ad
Deshabhimani

print edition തളർത്താനാകില്ല

തിരുവനന്തപുരം ബേക്കറി ജങ്‌ഷന്‌ സമീപം പിണറായി വിജയന്റെ വാടകവീട്ടിൽ ഇഡി  പരിശോധന നടത്തുന്നത് അറിഞ്ഞെത്തിയ പ്രവര്‍ത്തകര്‍

തിരുവനന്തപുരം ബേക്കറി ജങ്‌ഷന്‌ സമീപം പിണറായി വിജയന്റെ വാടകവീട്ടിൽ ഇഡി പരിശോധന നടത്തുന്നത് അറിഞ്ഞെത്തിയ പ്രവര്‍ത്തകര്‍

avatar
ബിജോ ടോമി

Published on May 28, 2026, 12:26 AM | 1 min read

തിരുവനന്തപുരം : ഇഡി ഉദ്യോഗസ്ഥർ ഗേറ്റ്‌ കടന്ന്‌ പുറത്തുപോയതും പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ വീടിന്റെ വരാന്തയിലേക്ക്‌ എത്തി. എട്ടുമണിക്കൂറായി രോഷമടക്കി പുറത്ത്‌ നിലയുറപ്പിച്ചിരുന്ന ജനങ്ങൾ അദ്ദേഹത്തിനരികിലേക്ക്‌ ഓടിയെത്തി. പ്രവർത്തകരെ അദ്ദേഹം മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്‍തു. ‘എന്തിനെയും നമുക്ക്‌ നേരിടാം, ഒന്നിച്ച്‌ നമുക്ക്‌ ഇറങ്ങാം’ എന്ന വാക്കുകൾക്ക്‌ ‘ഞങ്ങടെ ചങ്കിലെ ചോരയ്‌ക്ക്‌ ഞങ്ങടെ കൊടിയുടെ നിറമെങ്കിൽ പകരം ഞങ്ങൾ ചോദിക്കും’ എന്ന മുദ്രാവാക്യമായിരുന്നു മറുപടി.


തിരുവനന്തപുരം ബേക്കറി ജങ്‌ഷന്‌ സമീപം പിണറായി വിജയന്റെ വാടക വീട്ടിൽ ഇഡി ഉദ്യോഗസ്ഥർ പരിശോധന നടത്തിയ പകൽ സാക്ഷ്യംവഹിച്ചത്‌ വൈകാരിക സംഭവങ്ങൾക്ക്‌. വാർത്തയറിഞ്ഞതോടെ ആഹ്വാനങ്ങളൊന്നും ഇല്ലാതെ പ്രവർത്തകർ കൂട്ടമായി അവിടേക്ക്‌ ഒഴുകി. വീട്‌ സ്ഥിതിചെയ്യുന്ന വത്സല നഴ്‌സിങ്‌ ഹോം റോഡ്‌ മിനിറ്റുകൾക്കകം പ്രവർത്തകരാൽ നിറഞ്ഞു. സിപിഐ എം നേതാക്കളായ ആനാവൂർ നാഗപ്പൻ, വി ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ, വി ജോയി, ജോൺ ബ്രിട്ടാസ് എംപി തുടങ്ങിയവരും റോഡിൽ കുത്തിയിരുന്ന്‌ പ്രതിഷേധിച്ചു. മഴയും വെയിലും മാറി വന്നിട്ടും പ്രവർത്തകർ പിന്മാറിയില്ല.


സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ യോഗം കഴിഞ്ഞതോടെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എത്തി. മണിക്കൂറുകൾ പിന്നിട്ടതോടെ പ്രവർത്തകരുടെ രോഷം അണപൊട്ടി. എം വി ഗോവിന്ദനടക്കം ഇടപെട്ടാണ്‌ പ്രവർത്തകരെ ശാന്തരാക്കിയത്‌.


പൊലീസിനും നിയന്ത്രിക്കാനാകാത്തത്ര ആളുകൾ വന്നതോടെ എല്ലാവരും പിരിഞ്ഞുപോകണമെന്ന്‌ നേതാക്കൾ ആഹ്വാനം ചെയ്‌തു. പകൽ ഒന്നോടെ പരിശോധന പൂർത്തിയായെന്നും ഉദ്യോഗസ്ഥർ ഉടൻ മടങ്ങുമെന്നുമുള്ള അഭ്യൂഹം നിറഞ്ഞു. കൂടുതൽ പൊലീസ്‌ സന്നാഹം റോഡിന്റെ ഇരുവശങ്ങളിലുമായി നിലയുറപ്പിച്ചു.


‘ഇതിലും വലിയ വേട്ടയാടലുകൾ കണ്ടതാണ്‌...’ എന്ന വാക്കുകളും പിണറായി വിജയന്റെ ചിത്രമുള്ള കൂറ്റൻ ബോർഡുകളും ഇതിനകം ഉയർന്നു. രണ്ടര കഴിഞ്ഞതോടെ സുരക്ഷാ അകന്പടിയോടെ ഉദ്യോഗസ്ഥർ വീടിന്‌ വെളിയിലേക്ക്‌. ആളുകൾക്ക്‌ ഇടയിലേക്ക്‌ ഉദ്യോഗസ്ഥരുമായി വാഹനങ്ങൾ എത്തിയതോടെ പ്രതിഷേധം രൂക്ഷമായി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home