ad
Deshabhimani

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ബ്ലൂ പ്രിന്റ് ബജറ്റിലില്ല; പിണറായി വിജയൻ

Budget 2026

പിണറായി വിജയൻ, വി ഡി സതീശന്‍

വെബ് ഡെസ്ക്

Published on Jun 19, 2026, 07:03 PM | 3 min read

തിരുവനന്തപുരം: ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിൻറും ബജറ്റിലില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എൽഡിഎഫ് സർക്കാരിനെ കുറ്റപ്പെടുത്തുന്ന ബജറ്റിൽ കേന്ദ്ര സർക്കാരിനെതിരെ ഒറ്റവരി പ്രസ്താവനയില്ല. കേന്ദ്രത്തിന്റെ ഉപരോധ സമാനമായ സാമ്പത്തിക വിവേചനം മൂലം സംസ്ഥാനത്തിനുണ്ടാകുന്ന ധനനഷ്ടത്തെ അഭിസംബോധന ചെയ്യാതെ എങ്ങനെയാണ് ഒരു ബജറ്റ് പ്രസംഗം പൂർണ്ണമാവുക? ഈ കണ്ടില്ലെന്നു നടിക്കലിലെ രാഷ്ട്രീയം കൂടി ചർച്ച ചെയ്യപ്പെടണമെന്നും അദേഹം ആവശ്യപ്പെട്ടു.


സ്വകാര്യ വൽക്കരണത്തിനുള്ള സമ്പൂർണമായ കരുതലാണ് യുഡിഎഫ് സർക്കാർ ഇന്ന് അവതരിപ്പിച്ച ബജറ്റിന്റെ ആകെത്തുക. ഒരുവശത്ത് ക്ഷേമ-ആശ്വാസ നടപടികളും മറുവശത്ത് വികസന നടപടികളും എന്ന എൽഡിഎഫ് സർക്കാരിന്റെ ദ്വിമുഖ സമീപനത്തെ ഈ ബജറ്റ് കയ്യൊഴിയുകയാണ്. സർക്കാരിന്റെ സ്വാഭാവിക ബാധ്യതകളെ പെരുപ്പിച്ചു കാട്ടുകയും വരവിലുണ്ടാകുന്ന വർദ്ധനയെ മറച്ചുപിടിക്കുകയും ചെയ്യുന്നു. വികസന-ക്ഷേമ പദ്ധതികളെ കയ്യൊഴിയാനുള്ള മുൻകൂർ ജാമ്യമെടുക്കലായിരുന്നു നേരത്തെ പുറത്തിറക്കിയ ധവളപത്രം എന്നത് കൂടുതൽ വ്യക്തമാവുകയാണ്.


മൈനർ ധാതുക്കളുടെ ഖനനം അടക്കം സകലതും സ്വകാര്യ മേഖലയ്ക്ക് തുറന്നു കൊടുക്കുന്ന കേന്ദ്ര സർക്കാരിന്റെ നയം തന്നെയാണ് ബജറ്റിൽ പ്രഖ്യാപിച്ച റെയർ എർത്ത് ക്രിട്ടിക്കൽ മിനറൽ കോറിഡോർ വഴി ഇവിടെ യുഡിഎഫ് സർക്കാരും പിന്തുടരുന്നത്. തൊട്ടു മുൻപത്തെ ബജറ്റിൽ എൽഡിഎഫ് സർക്കാർ മുന്നോട്ടു വെച്ച പൊതുമേഖലാ അധിഷ്ടിതമായ റെയർ എർത്ത് ഇടനാഴി എന്ന ആശയത്തെ അട്ടിമറിക്കുക കൂടിയാണ് ചെയ്യുന്നത്.


