print edition ജനക്ഷേമത്തിനായുള്ള പോരാട്ടം തുടരും; ജനവിശ്വാസം വീണ്ടെടുത്ത് തിരിച്ചുവരും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നുവെന്നും മുഴുവൻ ജനങ്ങളുടെയും വിശ്വാസം വീണ്ടെടുത്ത് കൂടുതൽ ശക്തമായി തിരിച്ചുവരുമെന്നും സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം പിണറായി വിജയൻ. വിജയിച്ച യുഡിഎഫിനെ അഭിനന്ദിക്കുന്നു. തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമാണ്.
എതിർ പ്രചാരണങ്ങൾക്കും ആക്രമണങ്ങൾക്കുമിടയിലും എൽഡിഎഫിന് ജനങ്ങൾ നൽകിയ പിന്തുണയ്‌ക്ക് നന്ദി –അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു.
എൽഡിഎഫിന് ഇതൊരു അവസാനമല്ല, തുടർച്ചയായ രാഷ്‌ട്രീയ പ്രവർത്തനത്തിനുള്ള പുതിയ തുടക്കമാണ്. ജനവിശ്വാസം മെച്ചപ്പെട്ട നിലയിൽ വീണ്ടെടുക്കാനും കൂടുതൽ ശക്തമായി മുന്നോട്ടുപോകാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
പത്തുവർഷം നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും ജനക്ഷേമ പദ്ധതികളും സമൂഹത്തിൽ വലിയ മാറ്റമുണ്ടാക്കിയെന്നത് നിസ്സംശയമാണ്. അവ നിലയ്‌ക്കാതിരിക്കാനും മുന്നോട്ടുകൊണ്ടുപോകാനും ശക്തമായ ജനജാഗ്രത തുടർന്നും ഉണ്ടാകേണ്ടതുണ്ട്.
വിജ്ഞാന സമ്പദ്‌വ്യവസ്ഥ, യുവജന തൊഴിൽ, സാമൂഹ്യനീതി, പൊതുആരോഗ്യവും വിദ്യാഭ്യാസവും തുടങ്ങി എൽഡിഎഫ് മുന്നോട്ടുവച്ച നവകേരള കാഴ്‌ചപ്പാടുകളെല്ലാം മുന്നോട്ടുപോകുമെന്ന് ശക്തമായ പ്രതിപക്ഷ നിലപാടിലൂടെ ഉറപ്പാക്കും.
അതിദാരിദ്ര്യ നിർമാർജനവും സ്‌ത്രീശാക്തീകരണവും സാമൂഹ്യസുരക്ഷയും ഉൾപ്പെടെയുള്ളവ നടപ്പിലാക്കുന്നതിനായി പുതിയ സർക്കാരിൽ ജനാധിപത്യ സമ്മർദം ചെലുത്തും. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്ന ഏത് നല്ല നടപടിയെയും പിന്തുണയ്‌ക്കും. ജനവിരുദ്ധ തീരുമാനങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കും. ഉത്തരവാദിത്തമുള്ള പ്രതിപക്ഷമാകും.
മതനിരപേക്ഷതയും ബഹുസ്വരതയും സംരക്ഷിക്കൽ അടിസ്ഥാന നിലപാടാണ്. തെരഞ്ഞെടുപ്പിലെ ചില സൂചനകൾ മതനിരപേക്ഷത സംരക്ഷിക്കണം എന്നാഗ്രഹിക്കുന്നവരെ ആശങ്കപ്പെടുത്തുന്നതാണ്. ബിജെപി മൂന്ന് സീറ്റ് നേടിയത് ഗൗരവതരമാണ്. ഒരു വർഗീയതയോടും സന്ധിചെയ്യാതെ വിഭജന രാഷ്‌ട്രീയത്തിനെതിരെ പോരാട്ടം തുടരും.
തെരഞ്ഞെടുപ്പിനിടെ വ്യാപകമായ വ്യാജപ്രചാരണങ്ങളിൽ ചില മാധ്യമങ്ങൾ വഹിച്ച പങ്ക് ജനാധിപത്യത്തിന് ഗുണകരമാണോയെന്ന് ഗൗരവമായി പരിശോധിക്കപ്പെടണം. എങ്കിലും, ഈ അനുഭവങ്ങളിൽനിന്ന് പാഠമുൾക്കൊണ്ട് മുന്നോട്ടുപോകുകയാണ് പ്രധാനം. ഫലം എൽഡിഎഫ് സമഗ്രമായി പരിശോധിക്കും. എല്ലാവരുടെയും അഭിപ്രായങ്ങൾ കേൾക്കും. എൽഡിഎഫിനുവേണ്ടി പ്രവർത്തിച്ച പതിനായിരക്കണക്കിന് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.
യുഡിഎഫ്, ബിജെപി, ചില മാധ്യമ നിലപാടുകൾ എന്നിവ ചേർന്നുണ്ടാക്കിയ രാഷ്‌ട്രീയ സാഹചര്യത്തിലാണ് ഈ ഫലമുണ്ടായത്. അരാജക, അരാഷ്‌ട്രീയ സ്വഭാവമുള്ള ചില കേന്ദ്രങ്ങളുടെ തെറ്റായ പ്രചാരണത്തിലും ചിലരെങ്കിലും കുടുങ്ങിപ്പോയിട്ടുണ്ട്. അവരെ വസ്‌തുത ബോധ്യപ്പെടുത്തും. വ്യാജപ്രചാരണങ്ങൾ ഞങ്ങളെ പിന്നോട്ടടിപ്പിക്കില്ല. വീഴ്‌ചകൾ ജനാധിപത്യപരമായി തന്നെ പരിശോധിക്കും. ആവശ്യമായ തിരുത്തൽ വരുത്തും. കേരളത്തിന്റെ ഭാവിക്കും ജനങ്ങളുടെ ക്ഷേമത്തിനുമായുള്ള പോരാട്ടം തുടരും –പിണറായി വ്യക്തമാക്കി.










0 comments