ad
Deshabhimani

മമ്മൂട്ടിയുടെ മുണ്ടക്കൈ ടൗൺഷിപ്പ് സന്ദർശനം: വിവാദം നിർഭാ​ഗ്യകരമെന്ന് മുഖ്യമന്ത്രി

Pinarayi Vijayan K Rafeeq Mammootty

പിണറായി വിജയൻ (ഇടത്), മുണ്ടക്കൈ ടൗൺഷിപ്പ് സന്ദർശിക്കുന്ന മമ്മൂട്ടി, ഒപ്പം കെ റഫീഖ് (വലത്)

വെബ് ഡെസ്ക്

Published on Mar 09, 2026, 08:07 PM | 1 min read

തിരുവനന്തപുരം: നടൻ മമ്മൂട്ടി മുണ്ടക്കൈ ടൗൺഷിപ്പ് സന്ദർശിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദം നിർഭാ​ഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിൽ ഏറ്റവും മാതൃകാപരമായി പൂർത്തിയാക്കിയ പദ്ധതികാണാൻ, നന്മമാത്രം വിചാരിച്ചാണ് മമ്മൂട്ടി പോയത്. സർക്കാരിനെയോ രാഷ്ട്രീയപാർടികളെയോ അദ്ദേഹം സന്ദർശനം അറിയിച്ചില്ല. എല്ലാഘട്ടത്തിലും കേരളത്തിന്റെ നന്മയ്ക്കുവേണ്ടി നിലകൊള്ളുന്ന വ്യക്തിയാണ് മമ്മൂട്ടി. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അദ്ദേഹം ഇടപെടുന്നുണ്ട്. ടൗൺഷിപ്പ് കാണുക എന്ന നല്ലമനസോടെയാണ് അദ്ദേഹം എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.


ആ പ്രദേശത്ത് നല്ലനിലയിൽ ഇടപെടുന്ന പൊതുപ്രവർത്തകനാണ് സിപിഐ എം ജില്ലാ സെക്രട്ടറിയായ കെ റഫീഖ്. ആരെയും അറിയിച്ചുകൊണ്ടുള്ള സന്ദർശനം അല്ലാത്തതിനാലാണ് റഫീഖ് ഒപ്പംനിന്നപ്പോൾ അത് മറ്റ് രീതിയിൽ ചിത്രീകരിക്കപ്പെട്ടേക്കാം എന്ന് മമ്മൂട്ടി പറഞ്ഞത്. കേരളത്തിൽ എന്തിനെയും വിവാദമാക്കാൻ തയ്യാറാകുന്ന ആളുകളുണ്ട്. ആ വിവാദത്തിന് അവസരമൊരുക്കി കൊടുക്കൽ ആകില്ലേ എന്നാണ് മമ്മൂട്ടി ഉദ്ദേശിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.


റഫീഖിനോട് മമ്മൂട്ടി തീർത്തും വ്യക്തിപരമായി പറഞ്ഞകാര്യമാണ്. ഒരു കാമറയുടെയും മുന്നിലായിരുന്നില്ല സംസാരിച്ചത്. പക്ഷേ, പിന്നീട് ചിലര്‍ വിവാദമാക്കുകയായിരുന്നു. മമ്മൂട്ടി റഫീഖിനെ അപമാനിച്ചു, ക്ഷുഭിതനായി എന്നൊക്കെ ആദ്യം വാർത്തകൾ വന്നു. പിന്നീട് സോഷ്യൽമീഡിയയിൽ മമ്മൂട്ടിക്കെതിരായി സൈബർ ആക്രമണവുമുണ്ടായി. ഇത് തീർത്തും നിർഭാ​ഗ്യകരമായിപ്പോയി. അത്തരമൊരു പ്രചാരണത്തിന്റെ ഭാ​ഗമായി മലയാളത്തിന്റെ മഹാനടനായ മമ്മൂട്ടിക്ക് മനസിന് വിഷമമുണ്ടായെങ്കിൽ, സിപിഐ എമ്മിന്റെ ഏതെങ്കിലും ആളുകൾക്ക് അതിൽ ബന്ധമുണ്ടെന്ന് കരുതുന്നുണ്ടെങ്കിൽ അദ്ദേഹത്തോട് ക്ഷമചോദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home