പുന്നപ്ര-വയലാർ വാർഷിക വാരാചരണ സമാപനം
print edition ദേശീയപാത ജനുവരിയിൽ ഭാഗികമായി തുറക്കും : മുഖ്യമന്ത്രി

പുന്നപ്ര–വയലാർ രക്തസാക്ഷി വാർഷിക വാരാചരണ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
വയലാർ
ദേശീയപാതയുടെ നല്ലൊരുഭാഗം ഡിസംബറിൽ പൂർത്തിയാകുമെന്നും ഇത് ജനുവരിയിൽ തുറന്നു നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുന്നപ്ര-– വയലാർ വാർഷിക വാരാചരണത്തിന് സമാപനം കുറിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദില്ലിയിൽ നടന്ന കൂടിക്കാഴ്ചയിൽ ജനുവരിയിൽ തുറക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചിട്ടുണ്ട്. മുഴുവൻ ജോലിയും മാർച്ചിൽ പൂർത്തിയാക്കണമെന്ന നിർദേശവും നൽകി. ദേശീയപാത വികസനം യുഡിഎഫ് സർക്കാർ ഉപേക്ഷിച്ച നിലയിലായിരുന്നു. ഇതിന്റെ സ്ഥലം ഏറ്റെടുപ്പിന് യുഡിഎഫിന്റെ അലംഭാവത്തിന്റെ ഫലമായി സംസ്ഥാനത്തിന് 5600 കോടി കൊടുക്കേണ്ടി വന്നു. യുഡിഎഫ് ഉപേക്ഷിച്ചിരുന്ന ഇടമൺ– കൊച്ചി പവർ ഹൈവേയും യാഥാർഥ്യമാക്കി.
നവംബർ ഒന്നിന് അതിദാരിദ്ര്യമില്ലാത്ത സംസ്ഥാനമായി കേരളം മാറുകയാണ്. കേന്ദ്ര സർക്കാർ ചില്ലിക്കാശ് ഇതുവരെ നൽകിയിട്ടില്ലെങ്കിലും മുണ്ടക്കൈ ദുരന്തബാധിതർക്കുള്ള മാതൃകാ ടൗൺഷിപ് ജനുവരിയിൽ യാഥാർഥ്യമാകും. 2016 ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ സംസ്ഥാനം പല രംഗങ്ങളിലും വളരെ പിന്നാക്കാവസ്ഥയിലായിരുന്നു. പൊതുവിദ്യാലയങ്ങളെയും ആരോഗ്യമേഖലയെയും ശക്തിപ്പെടുത്തുന്നതിലടക്കം സർക്കാരിന്റെ ദിശാബോധത്തോടെ ഇടപെടൽ നാടിനെ മുന്നോട്ടുനയിച്ചു.
രാജ്യത്തെ ആദ്യ പന്ത്രണ്ട് സർവകലാശാലകളിൽ കേരളത്തിലെ മൂന്ന് സർവകലാശാലകളുണ്ട്. രാജ്യത്തെ ആദ്യ സയൻസ് പാർക്കും ഡിജിറ്റൽ യൂണിവേഴ്സിറ്റിയും നമ്മുടേതാണ്. വ്യാവസായിക രംഗത്തും പുരോഗതിയുണ്ടായി. കേന്ദ്ര സർക്കാർ കേരളത്തിന് പിന്തുണ നൽകുന്നില്ലെന്ന് മാത്രമല്ല, സാമ്പത്തികമായി ഞെരുക്കാനും ശ്രമിക്കുന്നു. വികസനത്തിൽ നിർണായക പങ്കു വഹിച്ച കിഫ്ബിയെ തകർക്കാനും ശ്രമിക്കുന്നു.
കേരളത്തിന്റെ മാറ്റത്തിൽ വലിയ തോതിൽ പങ്കുവഹിച്ച ഏടാണ് പുന്നപ്ര–-വയലാർ. അതിൽ ധീരമായ നേതൃത്വം നൽകിയ വി എസ് നമ്മെ വിട്ടുപിരിഞ്ഞു. ഐക്യകേരളത്തിനുള്ള മുദ്രാവാക്യം ഉയർത്തിയത് കമ്യൂണിസ്റ്റ് പാർടിയാണ്. ഇന്നത്തെ കേരളത്തിൽ ജീവിക്കുന്ന നമ്മൾ പഴയകാല പോരാട്ടങ്ങൾ ഓർമിക്കേണ്ടതുണ്ടെന്നും പിണറായി പറഞ്ഞു.










0 comments