ad
Deshabhimani

print edition തൊഴിലുറപ്പ് ഭേദഗതി ബില്ലിൽ ആശങ്കയറിയിച്ച്‌ മുഖ്യമന്ത്രി ; പ്രധാനമന്ത്രിക്ക്‌ കത്തയച്ചു

Pinarayi Vijayan Media Briefing
വെബ് ഡെസ്ക്

Published on Dec 20, 2025, 01:47 AM | 1 min read


തിരുവനന്തപുരം

പാർലമെന്റ് പാസാക്കിയ തൊഴിലുറപ്പ് ഭേദഗതി ബില്ലിലെ (വിബിജിആർഎഎംജി) ആശങ്ക ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. പല വ്യവസ്ഥകളും അതീവ ആശങ്കയുണ്ടാക്കുന്നവയാണെന്നും അവ സംസ്ഥാനങ്ങളുടെ പരിമിതമായ സാമ്പത്തിക സാഹചര്യങ്ങളെ ദോഷകരമായി ബാധിക്കുമെന്നും വിശദീകരിച്ചുകൊണ്ടുള്ളതാണ് മുഖ്യമന്ത്രിയുടെ കത്ത്. നിലവിലുള്ള മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം, കൂലി ഇനത്തിലെ മുഴുവൻ തുകയും കേന്ദ്രസർക്കാരാണ് വഹിക്കുന്നത്. പുതിയ ബില്ലിൽ കൂലി ഇനത്തിലുള്ള കേന്ദ്ര വിഹിതം 60 ശതമാനമായി കുറയ്ക്കുന്നുണ്ട്. ഇ‍ൗ മാറ്റം വിനാശകരമാണ്. പ്രാഥമിക കണക്കുപ്രകാരം, കേരളത്തിന് മാത്രം പ്രതിവർഷം 3,500 കോടിയുടെ സാമ്പത്തിക നഷ്ടമുണ്ടാകും.


രാജ്യത്തെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥ കടുത്ത പ്രതിസന്ധി നേരിട്ട ഘട്ടത്തിലാണ് തൊഴിലുറപ്പ് പദ്ധതി ആവിഷ്കരിച്ചത്. തൊഴിലില്ലായ്മയും അസമത്വവും വർധിച്ചുവരുന്ന സാഹചര്യത്തിൽ ആവശ്യാനുസരണം തൊഴിൽ നൽകുന്ന പദ്ധതി രാഷ്ട്രത്തിന്റെ ക്ഷേമത്തിന് അവിഭാജ്യഘടകമാണ്. ഓരോ കണ്ണീർതുള്ളിയും തുടച്ചുമാറ്റാൻ ജീവിതകാലം മുഴുവൻ പ്രയത്നിച്ച മഹാത്മാഗാന്ധിയുടെ പേര് ഇത്തരമൊരു പദ്ധതിയുമായി തുടർന്നും ബന്ധിപ്പിക്കണമെന്നാണ് കേരള സർക്കാരിന്റെ ശക്തമായ അഭിപ്രായമെന്നും മുഖ്യമന്ത്രി കത്തിൽ സൂചിപ്പിച്ചു. പുതിയ ബിൽ ഗാന്ധിയൻ വികേന്ദ്രീകരണ തത്വങ്ങൾക്ക് വിരുദ്ധമായി ഉദ്യോഗസ്ഥാധിപത്യത്തിന് വഴിതുറക്കുന്നുമെന്നും ഇത് ഭരണഘടനയുടെ 73, 74 ഭേദഗതികൾ വിഭാവനം ചെയ്യുന്ന വികേന്ദ്രീകരണ ആശയങ്ങൾക്ക് വിരുദ്ധമാണെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. അതിനാൽ നിർദ്ദിഷ്ട ബിൽ നടപ്പിലാക്കുന്നതിൽനിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home