ബജറ്റിൽ പ്രഖ്യാപിച്ച മിഷൻ സമുദ്രയും സ്വകാര്യ പങ്കാളിത്തത്തിനാണ് ഊന്നൽ നൽകുന്നത്. കേരള മാരിടൈം പോളിസി വഴി കേരളത്തിന്റെ തീരത്തെ സ്വകാര്യമേഖലയ്ക്ക് തീറെഴുതാനുള്ള ഗൂഢലക്ഷ്യമാണ് മറനീക്കി പുറത്തു വരുന്നത്. ബജറ്റിൽ പ്രഖ്യാപിച്ച ഫിഷറീസ് സബ് പ്ലാൻ കബളിപ്പിക്കലാണ്. തീരദേശം മൊത്തം സ്വകാര്യ കുത്തകകൾക്ക് നൽകുകയും പേരിന് ഒരു സബ് പ്ലാൻ ഉണ്ടാക്കി തീരദേശവാസികളുടെ കണ്ണിൽ പൊടിയിടുന്നു. സതേൺ കേരള ഇക്കണോമിക് കോറിഡോറും ഈ ദിശയിലുള്ള തീരദേശ പദ്ധതിയാണ്. ഭൂപരിഷ്കരണ നിയമം അട്ടിമറിച്ചുകൊണ്ട് ലാൻറ് മാനേജ്മെൻറ് നയം ആവിഷ്കരിക്കാനുള്ള ശ്രമമാണ് ഭൂപരിഷ്കരണം 2.0 എന്ന ബജറ്റ് പ്രഖ്യാപനം.


ഭൂമാഫിയക്കുൾപ്പെടെ പ്രതിബന്ധം സൃഷ്ടിക്കുന്ന ഭൂപരിഷ്കരണ നിയമങ്ങളെ പൊളിച്ചെഴുതുന്നതിനു പിന്നിലെ രാഷ്ട്രീയം വ്യക്തമാണ്.

ബജറ്റിൽ പ്രഖ്യാപിച്ച ഹെൽത്ത് & ലൈഫ് സയൻസ് സിറ്റിയും ഇതേ സ്വകാര്യവൽകരണ യുക്തിയാണ് പിൻപറ്റുന്നത്. ആശുപത്രി, ഫാർമ മേഖലയിൽ സ്വകാര്യ കമ്പനികൾക്ക് അവസരമൊരുക്കുന്നതിലൂടെ മഹാ ഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക് ആ സംവിധാനം അപ്രാപ്യമാവും. കേരളത്തിൻ്റെ പൊതുജനാരോഗ്യ മേഖലയുടെ നട്ടെല്ലായ സർക്കാർ ആശുപത്രികളെ ശാക്തീകരിക്കുന്ന ഒരു പ്രഖ്യാപനവും ബജറ്റിൽ ഇല്ല.


ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിക്കും എന്നാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. ഒരു തിങ്ക് ടാങ്ക് ആക്കി ബോർഡിനെ മാറ്റും എന്ന പ്രസ്താവന, ആസൂത്രണ കമ്മീഷനെ നീതി ആയോഗ് ആക്കി മാറ്റിയ മോദി സർക്കാരിന്റെ അതേ പാതയിൽ യുഡിഎഫ് സർക്കാരും നീങ്ങുന്നു എന്നാണ് കാട്ടുന്നത്. നെഹ്റുവിയൻ വികസന കാഴ്ചപ്പാടിന്റെ പ്രധാന ഉപാധിയായ ആസൂത്രണത്തെ നെഹ്റുവിയൻ സോഷ്യലിസ്റ്റ് എന്ന് ഊറ്റം കൊള്ളുന്നവർ തന്നെ കുഴിച്ചുമൂടുന്ന കാഴ്ചയാണ് ബജറ്റിൽ കണ്ടത്.


