Deshabhimani

പ്രക്ഷോഭകരെ അടിച്ചമർത്തിക്കളയാം എന്ന് വ്യാമോഹിക്കണ്ട: പിണറായി വിജയൻ

Pinarayi.jpg
വെബ് ഡെസ്ക്

Published on Oct 11, 2026, 09:01 PM | 1 min read

തിരുവനന്തപുരം: പൊലീസ് ആക്രമണങ്ങളിലൂടെ ജന്തർ മന്തറിൽ പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തിക്കളയാം എന്ന് കേന്ദ്രം വ്യാമോഹിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ജന്തർ മന്തറിൽ നിന്ന് തിരിച്ചെത്തിയ ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.


ഇപ്പോൾ രാജ്യതലസ്ഥാനത്ത് ഒരു ജനാധിപത്യ രാജ്യത്ത് സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടക്കുന്നത്. ജനങ്ങളുടെ അവകാശം ഹനിക്കരുത് എന്ന് സുപ്രീംകോടതി തന്നെ പറഞ്ഞു. സുപ്രീംകോടതിയുടെ വാക്കുകൾക്ക് വിലകല്പിക്കാൻ പോലും മോദിയുടെ സർക്കാർ സന്നദ്ധമായില്ല.


ജനാധിപത്യത്തോട് തെല്ലും ബഹുമാനമില്ലാത്ത മോദി സർക്കാർ സുപ്രീംകോടതിയെയും മാനിക്കുന്നില്ല. പൊലീസ് സ്റ്റേറ്റ് ആയി ഡൽഹി മാറി. ജനങ്ങളെ പൊലീസ് തടഞ്ഞുനിർത്തുന്നു. സഞ്ചരിക്കാൻ സ്വാതന്ത്ര്യമില്ല. ജന്തർ മന്തറിൽ ആരും കടക്കാൻ പാടില്ല എന്ന നിലയാണ് മോദിയും അമിത് ഷായും ചേർന്ന് എടുത്തിരിക്കുന്നത്.


ജന്തർ മന്തറിലേക്ക് ആരും ഇറങ്ങരുത് എന്ന നിലപാട് ചോദ്യം ചെയ്യപ്പെടേണ്ടതാണ് എന്ന തോന്നലിന്റെ ഭാഗമായാണ് തങ്ങൾ അവിടേക്ക് പോയത്. എന്നാൽ ഓരോരുത്തവരെയായി പൊലീസ് റാഞ്ചുകയായിരുന്നു. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.


സാധാരണ നിലയിൽ നിരോധനാജ്ഞ നാലുപേരിൽ കൂടുതൽ ഉണ്ടാകുമ്പോഴാണ്, കേരളം ഹൗസിൽ നിന്ന് പുറത്തിറങ്ങിയവരെ അറസ്റ്റ് ചെയ്ത കഴിഞ്ഞപ്പോൾ മൂന്നുപേരാണ് അവശേഷിച്ചത്. എന്നിട്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. കൊടും ക്രിമിനലുകളെ കൊണ്ടുപോകുന്ന ലോക്കപ്പുകളായി തിരിച്ച വാഹനത്തിലാണ് പാർട്ടി ജനറൽ സെക്രട്ടറി അടക്കമുള്ള സഖാക്കളെ കൊണ്ടുപോയത്.


ഇന്നവിടെ ഡിവൈഎഫ്ഐ എസ്എഫ്ഐ പ്രവർത്തകരെ അതി നിഷ്ടൂരമായാണ് നേരിട്ടത്. ജെയ്ക്ക്, ആദർശ് എന്നിവരെ ക്രൂരമായ മർദനമാണ് ഏറ്റുവാങ്ങിയത്. തല്ലിയും ഭയപ്പാടുണ്ടാക്കിയും പ്രക്ഷോഭം ഇല്ലാതാക്കാനുള്ള ഗൂഢശ്രമങ്ങളാണ് നടക്കുന്നത്. യുവാക്കളെ ആക്രമിക്കുന്നത് കണ്ടാണ് ജോൺ ബ്രിട്ടാസ് അവിടേക്കെത്തിയത്. അദ്ദേഹത്തെയും അതിക്രൂരമായി ആക്രമിച്ചു.


ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചു. അടിച്ചമർത്താൻ ശ്രമിക്കുന്നത്രയും ഈ സമരം ശക്തിപ്പെടുകയേ ഉള്ളു എന്നും അദ്ദേഹം പറഞ്ഞു. ജന്തർ മന്തർ സമരത്തിൽ പങ്കെടുത്ത് ഡൽഹി പൊലീസിൽ നിന്ന് ക്രൂരമായ ആക്രമണം നേരിട്ട ശേഷം തിരുവനന്തപുരത്ത് എത്തിയ സിപിഐ എം നേതാക്കൾക്ക് സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി സ്വീകരണമൊരുക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home