print edition കുറ്റകരമായ അനാസ്ഥ: പിണറായി

കള്ളാടിയിലെ മണ്ണിടിച്ചിലുണ്ടായ സ്ഥലം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സന്ദർശിച്ചപ്പോൾ. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ജയരാജൻ, ജില്ലാ സെക്രട്ടറി കെ റഫിഖ് എന്നിവർ സമീപം ഫോട്ടോ: എം എ ശിവപ്രസാദ്
കൽപ്പറ്റ: കള്ളാടി തുരങ്കപാത നിർമാണമേഖലയിൽ അപകടസാധ്യതയുണ്ടെന്ന് രണ്ടാഴ്‌ച മുന്പ് അറിഞ്ഞിട്ടും മണ്ണ് നീക്കാൻ സർക്കാർതലത്തിൽ നടപടി സ്വീകരിക്കാത്തത് ഗുരുതര വീഴ്‌ചയാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ഉന്നതതല യോഗ തീരുമാനം എങ്ങനെയാണ് അട്ടിമറിക്കപ്പെട്ടതെന്നും ആരാണ് തീരുമാനം മാറ്റിയതെന്നും വ്യക്തത വരുത്തണം –അപകടമേഖല സന്ദർശിച്ചശേഷം പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ശക്തമായ മഴയുണ്ടായിട്ടും പ്രതിരോധത്തിന് ഒരുക്കമുണ്ടായില്ല. അതിതീവ്ര മഴ ഉണ്ടായിട്ടും അപകടമുന്നറിയിപ്പും നൽകിയില്ല. കൂനയായിട്ട മണ്ണ് ഇടിയാന്‍ സാധ്യതയുണ്ടെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും ജൂണ്‍ 20ന് കലക്‌ടർ അധ്യക്ഷയായ ദുരന്തനിവാരണ അതോറിറ്റി യോഗം വിലയിരുത്തി. പൊതുമരാമത്ത് സ്‌പെഷൽ സെക്രട്ടറിയുൾപ്പെടെ ജൂൺ 25ന് സ്ഥലം സന്ദർശിച്ച് മണ്ണ് കുത്തിയൊഴുകി അപകടം സംഭവിക്കുമെന്നും അഭിപ്രായപ്പെട്ടു.
മീനാക്ഷിപ്പാലത്തിന് സമീപം താമസിക്കുന്ന കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനും നിർദേശിച്ചു. രണ്ടാഴ്‌ചയുണ്ടായിട്ടും ഒരു നടപടിയുമെടുത്തില്ല. ഇക്കാര്യം അന്വേഷിക്കണം.വകുപ്പുകളും മന്ത്രിമാരും ഏകോപനമില്ല. പലരെയും പഴിചാരി മന്ത്രിമാർ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിവാകുകയാണ് –പ്രതിപക്ഷ നേതാവ് പറഞ്ഞു.










0 comments