ആസൂത്രണ ബോർഡിനെ ദുർബലമാക്കുക എന്നതിൻ്റെ ആദ്യപടിയായി പദ്ധതിവിഹിതം 15 % വെട്ടിച്ചുരുക്കിയിരിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള വിഹിതത്തിൽ 1533 കോടിയും പട്ടികജാതി വിഭാഗങ്ങൾക്കുള്ള സബ് പ്ലാൻ ഇനത്തിൽ 628 കോടിയും പട്ടികവർഗ വിഭാഗങ്ങൾക്ക് 153 കോടിയും പൊതുജന ആരോഗ്യത്തിന് 424 കോടിയും പൊതു വിദ്യാഭ്യാസത്തിൽ 200 കോടിയും ഗ്രാമീണ വ്യവസായ മേഖലയിൽ 100 കോടിയും മത്സ്യമേഖലയിൽ 38 കോടിയും പരമ്പരാഗത വ്യവസായത്തിലെ തൊഴിലാളികൾക്കുള്ള ഇൻസെന്റീവ് ഇനത്തിൽ 7 കോടിയും ആണ് വെട്ടിക്കുറവു വരുത്തിയിരിക്കുന്നത്.


പഴങ്ങളിൽ നിന്നും ധാന്യങ്ങളിൽ നിന്നും വീര്യം കുറഞ്ഞ (വൈൻ പോലുള്ളവ) മദ്യമുണ്ടാക്കാൻ ചെറുകിട മേഖലയെ അനുവദിക്കുന്നതായിരുന്നു കഴിഞ്ഞ പൊതു ബജറ്റിലെ സമീപനം. എന്നാൽ, അത് ഭേദഗതി ചെയ്ത് വൻകിട മദ്യ കമ്പനികൾക്ക് വീര്യം കുറഞ്ഞ മദ്യം കുറഞ്ഞ നികുതി നിരക്കിൽ കമ്പോളത്തിലിറക്കാനുള്ള വഴിവിട്ട നീക്കവും ബജറ്റിലുണ്ട്. മദ്യമേഖലയിൽ വലിയ തോതിൽ മദ്യ നിർമ്മാണ കമ്പനികൾക്ക് ഇടപെടാനുള്ള അവസത്തിന് പുറമെ മദ്യ ഉപയോഗം കുത്തനെ വർദ്ധിക്കാനും ഇത് ഇട നൽകും. കൃഷി-ചെറുകിട വ്യവസായമേഖലയെ പരിരക്ഷിക്കാനുള്ള താൽപ്പര്യം കോർപ്പറേറ്റ് താൽപ്പര്യത്തിന് വഴിമാറുന്നു. റബ്ബർ, നാളികേരം, നെല്ല് തുടങ്ങിയ കാർഷിക മേഖലകളിൽ ഒരു ആശ്വാസ നടപടിയും ഈ ബജറ്റിൽ ഇല്ല.


റബ്ബറിന്റെ വില മാർക്കറ്റിൽ 170 രൂപയായപ്പോഴാണ് എൽഡിഎഫ് സർക്കാർ 200 രൂപ തറവില പ്രഖ്യാപിച്ചത്. എന്നാൽ ഇന്ന് മാർക്കറ്റിൽ 274 രൂപ വിലയുള്ളപ്പോഴാണ് ഈ ബജറ്റിൽ 250 രൂപ തറവില എന്ന തട്ടിപ്പ് പ്രഖ്യാപനം നടത്തിയത്. കേരളത്തിന്റെ പശ്ചാത്തല വികസനത്തിന് ചാലകശക്തിയായി നിലകൊണ്ട കിഫ്ബിയുടെ ചിറകരിയുന്ന നിലപാടാണ് ബജറ്റിൽ സ്വീകരിച്ചിരിക്കുന്നത്. കിഫ്ബി പദ്ധതികൾക്ക് ഫണ്ട് കണ്ടെത്തേണ്ട ബാധ്യതയെ പറ്റി പഠിക്കാൻ വിദഗ്ധ സമിതിയെ വെക്കുമെന്ന പ്രഖ്യാപനത്തിന്റെ ഉദ്ദേശം പശ്ചാത്തല വികസന രംഗത്ത് ചാലക ശക്തിയായി നിലകൊണ്ട കിഫ്ബി എന്ന ആശയത്തെ തന്നെ അവസാനിപ്പിക്കാനുള്ള ശ്രമമാണ്. ഇതിനൊപ്പം ലൈഫ് പദ്ധതിയെ തകർക്കാനുള്ള ആലോചനകളും അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നാണ് വ്യക്തമാവുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home