗീകരിക്കില്ല.
രാജ്യത്തിന്റെ ബഹുസ്വരതയെ എതിർക്കുന്നവരാണ് വിപ്രതിപത്തിവെച്ചുപുലർത്തുന്ന സംഘവരിവാർ. കഴിഞ്ഞവർഷം ഇതേസമയത്ത് കേക്കും കൊണ്ട് ക്രൈസ്തവ ഭവനങ്ങളിലും ആരാധനാലയങ്ങളിലും സന്ദർശനം നടത്തിയവരാണ് ഇപ്പോൾ ക്രിസ്മസ് കരോൾ സംഘത്തെ ആക്രമിച്ചത്. 2025 ഏപ്രിൽ നാലിന് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിൽ ക്രിസ്ത്യൻ സ്ഥാപനങ്ങളുടെ സ്വത്തിനെക്കുറിച്ച് ലേഖനം പ്രത്യക്ഷപ്പെട്ടതും ആർഎസ്എസിന്റെ ഉള്ളിലിരുപ്പ് കാട്ടിത്തന്നു. അപരമത വിദ്വേഷം പരത്തി മതനിരപേക്ഷതയെ കളങ്കപ്പെടുത്തുന്ന സംഘപരിവാർ ശ്രമങ്ങളെ നാട് ഒരുതരത്തിലും അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.










0 comments